india

മുംബൈ ബോട്ടപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

By webdesk18

December 19, 2024

മുംബൈയില്‍ 13 പേര്‍ മരിച്ച ബോട്ടപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതരെന്ന് വിവരം. ഇവരുടെ മകന്‍ ഏബിള്‍ മാത്യു മുംബൈ ജെഎന്‍പിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് ആറുവയസ്സ്‌കാരന്‍ മൊഴി നല്‍കിയിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് എലഫന്റ ദ്വീപിലേക്കു യാത്രക്കാരുമായി പോയ യാത്രാ ഗോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ നാവികസേന ഉദ്യോഗസ്ഥരാണ്.

മറൈന്‍ പൊലീസും നേവിയും കോസ്റ്റ് ഗാര്‍ഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു . അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.