കോഴിക്കോട്: മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തി ദുഷ്ട ശക്തികളെ നിയമത്തിന് മുമ്പിലെത്തിച്ച് ദുരൂഹത അകറ്റണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോടതിയും പി.എസ്.സി ജില്ലാ ഒഫീസും സ്ഥിതി ചെയ്യുന്ന പ്രധാന മേഖലയിലെ സ്‌ഫോടനം നിസ്സാരമായെടുക്കരുത്. മത സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും മാതൃകയായ മലപ്പുറത്തെ ഭയപ്പെടുത്താന്‍ ഇത്തരം നീക്കങ്ങള്‍കൊണ്ട് കഴിയില്ല.07

പെട്ടിയും ലഘുലേഖയും കത്തും ചിത്രവും ഒരുക്കി സ്‌ഫോടനം നടത്തിയവര്‍ സൃഷ്ടിക്കുന്ന പുകമറ ഒരു ജനതയെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റിനിര്‍ത്താന്‍കൂടി ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ല. ബാബരി മസ്ജിദ് ധ്വംസന സമയത്തു പോലും സമചിത്തതയോടെ നിലകൊണ്ടവര്‍ ദേശീയ തലത്തിലെ ചില അപ്രിയ സംഭവ വികാസങ്ങളുടെ പേരില്‍ അരുതാത്ത വഴി തേടില്ല. ഇരുതല മൂര്‍ച്ചയുള്ള അത്തരം ദുസ്സൂചനകളെ മുളയിലേ നുള്ളണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.