ടോക്കിയോ: പതിറ്റാണ്ടുകള്‍്ക്കിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ജപ്പാന്‍. ഹഗീബീസ് ചുഴലിക്കാറ്റ് ജപ്പാന്റെ തീരത്തെത്തിയതോടെ ഇതുവരെ 18 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനു പിന്നാലെ നദികള്‍ നിറഞ്ഞൊഴികയതോടെ പ്രളയ ഭീതിയില്‍ കൂടിയാണ് ജപ്പാന്‍.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ടോക്കിയോയുടെ തെക്കുപടിഞ്ഞാറ് ഇസു പെനിന്‍സുലയില്‍ ദ്വീപിലാണ് കാറ്റ്‌ വീശിത്തുടങ്ങിയത്. ഇതിനകം തന്നെ അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച നിരവധി ബോട്ടുകളും ഹെലികോപ്റ്ററുകളും വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.

പ്രളയ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കലും മണ്ണിടിച്ചിലില്‍ മൂടിയ വീടുകളില്‍ നിന്നും ആളുകളെ പുറത്തെത്തിക്കലുമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

തലസ്ഥാന നഗരിയായ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രളയ മേഖലകളില്‍ നിന്നും ആളുകള്‍ പാലായനം ചെയ്തു തുടങ്ങിയതോടെ ലക്ഷകണക്കിന് വീടുകള്‍ വൈദ്യുതിയില്ലാതെ ഉപേക്ഷിപ്പെട്ടതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

60 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ മഴയും കാറ്റുമായിരിക്കും വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റ് വീശിതുടങ്ങിയതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.

കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചു തുടങ്ങി. ഒരു ദശലക്ഷം പേരെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടതിനാല്‍ ജനവാസ കേന്ദ്രങ്ങളിലെ ഭക്ഷ്യശാലകളും വ്യാപാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍, വ്യോമ ഗതാഗത സര്‍വീസുകളും നിശ്ചലമാകും.
ഇന്നലെ തന്നെ ജപ്പാന്റെ തീരത്ത് കാറ്റ് വീശിതുടങ്ങി. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. പതിനായിരകണക്കിന് വീടുകളില്‍ വൈദ്യുതി നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇച്ചിഹാര നഗരത്തിലാണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. കാറ്റ് ശക്തമായാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനാണ് സാധ്യത. നിലവില്‍ 1660 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കിഴക്കന്‍-മധ്യ ജപ്പാനില്‍ അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ടോക്കിയോ 1958ലെ കനോഗവ ചുഴലിക്കാറ്റിനെ അപേക്ഷിച്ചു ശക്തിയേറിയതായാണ് ഹഗിബിസ്. അന്നു വീശിയടിച്ച കാ്റ്റില്‍ 1200 പേര്‍ മരണപ്പെട്ടിരുന്നു. ചുഴലിക്കാറ്റ് ഭീതിക്കിടെ ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചിബ-ടോക്കിയോ മേഖലയിലാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം ഇന്നലെ രാവിലെ 6.22നാണ് ഭൂകമ്പമുണ്ടായത്. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.