കോടതിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് പി.സി ജോര്‍ജ് ജയിലിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരും പി.സി.ജോര്‍ജും സി.പി.എമ്മും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് കഴിഞ്ഞ തവണ ജാമ്യം ലഭിച്ചത്. ജോര്‍ജിന് വീരപരിവേഷം നല്‍കി, പൂക്കള്‍ വിതറി സ്വീകരിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് അവസരം നല്‍കിയതും ഈ സര്‍ക്കാരാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അതുകൊണ്ടാണ് എറണാകുളത്തും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത്. ഇന്നലെയും അറസ്റ്റിലായ ജോര്‍ജിന് വേണ്ടി തിരുവനന്തപുരം പൊലീസ് ക്യാമ്പിന് മുന്നില്‍ പുഷ്പരവതാനി വരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാരും പൊലീസും അവസരം ഒരുക്കിക്കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നലെ മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രി ഇതുവരെ എവിടെയായിരുന്നുവെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങില്ലെന്ന ശക്തമായ നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കുകയും കേരളത്തിന്റെ പൊതു മനസാക്ഷി അത് സ്വീകരിച്ചുവെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായത്. അതുവരെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായും ആര്‍.എസ്.എസുമായും സി.പി.എമ്മും മുഖ്യമന്ത്രിയും വിലപേശുകയായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും മാറി മാറി പ്രീണിപ്പിച്ച് കേരളത്തിന്റെ പൊതുമണ്ഡലത്തെ ഇത്രയേറെ മലീമസമാക്കിയത് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്. തൃക്കാക്കരയില്‍ എല്ലാ വര്‍ഗീയവാദികളെയും കാണാന്‍ മന്ത്രിമാരെ നിയോഗിച്ചിരിക്കുകയാണ്. ജയിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പാണെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് ശ്രമം. 20 മന്ത്രിമാരാണ് ഒരു മാസമായി വര്‍ഗീയവാദികളുടെ പിന്നാലെ നടക്കുന്നത്. ഒരു വര്‍ഗീയവാദികളുടെയും തിണ്ണ യു.ഡി.എഫ് നിരങ്ങില്ലെന്നും മതേതര വാദികളുടെ വോട്ട് കൊണ്ട് ജയിക്കാന്‍ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത് കേരളത്തില്‍ ഒരു പുതിയ ചരിത്രത്തിനാകും തുടക്കം കുറിക്കുകയെന്നും പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ നിന്നും അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ റിമാന്‍ഡില്‍ വിട്ടിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചേനെ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സി.പി.എമ്മും പി.സി ജോര്‍ജും നടത്തിയ നാടമാണ് കേരളം കണ്ടത്. ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചെത്തുന്നയാളെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. പി.ഡി.പി വര്‍ഗീയ കക്ഷി അല്ലെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. 25 വര്‍ഷമായി ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. ഇത്തവണ പിന്തുണ നല്‍കാതെ വന്നതോടെ അവര്‍ വര്‍ഗീയവാദികളായി മാറിയെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

രണ്ട് കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പ്രകടനം നടത്താന്‍ അനുമതി കൊടുക്കാന്‍ മുകളില്‍ നിന്ന് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രകടനത്തിന് അനുമതി നല്‍കിയ എസ്.പിയുടെയും ജില്ലാ കളക്ടറുടെയും നടപടിയെ കുറിച്ചും അന്വേഷിക്കണം. പാലക്കാട് സമാധാന സത്യഗ്രഹം നടത്താന്‍ കെ.പി.സി.സി അനുമതി ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും അങ്ങനെയുള്ള സര്‍ക്കാരാണ് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനെ അനുവദിച്ചതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.