ഇന്നലെ പരപ്പനങ്ങാടിയിൽ ആയിരുന്നു. Soft ചാരിറ്റബിൾ ട്രസ്റ്റിന്റെ വീൽചെയർ ഫ്രണ്ട്ലി മസ്ജിദ്ന്റെ ഉദ്‌ഘാടന ചടങ്ങിന് സാക്ഷിയാവാൻ.

നൂറ്റാണ്ടു മുമ്പ് ക്ഷേത്രപ്രവേശന സമരം നടന്ന, ആരാധനാലയങ്ങളിൽ ആരെയൊക്കെ പ്രവേശിപ്പിക്കണം എന്ന് ഇപ്പോഴും ഘോരഘോരം ചർച്ച ചെയ്യപ്പെടുന്ന നമ്മുടെ നാട്ടിൽ ആ കൂട്ടത്തിൽ നാം സൗകര്യ പൂർവ്വം മറന്നുകളഞ്ഞ കുറെ മനുഷ്യന്മാരെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുന്ന നഈംക്കയും കൂട്ടരും തുടങ്ങിവെച്ച പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ.

ജീവിതം വീൽചെയറിൽ ഒതുങ്ങിപ്പോയതിനാൽ ആരാധനാലയങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരുപാട് മനുഷ്യരുടെ ഏറെക്കാലമായുള്ള കണ്ണീര് വീണ പ്രാർത്ഥനയും സ്വപ്നവും യാഥാർഥ്യമായ വേള.

പരപ്പനങ്ങാടി പുത്തരിക്കലിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്യപ്പെട്ട വീൽചെയർ ഫ്രണ്ട്ലി മസ്ജിദ് വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ചു കൊട്ടാരം പോലുള്ള പള്ളികൾ പണിയുമ്പോഴും തുടക്കത്തിലെങ്കിൽ വലിയ ചെലവില്ലാതെ തന്നെ വീൽചെയർ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്നിരിക്കെ അതേക്കുറിച്ച്‌ ശ്രദ്ധിക്കാതെ പോയവരാണ് കാലങ്ങളായി നാം. (ഗൾഫിലെ പള്ളിക്ക് ഒപ്പിച്ചു പള്ളി പണിയുന്നവരും ഗൾഫിൽ എല്ലാ പള്ളികളിലും നിർബന്ധമായ റാമ്പ് സൗകര്യം കാണാതെ പോയി എന്നതാണ് ആശ്ചര്യം).

അവർക്ക് വീട്ടിൽ തന്നെ നിസ്കരിച്ചാൽ പോരെ എന്നായിരുന്നു നമ്മുടെ ന്യായവും ഒഴിവുകഴിവും. ചലനശേഷി നഷ്ടപ്പെടുന്നതോടെ ഒരാൾ ‘മുടക്കാചരക്കായി’ മാറി എന്നതാണല്ലോ നമ്മുടെ കാഴ്ചപ്പാട്.

അങ്ങനെ വീൽചെയറിൽ കഴിയുന്ന ഒരുപാടാളുകൾ ഉണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവർ ഉണ്ട്. രോഗമോ അപകടമോ വാർദ്ധക്യമോ കാരണം വീട്ടിൽ ഒതുങ്ങിപ്പോയ എമ്പാടും പേർ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ട് എന്നത് നാം പോലും അറിയുന്നില്ല(അന്വേഷിക്കുന്നില്ല) എന്നതുകൊണ്ടാണ് ഈ നിഷ്കളങ്കമായ ചോദ്യം.

ആരാധനാലയങ്ങൾ വീൽചെയർ ഫ്രൻഡ്ലി ആകേണ്ടതിന്റെ ആവശ്യകത ഇപ്പോൾ സമൂഹം ചെറിയ തോതിൽ എങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആഹ്ലാദകരമാണ്. ക്ഷേത്രങ്ങളും ചർച്ചകളും ഒക്കെ വീൽചെയർ ഫ്രണ്ട്ലി ആവണം.

നിരത്തോരങ്ങളിലെ പള്ളികൾ വീൽചെയർ ഫ്രണ്ട്ലി ആവുകയാണെങ്കിൽ അതാവും ഏറ്റവും വലിയ സൗകര്യം. സ്‌കൂൾ ശാസ്ത്രമേളകളിൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങളുമായി എത്തുന്നവർ മുതൽ IIT കളിൽ പഠിക്കുന്ന വരെയുള്ള പ്രതിഭകളെ, ഈ കാര്യത്തിൽ കൂടുതൽ സൗകര്യപ്രദമായ കാര്യങ്ങൾ ഒരുക്കുവാൻ നിങ്ങൾക്ക് സാധിക്കും. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്ക് കൂടുതൽ നനയാതെ സ്വയം എളുപ്പത്തിൽ വുളു ചെയ്യാൻ സൗകര്യപ്പെടുന്ന പൈപ്പ് അടക്കം ഉള്ള കണ്ടെത്തലുകൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്. ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

ഇതൊരു തുടക്കമാണ് കാലങ്ങളായി നാം അവഗണിച്ചു കളഞ്ഞ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ തുടക്കം മാത്രം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പിന്തുണയും പ്രാർത്ഥനയും.najib mudadi