അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു കളികള്‍ കഴിഞ്ഞപ്പോഴും (2-2) ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ അഞ്ചാം ട്വന്റി 20 ജയിക്കുന്ന ടീം പരമ്പരയും സ്വന്തമാക്കും. വൈകീട്ട് ഏഴുമുതലാണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ മൂന്നു കളികളും ഏകപക്ഷീയമായിരുന്നു. മൂന്നുവട്ടവും ടോസ് നേടിയ ടീം ഫീല്‍ഡിങ് തെരഞ്ഞെടുത്തു, ജയിച്ചു. ആ പതിവ് തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് നാലാം മത്സരത്തിനുമുമ്പ് കോലി പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, 185 എന്ന ടോട്ടലില്‍ എത്തുകയും മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ 177 റണ്‍സില്‍ ഒതുക്കുകയും ചെയ്തു.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ അര്‍ധസെഞ്ചുറി നേടിയതാണ് ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സന്തോഷം. ഈവര്‍ഷം ഒടുവില്‍ നടക്കുന്ന ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പുതുമുഖങ്ങളുമായി ഇറങ്ങിയത്. അത് ഏറക്കുറെ വിജയിച്ചു. അതേസമയം, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ഫോമില്‍ അല്ലാത്തത് നിരാശപകരുന്നു.