Connect with us

Video Stories

ദേശസ്‌നേഹത്തിന്റെ പുതിയ വര്‍ത്തമാനങ്ങള്‍

Published

on

റസാഖ് ആദൃശ്ശേരി
ജര്‍മ്മനിയിലെ നാസിസത്തില്‍നിന്നും ഇറ്റലിയിലെ ഫാസിസത്തില്‍നിന്നും വിഭിന്നമാണ് ഇന്ത്യയിലെ ഫാസിസം. ജര്‍മ്മനിയിലും ഇറ്റലിയിലും ഒറ്റ വ്യക്തിയുടെ പ്രഭാവത്തില്‍ മുകളില്‍നിന്നും കെട്ടിയിറക്കപ്പെട്ടതായിരുന്നു അവ. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ അവക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഫാസിസം താഴെക്കിടയില്‍നിന്നും കെട്ടിപ്പടുത്തതാണ്. 1925 മുതല്‍തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘ് ഇന്ത്യയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു. അതിനുമുമ്പുതന്നെ ആര്‍. എസ്.എസിന്റെ ആദ്യകാല രൂപങ്ങള്‍ ഇവിടെ സജീവമായിരുന്നു. സ്വയം സേവകരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ഫാസിസം ഇന്ത്യന്‍ മണ്ണില്‍ അതിശക്തമായി വേരുകള്‍ ആഴ്ത്തുകയുണ്ടായി.
ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രാഥമികവും പ്രത്യക്ഷവുമായ ലക്ഷ്യം ഇവിടത്തെ മുസ്ലിംകള്‍ ആയിരുന്നു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും ഹിംസകളുമാണ് അതിന്റെ വേരോട്ടം ശക്തമാക്കിയത്. അതിനുവേണ്ടി അവര്‍ ധാരാളം വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചു. അവയിലെല്ലാം കൂടുതലും കൊല്ലപ്പെട്ടത് മുസ്‌ലിംകളായിരുന്നു. ഭീമമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതും അവര്‍ക്ക് തന്നെയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ആസൂത്രിതമായ മുസ്ലിം വിരുദ്ധ നീക്കങ്ങളായിരുന്നു അവയെല്ലാമെന്നാണ്. എന്നാല്‍ ഇത്തരം കലാപങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ ഇന്ത്യയിലെ പൊതുസമൂഹം തയ്യാറായില്ല. അതെല്ലാം സാധാരണ സംഭവിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളായി എഴുതി തള്ളി. ഇതിലൂടെയാണ് ഫാസിസം ശക്തി സംഭരിച്ചു മുന്നേറിയത്.
ഫാസിസത്തിന്റെ വക്താക്കളാണ് ഇന്ത്യാ രാജ്യത്തിന്റെ ഭരണം കൈയ്യാളുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ മൗലികാവകാശങ്ങള്‍ ഹനിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരും അവരെ പിന്തുണക്കുന്ന സംഘ്പരിവാര്‍ ശക്തികളും. ന്യൂനപക്ഷങ്ങളുടെ നേരേയുള്ള അവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേറ്റുകൊണ്ടിരിക്കുന്നു. ഇത്തരം മൗലികാവകശലംഘനങ്ങള്‍ നടക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയല്ല സര്‍ക്കാരിന്റെ ധര്‍മ്മം. മറിച്ച് അവകാശങ്ങള്‍ സര്‍വര്‍ക്കും ലഭ്യമാക്കുകയാണ് വേണ്ടത്. പൗരന്റെ ജന്മസിദ്ധമായ മൗലികാവകാശങ്ങള്‍ അന്യായമായി മറ്റൊരാള്‍ കവര്‍ന്നെടുക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും വേണം. പക്ഷേ ഇവിടെ സര്‍ക്കാര്‍തന്നെ അത്തരം കാര്യങ്ങള്‍ നടത്തുന്നുവെന്നതാണ് ഏറെ ദുഖ:കരം.
ഈ രാജ്യത്തെ സര്‍വതും തങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണെന്ന മിഥ്യാധാരണയാണ് സംഘ്പരിവാര്‍ നേതാക്കളെ നയിക്കുന്നത്. അതിനുവേണ്ടി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ മേലങ്കി ചാര്‍ത്തുകയും ചെയ്യുന്നു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും അതിന്റെ ഭാഗമാണ്. ദേശീയ പൗരത്വ പട്ടികയുടെയും രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും പശു കശാപ്പ് രാജവ്യാപകമായി നിരോധിക്കുന്നതിന്റെയുമൊക്കെ പേരിലുള്ള വാചക കസര്‍ത്തുകള്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി അവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ്. ഇവരെയെല്ലാം നയിക്കുന്നത് മറ്റുള്ളവരോടുള്ള അന്ധമായ പകയും വിദ്വേഷവുമാണ്. ചരിത്രം ക്രൂരന്മാരായി മുദ്രകുത്തിയ ഭരണാധികാരികളുടെയും നേതാക്കളുടെയും പ്രത്യയശാസ്ത്രപരിസരം ഇത്തരം ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടതായിരുന്നുവെന്നു കാണാവുന്നതാണ്.
ഏകാധിപത്യ കാലഘട്ടത്തിലും ഫ്യൂഡല്‍ കാലത്തും മറിച്ചുപറയാന്‍ സ്വാതന്ത്ര്യം ഉപയോഗിച്ചവരെല്ലാം തൂക്കിലേറ്റപ്പെടുകയോ തടങ്കല്‍ പാളയത്തിലകപ്പെടുകയോ ചെയ്തിട്ടുണ്ട്. അവരെയെല്ലാം രാജ്യദ്രോഹികളും കുലദ്രോഹികളുമായി മുദ്രകുത്തുകയാണ് ചെയ്തത്. ഇത് തന്നെയാണ് ഇന്ത്യയിലും ഇന്ന് ആവര്‍ത്തിക്കപ്പെടുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയും സംഘ്പരിവാര്‍ ആശയങ്ങളെ എതിര്‍ക്കുന്നവരെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. കള്ളക്കേസുകളില്‍ കുടുക്കുന്നു. പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ദുരുപയോഗം ചെയ്ത് അന്യായമായി നിരപരാധികളെ ജയിലിലടക്കുന്നു. ജനദ്രോഹപരമായ നടപടികള്‍ ഓരോ ദിവസവും ഇന്ത്യയില്‍ കൂടുതല്‍ ശക്തമായികൊണ്ടിരിക്കുന്നു. ഏഴു പതിറ്റാണ്ടിന്റെ ജനാധിപത്യ പാരമ്പര്യം ഒരു രാഷ്ട്രത്തിന്റെ സാമൂഹിക സംവിധാനങ്ങളെ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിനു പകരം സമഗ്രാധിപത്യത്തിലേക്ക് നയിക്കുന്ന ഭീതികരമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ‘ദേശസ്‌നേഹി’ എന്നതിന്റെ നിര്‍വചനം മാറികൊണ്ടിരിക്കുകയാണിന്ന്. ദേശക്കൂറ് അളക്കുന്നതിനുള്ള മാനദണ്ഡം അയാള്‍ രാഷ്ട്രത്തിലെ ജനങ്ങളോട് സ്‌നേഹവും അനുകമ്പയും പ്രകടിപ്പിക്കുന്നതിലല്ല. മറിച്ച് ഭരണാധികാരികളുടെ ഏത് താന്തോന്നിത്തങ്ങളെയും അംഗീകരിച്ചാല്‍ മാത്രം മതി. അധികാരിവര്‍ഗത്തെ വിമര്‍ശിക്കരുത്. വിമര്‍ശിച്ചാല്‍ ദേശദ്രോഹിയായി തീരും. ഈ സമീപനമനുസരിച്ചു ഒരു രാജ്യത്തിന്റെ സ്വയംനിര്‍ണ്ണയാവകാശംപോലും വൈദേശിക യജമാനന്മാര്‍ക്ക് പണയംവെക്കുന്ന ഭരണവര്‍ഗം ദേശസ്‌നേഹികളും അതിനെ ചോദ്യംചെയ്യുന്ന ഭരണീയര്‍ ദേശദ്രോഹികളുമാണ്.
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനുവേണ്ടി ഇന്ത്യയുടെ വിദേശനയത്തെ മറികടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഇതിനു പ്രത്യുപകാരമായി മോദിയെ ‘ഇന്ത്യയുടെ പിതാവാ’യി ട്രംപ് വാഴ്ത്തി. ഇതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ വിലയിരുത്തിയാല്‍ ദേശസ്‌നേഹി, ദേശദ്രോഹി കാഴ്ചപ്പാടിനു സംഭവിച്ച അര്‍ത്ഥവ്യതിയാനം ബോധ്യപ്പെടും. ട്രംപിന്റെ ഈ വാഴ്ത്തലില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളണമെന്നാണ് കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് പറയുന്നത്. വാഴ്ത്താത്തവരൊന്നും ഇന്ത്യക്കാരല്ലത്രെ. ഇതിനര്‍ത്ഥം മോദിയുടെ ഏത് ചെയ്തികളെയും ഇന്ത്യക്കാര്‍ കണ്ണടച്ചു അംഗീകരിക്കണം. അത് ഇന്ത്യയുടെ അടിസ്ഥാന നയങ്ങള്‍ക്ക് എതിരായിരുന്നാല്‍പോലും. ജനങ്ങള്‍ ഭരണകൂടത്തെയും ഭരണാധികാരികളെയും സ്‌നേഹിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്നും സര്‍ക്കാരിനുനേരെ വിമര്‍ശനമോ എതിര്‍പ്പോ പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമുള്ള കൊളോണിയല്‍ യുക്തി തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. ‘ഇന്ത്യയെന്നാല്‍ നരേന്ദ്ര മോദിയെന്നും മോദിയെന്നാല്‍ ഇന്ത്യ’ എന്നുമാണ് വിളംബരം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മോദിയെ വിമര്‍ശിക്കുന്നവര്‍ ഇന്ത്യയില്‍നിന്നും ആട്ടിയോടിക്കപ്പെടേണ്ടവരാണെന്ന് പറയപ്പെടുന്നത്.
ഭരണവര്‍ഗത്തോടുള്ള വിധേയത്വമാണ് ദേശസ്‌നേഹം എന്നത് ഏതാണ്ടെല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇത് മറച്ചുപിടിച്ചു കൊണ്ടാണ് തീവ്രവാദവും ഭീകരവാദവും നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും. തുടര്‍ച്ചയായ നീതി നിഷേധവും പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുമ്പോള്‍ അതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം കലാപകാരികളെ സൃഷ്ടിക്കുന്നു. ഭീകരതക്കെതിരെ യു.എന്‍ ആസ്ഥാനത്ത് നടന്ന ലോക നേതാക്കളുടെ ചര്‍ച്ചയില്‍ മോദി പറഞ്ഞു: ‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രോല്‍സാഹിപ്പിക്കുന്ന ആശയങ്ങള്‍ക്കെതിരെ ഉപയോഗിക്കേണ്ട അതിനൂതന ഉപകരണങ്ങള്‍ ജനാധിപത്യ മൂല്യങ്ങളും വൈവിധ്യവും സമഗ്ര വികസനവുമാണ്’. ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍നിന്നുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ പറയുമ്പോള്‍ തന്റെ മാതൃരാജ്യത്ത് തകര്‍ക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകുമോ? അസമിലേയും കശ്മീരിലേയും നിസ്സഹായരായ പാവങ്ങളുടെ ദീനരോദനങ്ങള്‍ തന്റെ കാതുകളില്‍ മുഴങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ? ഇന്ത്യയില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുന്നതും ‘വൈവിധ്യം’ എന്ന മഹത്തായ പൈതൃകം നശിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ നൊമ്പരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവുമോ?
ഇന്ത്യയില്‍ ഒട്ടനവധി തീവ്രവാദി ആക്രമണങ്ങള്‍ക്ക് കാരണമായ ഒന്നാണ് കശ്മീര്‍ പ്രശ്‌നം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വലിയ നേട്ടമായാണ് ഗവണ്‍മെന്റും ബി.ജെ.പിയും പ്രചരിപ്പിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വികസനം, തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസ്ഥിരത തുടങ്ങിയവയൊന്നും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. പകരം കശ്മീരും പുതിയ കുറെ വര്‍ത്തമാനങ്ങളുമാണ്. ‘ബഹുകക്ഷി ജനാധിപത്യം ഇന്ത്യയില്‍ പരാജയം; ഒരു രാജ്യം, ഒരു പാര്‍ട്ടി, ഒരു തെരഞ്ഞെടുപ്പ്; ഒരേയൊരു ഇന്ത്യ, ഒരു ഭാഷ’ തുടങ്ങിയവയാണ് അമിത്ഷായുടെ പുതിയ വര്‍ത്തമാനങ്ങള്‍. ഇക്കിളിപ്പെടുത്തുന്ന ഇത്തരം വര്‍ത്തമാനങ്ങളിലൂടെ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. കശ്മീര്‍ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനും അതോടെ വോട്ട് തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതിനുവേണ്ടിയും പുതിയ ഭീകര ക്യാമ്പുകളുടെയും തീവ്രവാദി ആക്രമണങ്ങളുടെയും വര്‍ത്തമാനങ്ങളും പറയുന്നുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞത്‌പോലെ ഒരു പുല്‍വാമയാണല്ലോ ബി.ജെ.പിക്കാവശ്യം. മോദിയെയും അമിത്ഷായെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയുമൊക്കെ ലക്ഷ്യമിട്ടു തീവ്രവാദികള്‍ നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍തന്നെ ചില തീവ്രവാദികളുടെ ഫോട്ടോകള്‍ക്കും പേരുകള്‍ക്കും അമിത പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കുന്ന പ്രവണത ചില മാധ്യമങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചില മുസ്ലിം പേരുകള്‍ പറഞ്ഞ് മുസ്ലിംകളെ മുഴുവനും തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പഴയ ഏര്‍പ്പാട് വീണ്ടും പുറത്തെടുത്ത് കൊണ്ടിരിക്കുകയാണ്. മുമ്പേ നിലനിന്നിരുന്ന വിവേചനം ഇന്നൊരു വേട്ടയുടെ ഭീകരരൂപമാര്‍ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്നു മാത്രം. കശ്മീര്‍, അസം, മുത്തലാഖ് ബില്‍, യു.എ. പി.എ ഭേദഗതി എന്നിവയൊക്കെ അതിന്റെ ഭാഗങ്ങളാണ്.
ഇന്ത്യന്‍ ജനതയെ മുഴുവനും കൂട്ടിയിണക്കിയത് നാം ഇന്ത്യക്കാരാണ് എന്ന ആത്മബോധമായിരുന്നു. കരുത്തുറ്റ ഇന്ത്യയാണ് നമ്മുടെ നേതാക്കള്‍ സ്വപ്‌നം കണ്ടത്. അത്തരമൊരു ഇന്ത്യയെ സൃഷ്ടിക്കാനാണ് നെഹ്‌റുവും ആസാദും പട്ടേലും ശ്രമിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മനുഷ്യമനസ്സുകളില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ ശക്തികള്‍ വിഭജനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഭരണകൂട ഭീകരതക്കെതിരെയും ശിഥിലീകരണ ശക്തികള്‍ക്കെതിരെയും രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ ഒന്നിക്കണം. രാജ്യത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തി ബഹുസ്വരതയുടെ മാനങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘അരുതേ’ എന്നു പറയാന്‍ തയ്യാറാവണം. ഫാസിസവും ഭീകരതയും ഇല്ലാതാവുന്ന ഒരിന്ത്യയെകുറിച്ചുള്ള സ്വപ്‌നമാണ് ഓരോ ഇന്ത്യക്കാരനുമുള്ളത്. ‘ഒരു നിരീശ്വരവാദിക്ക് ക്ഷേത്രത്തിന്റെ തിരുമുറ്റത്ത്‌വെച്ചു നിരീശ്വരത്വം പ്രസംഗിക്കാന്‍ കഴിയുന്ന ഇന്ത്യ’യെ സ്വപ്‌നം കണ്ട സ്വാമി വിവേകാനന്ദന്‍; ‘പാണ്ഡവന്‍മാരുടെ ത്യാഗത്തെകുറിച്ചും യുധിഷ്ഠിരന്റെ ക്ഷമാശീലത്തെകുറിച്ചും ഓര്‍ക്കുന്ന, ത്യാഗത്തിന്റെയും ക്ഷമയുടെയും മതമാണ് ഹിന്ദുമതം എന്നു കരുതിയ, മുസല്‍മാനോട് നീതി പുലര്‍ത്തിയ ഒരു ഭ്രാന്തന്‍ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ഉണ്ടായത് അത്ര സങ്കടകരമായ കാര്യമാണോ?’ എന്ന മഹാത്മാഗാന്ധിജിയുടെ ചോദ്യം അദ്ദേഹത്തിന്റെ നൂറ്റി അമ്പതാം ജന്മദിനം കൊണ്ടാടുന്ന ഈ വേളയിലും ആര്‍.എസ്.എസിന്റെ നെഞ്ചിലേക്ക് തുളച്ചുകയറുന്നുണ്ട്. ഭാരതം ഹിന്ദുക്കളുടെ മാത്രം രാജ്യമാണെന്നു കരുതുന്നവര്‍ സ്വപ്‌നലോകത്താണ് ജീവിക്കുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകളും അവരെ അലോസരപ്പെടുത്തുന്നുണ്ട്. ‘ധാര്‍മ്മികമായ എല്ലാ മതവികാരങ്ങളെയും ഞാന്‍ സഹിഷ്ണുതയോടെ വീക്ഷിക്കും. ഈശ്വരന്റെ ഒരു വാക്കിനെ മറ്റൊരു വാക്കിനോടു മല്ലിടാന്‍ പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ല. പക്ഷേ ഹിറ്റ്‌ലറുടെ യുക്തിയോടു മല്ലിടുക തന്നെവേണം’. ഗാന്ധിജി എഴുതിയ വാക്കുകളാണിത്. തീര്‍ച്ചയായും ഗാന്ധിജി മുന്നോട്ടുവെച്ച ഈ മതസൗഹാര്‍ദ്ദവും ധാര്‍മ്മികതയും തന്നെയാണ് മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാനുള്ള ഏറ്റവും നല്ല ഔഷധം.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending