മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാറയലിന്റെ ഫീഡര്‍ ടീമായ സിഡി റോഡയ്ക്കു വേണ്ടി ബൂട്ടു കെട്ടിയ മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. ബുധനാഴ്ച്ചയാണ് ആഷിഖ് സ്‌പെയിനിലെ അരങ്ങേറ്റ മത്സരത്തില്‍ വിയ്യാ റയല്‍ സി ടീമിനെതിരെ വിയ്യാ റയലിന്റെ ഫീഡര്‍ ടീമായ സിഡി റോഡയ്ക്ക് വേണ്ടി ഗോളടിച്ചത്. 72-ാം മിനിറ്റിലായിരന്നു ആഷിഖിന്റെ ഗോള്‍. മത്സരത്തില്‍ ആഷിഖിന്റെ ടീം 2-3ന് അടിയറവ് പറഞ്ഞെങ്കിലും വലിയ പ്രാധാന്യത്തോടെയാണ് ആഷിഖിന്റെ പ്രകടനത്തെ വിയ്യാറയല്‍ വാഴ്ത്തിയത്. അരങ്ങേറ്റ ഗോളോടെ കുരു ആരംഭിച്ചുവെന്നാണ് ടീം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തു വിട്ട വാര്‍ത്ത.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കളിക്കാരന്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആഷിഖിന്റെ ടീമായ വിയ്യാറയല്‍ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെയിനിലെ പാമേസാ ട്രെയിനിങ് ഗ്രൗണ്ടിലായിരുന്നു മത്സരം. സ്പാനിഷ് സി ഡിവിഷന്‍ ലീഗാണ് ഇത്. മൂന്നര മാസത്തെ ട്രയല്‍ കം ട്രയ്‌നിങ്ങിനാണ് ആഷിഖിനെ പുനെ ടീം സ്‌പെയിനിലേക്ക് അയച്ചത്. വിയ്യാറയലിന്റെ പരിശീലകര്‍ ആഷിഖിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ടീമില്‍ ഇടം നേടിയത്.

വിയ്യാ റയലിന്റെ രണ്ടാം ഡിവിഷന്‍ സംഘത്തിലാണ് ആഷിഖ് ഉള്‍പെടുന്നത്. ഭാഗ്യം തുണച്ചാല്‍ തുടര്‍ന്നും ആഷിഖിന് സ്പാനിഷ് മണ്ണില്‍ ലാ ലീഗ താരങ്ങളോടൊത്ത് തുടരാം. അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയാണ് ആഷിഖ്. രണ്ട് സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ പുനെ എഫ്.സിയുടെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് പുനെ എഫ്.സിയുടെ അക്കാദമിയിലത്തെിയത്. ഇവിടെ നിന്നാണ് എഫ്.സി പുനെ സിറ്റിയിലെത്തിയത്.