ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് വന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ വിരാട് കോലി അവസാന പന്ത് വരെയും ക്രീസിലുണ്ടായിരുന്നു.

52 പന്തില്‍ എഴ് ബൗണ്ടറികളും രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 80 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 224ല്‍ എത്തിച്ചതില്‍ പ്രധാനം. 34 പന്തില്‍ നാല് ബൗണ്ടറികളും അഞ്ച് സിക്‌സര്‍ ഉള്‍പ്പെടെ 64 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റില്‍ കോലി-രോഹിത് കൂട്ടുക്കെട്ട് 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ജെയ്‌സണ്‍ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.