സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷയില്ല. സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസില്‍ കോടതിയില്‍ ഹാജരായ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കോടതിയെ വിമര്‍ശിച്ചതിനാണ് നടപടി. ഇതേ തുടര്‍ന്ന് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും കട്ജുവും തമ്മില്‍ കോടതി മുറിയില്‍ വാഗ്വാദമുണ്ടായി.

കേരളത്തിന് വേണ്ടി അറ്റോണി ജനറല്‍ മുഗുള്‍ റോഹത്ഗിയാണ് ഹാജരായത്. കട്ജുവിന്റെ വാദം കേട്ടതിനു ശേഷമാണ് കോടതി റിവ്യൂഹര്‍ജി തള്ളിയത്. നടപടിയെ കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ വിശദീകരിക്കണമെന്ന് കോടതി കട്ജുവിനോട് ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ നടപടിയെ താന്‍ ഭയപ്പെടുന്നില്ലെന്നായിരുന്നു കട്ജുവിന്റെ മറുപടി. സൗമ്യ കേസിലെ വിധിയെ കട്ജു വിമര്‍ശിക്കുകയും ഇതിന് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് നേരിട്ട് മറുപടി പറയുകയും ചെയ്തതോടെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. കട്ജുവിനെ ആരെങ്കിലും കോടതിയില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകണമെന്നുവരെ ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഒരുഘട്ടത്തില്‍ ആവശ്യപ്പെട്ടു.

സൗമ്യവധക്കേസിലെ വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ചാണ് അദ്ദേഹത്തോട് ഇന്നലെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളത്തോള്‍ നഗറില്‍വച്ച് സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ട ശേഷം ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആസ്പത്രിയില്‍ മരിച്ചു. കേസില്‍ 2011 നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഹൈക്കോടതി വധശിക്ഷ ശരിവെച്ചെങ്കിലും സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ടതാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.