ജനസേവന രംഗത്ത് മാതൃകയായ വ്യക്തിത്വമായിരുന്നു അന്തരിച്ച പി.എ ഇബ്രാഹിം ഹാജിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ ഇബ്രാഹിം ഹാജിയുടെ ഇടപെടലുകലും സംഭാവനകളും എന്നും സ്മരിക്കപ്പെടും. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അദ്ദേഹം സ്ഥാപിച്ച സ്‌കൂളുകളില്‍നിന്ന് അറിവ് നേടിയത്. മുസ്ലിംലീഗ് പ്രസ്ഥാനവുമായും പാണക്കാട് കുടുംബവുമായും അദ്ദേഹം അഭേദ്യ ബന്ധം പുലര്‍ത്തി. നാട്ടിലും പ്രവാസികള്‍ക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഒട്ടനേകം കാര്യങ്ങളാണ് ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചത്. തങ്ങള്‍ പറഞ്ഞു.

വ്യാവസായിക രംഗത്ത് അത്യുന്നതങ്ങളില്‍ എത്തിയപ്പോഴും സമുദായത്തെയും സമൂഹത്തെയും സേവിക്കാനും പാവങ്ങളെ സഹായിക്കാനും അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചു. മത, ജാതി ഭേദമെന്യേ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. മുസ്ലിംലീഗിനും കെ.എം.സി.സിക്കും അദ്ദേഹം നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ചക്ക് പി.എ ഇബ്രാഹിം ഹാജി നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു. ചന്ദ്രിക ഡയരക്ടര്‍ എന്ന നിലയില്‍ പത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും വലിയ സഹായമായിരുന്നു. മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി പി.എ ഇബ്രാഹിം ഹാജി എക്കാലത്തും അനുസ്മരിക്കപ്പെടും. നാഥന്‍ അദ്ദേഹത്തിന്റെ പരലോകജീവിതം വിജയപ്രദമാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. തങ്ങള്‍ പറഞ്ഞു.