കണ്ണൂര്‍: കണ്ണൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയിലായി. ശ്രീകണ്ഠാപുരത്തെ മാനസിക പ്രശ്‌നമുള്ള 23കാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ചെങ്ങളായി സ്വദേശികളായ സിയാദ് , ബാത്തുശ, അബൂബക്കര്‍ എന്നിവര്‍ പിടിയിലായി.

കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി പെണ്‍കുട്ടി കടയില്‍ പോയി വരുമ്പോഴാണ് പീഡനം. സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുന്നതിനിടെ ബൈക്കിലെത്തിയ പ്രതികളില്‍ ഒരാള്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രായത്തിനൊത്ത മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ കൗശലത്തില്‍ പറഞ്ഞു പറ്റിച്ചാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.

ശ്രീകണ്ഠാപുരത്ത് തന്നെയുള്ള പരസ്പര സുഹൃത്തുക്കളാണ് പ്രതികള്‍. ഒരാള്‍ പെയിന്റിങ് ജോലിക്കാരനും രണ്ടാമത്തെയാള്‍ ഓട്ടോ ഡ്രൈവറും മൂന്നാമത്തെയാള്‍ കടയിലെ ജീവനക്കാരനുമാണ്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.