Connect with us

Video Stories

കൂടത്തായി: അപൂര്‍വങ്ങളില്‍ അപൂര്‍വമായി അവസാനിക്കട്ടെ

Published

on

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹ മരണങ്ങള്‍ക്കും ഇപ്പോള്‍ നടന്ന അറസ്റ്റിനും സമാനമായി അനവധി സംഭവങ്ങളൊന്നും കേരളത്തിലുണ്ടായിട്ടില്ല. പിണറായിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതാണ് സമാന സ്വഭാവത്തിലുണ്ടായ മറ്റൊരു കേസ്. ഈ രണ്ട് സംഭവങ്ങള്‍ക്കും ചില കാര്യങ്ങളിലെങ്കിലും പൊതുസ്വഭാവങ്ങളുണ്ട്. പിണറായിയില്‍ സൗമ്യ എന്ന യുവതി, സ്വന്തം മക്കളേയും മാതാപിതാക്കളേയുമാണ് വകവരുത്തിയത്. കൂടത്തായിയില്‍ സ്വന്തം ഭര്‍ത്താവിനെ ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി എന്ന യുവതി അറസ്റ്റിലായിരിക്കുന്നത്. സമാനതകളുണ്ടെങ്കിലും പിണറായിയിലെ സൗമ്യയുടെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക പരിസരമാണ് ജോളിയുടേത്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയുള്ള മധ്യവര്‍ഗ കുടുംബത്തിലെ അംഗമാണ് ജോളി. ഒരു കുടുംബത്തില്‍ നടന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങളെന്ന നിലയില്‍ കൂടത്തായിയിലെ ദുരൂഹമരണങ്ങളെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇവിടെ നടന്ന ദുരൂഹമരണങ്ങളോടൊപ്പം തന്നെ ഭീതിപ്പെടുത്തുന്നതാണ് അതിലേക്ക് നയിച്ച കാരണങ്ങളും. ആദ്യ കൊല നടത്തി നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോളി പിടിയിലാകുന്നത്. കൃത്യമായ ഇടവേളകളില്‍ ഏതൊരു കുറ്റാന്വേഷണ കഥയേയും വെല്ലുന്ന രീതിയില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഒരു യുവതിക്ക് കഴിഞ്ഞുവെന്നത് അത്ഭുതാവഹമാണ്. തെളിവുകളില്ലാതെ, ബന്ധുക്കളില്‍ സംശയ സൂചന പോലും നല്‍കാതെ കൊലപാതകങ്ങള്‍ നടത്താനും കൊലപാതകത്തിന് കൂട്ടുനിന്നവരില്‍ നിന്ന് രഹസ്യം ചോരാതെ സൂക്ഷിക്കാനും കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. വ്യത്യസ്ത കാരണങ്ങളാലാണ് ഓരോ കൊലപാതകവും നടത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സാമാന്യയുക്തിയുള്ള ഒരാള്‍ക്ക് യുവതി പറഞ്ഞ കാരണങ്ങളിലൊന്നും ഗൗരവമുള്ള എന്തെങ്കിലും കണ്ടെത്താന്‍ കഴിയില്ല. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള പ്രയാണത്തില്‍ തടസ്സങ്ങളായി നിന്നവരെ നിഷ്‌കരുണം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.
മധ്യവര്‍ഗ കുടുംബത്തിലെ ഒരു യുവതി നീണ്ട പതിനേഴ് വര്‍ഷങ്ങളാണ് ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചത്. എന്‍.ഐ.ടി പോലൊരു പ്രമുഖ സ്ഥാപനത്തില്‍ ലക്ചറാണെന്ന ജോളിയുടെ അവകാശവാദത്തെ ആദ്യഭര്‍ത്താവും രണ്ടാം ഭര്‍ത്താവും കണ്ണടച്ച് വിശ്വസിക്കുന്ന വിധം മലയാളികളുടെ കുടുംബ ബന്ധങ്ങളിലുണ്ടായ തകര്‍ച്ച കൂടിയാണ് കൂടത്തായി സംഭവം അടയാളപ്പെടുത്തുന്നത്. ഇവര്‍ക്ക് മാത്രമല്ല, ബന്ധുക്കളിലൊരാള്‍ക്ക് പോലും ജോളി എവിടെ ജോലി ചെയ്യുന്നുവെന്ന അറിവില്ലായിരുന്നുവെത്രെ. മലയാളിയുടെ കുടുംബ ബന്ധങ്ങള്‍ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിലേക്കും ഉപരിപ്ലവമായ സംഭാഷണങ്ങളിലും ഒതുങ്ങിത്തീരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന് ഇതിനപ്പുറമുള്ള ഉദാഹരണം വേണ്ടതില്ല. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കുടുംബവും ബന്ധങ്ങളും ഓര്‍ക്കപ്പെടാതെ പോകുന്ന ദുരവസ്ഥയോടൊപ്പം സംസ്ഥാനത്ത് ഗാര്‍ഹിക കൊലപാതകങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ടെന്ന വസ്തുത കൂടി ചേര്‍ത്ത് വെക്കണം. കുടുംബബന്ധങ്ങളുടെ പവിത്രതയെന്നത് പഴഞ്ചന്‍ മനോഭാവമാണെന്ന ചിന്ത പുതുതലമുറയെ ഗ്രസിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. കൂടത്തായി സംഭവത്തെ ആവുംവിധം ഇപ്പോള്‍ പൊലിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് പോലും.
പതിനാല് വര്‍ഷത്തിനിടെ ഒരു കുടുംബത്തില്‍ നടന്ന ആറ് കൊലപാതകങ്ങളുടെ ചുരുളഴിയുമ്പോള്‍ കഥകളും ഉപകഥകളും കൂട്ടിച്ചേര്‍ക്കപ്പെടുന്നത് സ്വാഭാവികമാണ്. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന സത്യം കൂടി ഇതിനൊപ്പമുണ്ട്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചെങ്കിലും തുടരന്വേഷണം നടത്താതെ ആത്മഹത്യാ പട്ടികയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുകയായിരുന്നു. റോയ് തോമസിന്റെ മരണത്തില്‍ സംശയം തോന്നി പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ട അമ്മാവന്‍ എം.എം മാത്യു സമാനരീതിയില്‍ കൊല്ലപ്പെട്ടപ്പോഴും പൊലീസ് അന്വേഷണത്തിന് മുതിര്‍ന്നില്ലെന്നത് പുനരാലോചിക്കപ്പെടേണ്ട അത്ഭുതമാണ്. ആറ് ദുര്‍മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തുന്നതില്‍ പൊലീസ് ഇപ്പോള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് സേനയിലെ ചിലര്‍ക്കെങ്കിലും പിഞ്ചുകുട്ടിയടക്കം മൂന്നു പേരുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാകില്ല.
ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റേയും ഭര്‍തൃപിതാവ് ടോം തോമസിന്റേയും മരണങ്ങളില്‍ ദുരൂഹത നിഴലിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളും റോയ് തോമസിന്റേത് ആത്മഹത്യയല്ലെന്ന നിഗമനത്തിലേക്കെത്താന്‍ പര്യാപ്തമായിരുന്നു. ജോളിയുടെ മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടരാതെ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. റോയ് തോമസിന്റെ ദുരൂഹ മരണത്തെക്കുറിച്ച് തുടരന്വേഷണം നടന്നിരുന്നുവെങ്കില്‍ എം.എം മാത്യുവും രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയും രണ്ടു വയസ്സുള്ള മകളും കൊല്ലപ്പെടുമായിരുന്നില്ല. റോയ് തോമസിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപം ബോധപൂര്‍വമാണോ എന്ന് കൂടി കണ്ടെത്തേണ്ട ബാധ്യത ഇപ്പോള്‍ അന്വേഷണ സംഘത്തിന് മേലുണ്ട്. എങ്കില്‍ മാത്രമേ സമ്പത്തിനും വഴിവിട്ട ജീവിതത്തിനുമായി പിഞ്ചുകുട്ടിയടക്കം ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്താന്‍ യുവതിയെ സഹായിച്ച മുഴുവന്‍ പേരും നിയമത്തിന് മുന്നിലെത്തൂ.
സാമൂഹിക, സാംസ്‌കാരിക, ബൗദ്ധിക മേഖലകളില്‍ ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തിന് ഒരു കുടുംബത്തില്‍ നടന്ന പരമ്പര കൊലപാതകങ്ങളുണ്ടാക്കിയ നാണക്കേടിനെ ചെറുതായി കാണാനാകില്ല. തകരുന്ന കുടുംബ ബന്ധങ്ങളും ഉപരിപ്ലവമാകുന്ന സൗഹൃദങ്ങളും സാമൂഹിക പ്രതിബദ്ധത വേണ്ടെന്ന പുതുനിലപാടും കേരളത്തിന്റെ മഹിത പരാമ്പര്യത്തെ കീഴ്‌മേല്‍ മറിക്കും. കൂടത്തായി സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വ സംഭവമായി ചരിത്രം രേഖപ്പെടുത്തണമെങ്കില്‍ കേരളീയ സമൂഹം വൈയക്തിക നേട്ടങ്ങളുടെ മോഹാലസ്യം വിട്ടുണരുക തന്നെ വേണം. സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റെയും പച്ചത്തുരുത്തുകളെ വീണ്ടെടുത്തില്ലെങ്കില്‍ കെട്ട വാര്‍ത്തകളുടെ ദുര്‍ഗന്ധത്താല്‍ നന്മ നശിച്ച മരുപ്പറമ്പായി കേരളം മാറും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending