ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടി ശക്തമാക്കുന്നതിന് വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.

ഒമിക്രോണ്‍ ഭീഷണിക്ക് ഒപ്പം തന്നെ ഡെല്‍റ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. അപകടസാധ്യത കണക്കിലെടുത്തുവേണം പ്രവര്‍ത്തനം താഴേത്തട്ടില്‍ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.

രാജ്യത്ത് 200 കടന്ന് ഒമിക്രോണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 200 കടന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്, 54 വീതം. തെലങ്കാനയും (20), കര്‍ണാടകയുമാണ് (19) തൊട്ടടുത്ത സ്ഥാനങ്ങളില്‍.അതേസമയം 6,317 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങള്‍ പഠന റിപ്പോര്‍ട്ട് വന്നതിന് ശേഷം വ്യക്തമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ അറിയിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുക. മരുന്നുകളുടെ ശേഖരം വിപുലമാക്കുക തുടങ്ങി കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ അടിസ്ഥാനമാക്കി ഏത് പ്രതിസന്ധിയേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.