Connect with us

kerala

ഭീകരവാദിയെ പിടിക്കുന്നതു പോലെ അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ചെയ്ത കുറ്റമെന്ത്?: കെ സി വേണുഗോപാല്‍

രാഷ്ട്രീയമായും നിയമപരമായും രാഹുലിനൊപ്പം ശക്തമായി കോണ്‍ഗ്രസ് അണിനിരക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Published

on

ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റു ചെയ്ത നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അധികാര മുഷ്‌ക്കിലും ധാര്‍ഷ്ട്യത്തിലും അഭിരമിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുടെയും അയാളുടെ ഓഫീസിലെ കാക്കിയിടാത്ത അഭിനവ ഡിജിപിയുടെയും പകല്‍സ്വപ്നത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റ് എന്ന് കെ സി വേണുഗോപാല്‍ വിമർശിച്ചു.

ഭീകരവാദിയെ പിടിച്ച് കൊണ്ടുപോകുന്ന വിധം അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഒരുപാട് പൊലീസ് നരനായാട്ട് കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവുകള്‍ അതേപടി നടപ്പിലാക്കാന്‍ പുറപ്പെടുന്ന പൊലീസ് ഏമാന്‍മാര്‍ വിസ്മരിക്കരുത്. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന പൊതുപ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത് ഫാസിസ്റ്റ് നടപടിയാണ്. അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഒരു കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോയെന്ന് സിപിഐഎം വിലയിരുത്തിയാല്‍ നന്ന് എന്നും വേണുഗോപാല്‍ പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ കേസെടുക്കുന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. എന്നാല്‍ ഇത്തരത്തില്‍ പുലര്‍ച്ചെ വീടുവളഞ്ഞ് ഒരു പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കോടതിയില്‍ ചെന്നാല്‍ ജാമ്യം ലഭിക്കുന്ന പതിവ് വകുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ഒന്നുമില്ലാത്ത ഈ കേസില്‍ എന്താടിസ്ഥാനത്തിലാണ് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിടാമെന്നാണ് കരുതുന്നതെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയമായും നിയമപരമായും രാഹുലിനൊപ്പം ശക്തമായി കോണ്‍ഗ്രസ് അണിനിരക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

kerala

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

Published

on

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര്‍ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് കുറയ്‌ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.

എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കികളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. 22/11/2025ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം

Published

on

തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.

Continue Reading

Trending