Video Stories
വില്‍പ്പനക്കു വെക്കുന്ന പൊതുമേഖല
സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറച്ചും ഓഹരികള്‍ വിറ്റഴിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നതിനുള്ള ശക്തമായ ചരടുവലികളാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നടന്നുവരുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. നഷ്ടത്തിലുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നതില്‍ കവിഞ്ഞ് കച്ചവടക്കണ്ണോടെയുള്ള കരുനീക്കങ്ങളായി ഇവ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന രീതിയിലേക്കാണ് സര്‍ക്കാര്‍ കാര്യങ്ങളെ നയിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡി(ബെമല്‍)ന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 50,000 കോടിയിലധികം ആസ്തിമൂല്യമുള്ള സ്ഥാപനത്തിന് 518 കോടി മാത്രം വില നിശ്ചയിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനക്ക് കളമൊരുക്കുന്നത്.
ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗിന് രൂപം നല്‍കിയതിനു പിന്നിലെ പ്രധാന അജണ്ട തന്നെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനം മാറ്റിയെടുക്കുക എന്നതായിരുന്നു. അരവിന്ദ് പനഗരിയ അധ്യക്ഷനായ നീതി ആയോഗ് ചുമതലയേറ്റ് ആദ്യം ചെയ്ത നടപടി തന്നെ ഓഹരികള്‍ വിറ്റഴിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുക എന്നതായിരുന്നു. രണ്ട് രീതിയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒന്ന് അടിയന്തരമായി അടച്ചുപൂട്ടേണ്ട നഷ്ടത്തിലുള്ള കമ്പനികള്‍. മറ്റൊന്ന് സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറച്ചോ ഓഹരികള്‍ വിറ്റഴിച്ചോ സ്വകാര്യവല്‍ക്കരിക്കേണ്ട സ്ഥാപനങ്ങള്‍. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആദ്യം പറഞ്ഞ പട്ടികയിലാണ് വരുന്നത്. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ഉള്‍പ്പെടെ 22ഓളം കമ്പനികള്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ലക്ഷ്യം നിവര്‍ത്തിക്കുന്നതിനുള്ള ഏജന്‍സി എന്ന നിലയിലാണ് നീതി ആയോഗ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം കരുതാന്‍. ഇക്കഴിഞ്ഞ ജൂണില്‍ നീതി ആയോഗ് കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറക്കുക വഴി 36,000 കോടി രൂപയും സ്വകാര്യവല്‍ക്കരണം വഴി 20,500 കോടി രൂപയും(ആകെ 56,500 കോടി) ധനസമാഹരണത്തിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളോ അതിന്റെ ഓഹരികളോ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ടു വരുന്ന സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ താല്‍പര്യം സത്യത്തില്‍ പ്രസ്തുത കമ്പനികളുടെ രക്ഷയോ ജീവനക്കാരുടെ ക്ഷേമമോ അല്ല. മറിച്ച് പൊതുമേഖലാ കമ്പനികളുടെ കൈവശമുള്ള വിശാലമായ ഭൂമിക്കുമേലുള്ള റിയല്‍ എസ്റ്റേറ്റ് താല്‍പര്യം മാത്രമാണ്. ഐ.ടി.ഡി.സിയുടെ കൈവശമുള്ള 16 ഹോട്ടലുകളും സര്‍ക്കാര്‍ ഭൂമികളും ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കണമെന്ന നിര്‍ദ്ദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഭാരത് പമ്പ് ആന്റ് കംപ്രസേഴ്‌സ്, ടയര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍, ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഓഹരി വില്‍പ്പനക്കായി തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളാണ്.
ഓഹരി വില്‍പ്പനക്ക് ഒരുങ്ങുന്ന ബെമലിന്റെ ആകെ ആസ്തി 518.44 കോടി രൂപയായി തിട്ടപ്പെടുത്തിയതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംരെ ആണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. വന്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ സ്വന്തമായും പാട്ടത്തിനെടുത്തതുമായി 4191 ഏക്കര്‍ ഭൂമി കൈവശമുള്ള സ്ഥാപനമാണിത്. 54 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പോലും ലാഭ വിഹിതമായി കേന്ദ്ര സര്‍ക്കാറിന് 18 കോടി രൂപ കൈമാറുകയും ചെയ്ത സ്ഥാപനം. ബംഗളൂരുവിലെ തിപ്പസാന്ദ്രയില്‍ മാത്രം 17,835 കോടി രൂപ വിലമതിക്കുന്ന 205 ഏക്കര്‍ ഭൂമി കമ്പനിക്ക് സ്വന്തമായുണ്ട്. ബംഗളൂരുവില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആസ്ഥാനമന്ദിരം ഉള്‍പ്പെടുന്ന മൂന്നേക്കര്‍ വേറെയും. 392 കോടി രൂപ ഇതിനു മാത്രം മൂല്യം കണക്കാക്കുന്നുണ്ട്. കോലാര്‍ സ്വര്‍ണഖനി മേഖലയില്‍ 1863 ഏക്കര്‍, മൈസുരു ബാലവാടിയില്‍ 560 ഏക്കര്‍, ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പുനെ, കൊച്ചി, റാഞ്ചി തുടങ്ങിയ നഗരങ്ങളില്‍ 10 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ ഭൂമി തുടങ്ങി ബെമലിന് സ്വന്തമായി മാത്രം 2696.63 ഏക്കര്‍ ഭൂമിയുണ്ട്. 30,000 കോടിയിലധികം വില വരുന്ന ഇതിന് സര്‍ക്കാര്‍ കണക്കാക്കിയ മൂല്യം കേവലം 12.86 കോടി രൂപ മാത്രമാണ്. പാലക്കാട് 375 ഏക്കര്‍ ഉള്‍പ്പെടെ ദീര്‍ഘകാലത്തേക്ക് സ്വന്തമാക്കിയ പാട്ടഭൂമികള്‍ വേറെയും. ബെമലിന്റെ 26 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓഹരി വില്‍പ്പന നീക്കത്തിനെതിരെ ജീവനക്കാര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രതിഷേധത്തിന്റെ പാതയിലാണെങ്കിലും ഇത് വകവെക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ബെമലിലെ സാമ്പത്തിക പങ്കാളിത്തം നേരത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. പുതിയ ഓഹരി വില്‍പ്പന കൂടിയാകുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥതാവകാശം സ്വകാര്യ കുത്തകകളുടെ കൈകളിലേക്കെത്തും. ഇത്രയധികം ആസ്തിയുള്ള കമ്പനിയെ ചുളുവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചുരുക്കം. അരും കൊള്ളക്കാണ് ഇതുവഴി ചരടുവലികള്‍ നടക്കുന്നത്.
സ്വകാര്യവല്‍ക്കരണത്തിന് മുന്നോടിയായി എയര്‍ ഇന്ത്യയില്‍ വി.ആര്‍.എസ് പ്രഖ്യാപിക്കുമെന്നും ജീവനക്കാരുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കുമെന്നും മന്ത്രാലയം ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. വി.ആര്‍.എസ് പ്രഖ്യാപിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തിക ബാധ്യത മുഴുവന്‍ നിറവേറ്റേണ്ടി വരുന്നത് കേന്ദ്ര സര്‍ക്കാറായിരിക്കും. അതായത് ചെലവ് ചുരുക്കി ലാഭത്തിലാക്കിയ ശേഷമായിരിക്കും എയര്‍ ഇന്ത്യയുടെ വില്‍പ്പനയെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയാതെ പറയുകയാണ്. ആരുടെ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ നടപടികള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന എന്നത് ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള സര്‍ക്കാറിന്റെ ഒഴിഞ്ഞുമാറല്‍ എന്ന നിലയിലാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. അതിനപ്പുറത്തേക്ക് കച്ചവടക്കണ്ണോടെ നടക്കുന്ന ചരടുവലികള്‍ പരിശോധിക്കണം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധന നടപടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ കോട്ടം ചെറുതല്ല. സാമ്പത്തിക വളര്‍ച്ചയുടെ തോത് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധനം സൃഷ്ടിച്ച വരുമാനക്കമ്മിയെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ചു കിട്ടുന്ന പണംകൊണ്ട് നികത്തിയെടുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണോ തിരക്കിട്ട നടപടികള്‍ക്കു പിന്നിലെന്നും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

