Connect with us

kerala

ആരോഗ്യ നിരീക്ഷണ സംവിധാനം ഒരുക്കണം-എഡിറ്റോറിയല്‍

നിയന്ത്രണങ്ങള്‍ നീക്കിയെന്നതുകൊണ്ട് കോവിഡ് ഭീഷണി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.

Published

on

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സജീവ ജീവിതത്തിലേക്കുള്ള വാതിലുകള്‍ സര്‍ക്കാര്‍ മലര്‍ക്കെ തുറക്കുകയാണ്. വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതോടൊപ്പം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍കുളങ്ങളും തുറക്കും. വീടിന് പുറത്തിറങ്ങാനും സ്വതന്ത്രമായി സഞ്ചരിക്കാനും ഇനിമുതല്‍ വിലക്കുകളൊന്നുമില്ല. കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പക്ഷേ, കോവിഡ് നിരക്ക് ഇപ്പോഴും 15,000ത്തിന് മുകളിലാണ്. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ രോഗ ഭീഷണി കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും രോഗ തീവ്രതയും മരണനിരക്കും കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തിലേറെയായി തളച്ചിടപ്പെട്ട ജീവിതം വീണ്ടും സജീവമാകുന്നുവെന്നത് ആശ്വാസകരവും ആഹ്ലാദകരവുമാണ്. പക്ഷേ, നിയന്ത്രണങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ച് പുറത്തിങ്ങുമ്പോള്‍ പൊതുജനവും സര്‍ക്കാരും ഒരുപോലെ ചില യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നത് നല്ലതായിരിക്കും.

നിയന്ത്രണങ്ങള്‍ നീക്കിയെന്നതുകൊണ്ട് കോവിഡ് ഭീഷണി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. മനുഷ്യജീവിതത്തെ കടന്നാക്രമിക്കാന്‍ തക്കംപാര്‍ത്ത് കോവിഡ് ഭീകരന്‍ നമുക്ക് ചുറ്റും സജീവമായി നില്‍ക്കുന്നുണ്ട്. കോവിഡ് വൈറസിനെ ഉന്മൂലനം ചെയ്യുന്ന വാക്‌സിന്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ശരീരത്തിന് പ്രതിരോധശേഷി കിട്ടുമെന്നും രോഗതീവ്രത കുറയുമെന്നുമാണ് വാക്‌സിന്‍ കമ്പനികള്‍ മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. അപകടകരമായ സാഹചര്യങ്ങളെ മറികടക്കാമെന്നതുകൊണ്ട് വാക്‌സിനേഷന്‍ അനിവാര്യവുമാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതോടൊപ്പം പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അനാസ്ഥയുടെ ദുരന്തം രാജ്യം അനുഭവിച്ചതാണ്. രണ്ടാം തരംഗത്തില്‍ രാജ്യം മുഴുക്കെയും രോഗശയ്യയില്‍ വീണത് വിസ്മരിക്കാനാവില്ല. കേരളത്തിന് ഇനിയും രോഗമുക്തിയായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്് കേരളത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവകാശവാദങ്ങളുന്നയിക്കുകയും സ്വയം കയ്യടിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനാണ് ഈ ദുര്‍ഗതിയെന്ന് ഓര്‍ക്കണം. മൂന്നാമതൊരു തരംഗത്തെ നേരിടാനുള്ള ശേഷി രാജ്യത്തിനില്ല. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാനും അതനുസരിച്ച് മുന്നോട്ടുപോകാനുമുള്ള സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളെ നിരന്തരം നിരീക്ഷിക്കുകയും കൃത്യമായി കണ്ടെത്തി ചികിത്സയൊരുക്കുകയുമാണ് പ്രധാനം. മനുഷ്യനെ മഹാമാരികള്‍ വിടാതെ പിന്തുടരുന്നുണ്ടെന്നത് സത്യമാണ്. ചൈനയില്‍ കോവിഡ് വ്യാപനം മുന്‍കൂട്ടി കണ്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സംവിധാനിക്കുന്നതിലുണ്ടായ പരാജയത്തിന്റെ തിക്തഫലമാണ് ഇപ്പോള്‍ ലോകം അനുഭവിക്കുന്നത്. കോവിഡ് കൂടുതല്‍ ശക്തിയാര്‍ജിക്കാനും പുതിയ വകഭേദങ്ങള്‍ വരാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുകയും ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതോടൊപ്പം ലബോറട്ടറികള്‍ ശക്തിപ്പെടുത്തുകയും വേണം. നിപ്പ പോലുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ സാമ്പിളുകള്‍ ദൂരെ ദിക്കുകളിലേക്ക് അയച്ച് ഫലത്തിന് കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കേണ്ടിയിരിക്കുന്നു. നിപ്പ വൈറസ് പരിശോധനക്ക് പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തന്നെയാണ് ഇപ്പോഴും കേരളത്തിന് ആശ്രയം. സംസ്ഥാനത്ത് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാരക രോഗങ്ങളുടെ പരിശോധനകള്‍ വൈകുന്നത് ചികിത്സയേയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ഏതെങ്കലും പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ഇനിയും ആയിട്ടില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങള്‍ വീര്‍പ്പുമുട്ടിയത് ശാസ്ത്രീയമായ ആരോഗ്യ ആസൂത്രണത്തിന്റെ അപര്യാപ്തതക്കുള്ള തെളിവാണ്.

നിരീക്ഷണ-മുന്നറിയിപ്പ് സൗകര്യങ്ങളോടുകൂടിയ വലിയൊരു രോഗപ്രതിരോധ സംവിധാനം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം കണ്ടെത്തി പ്രതിരോധിക്കുന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറെ പരാജയപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായി പറയാന്‍ പോലും അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇതേ ചൊല്ലി ഇപ്പോഴും വിവാദങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. 2014നും 2019നുമിടക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2015ല്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത്പക്ഷേ, ഭരണകൂടങ്ങള്‍ ഗൗരവത്തിലെടുത്തില്ല. രോഗം പടര്‍ന്നുപിടിച്ച് ജനങ്ങള്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നതിന്മുമ്പ് തന്നെ ഉറവിടം കണ്ടെത്തി തടഞ്ഞുനിര്‍ത്തണമെങ്കില്‍ വിപുലമായ ഒരുക്കങ്ങള്‍ അത്യാവശ്യമാണ്. ആരോഗ്യമേഖല അവഗണിച്ചു മാറ്റിനിര്‍ത്തേണ്ട ഒന്നല്ല. മെച്ചപ്പെട്ട ചികിത്സ സമ്പന്നര്‍ക്ക് മാത്രമായി പരിമിതപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനുവേണ്ടി ആരോഗ്യമേഖലയില്‍ ബജറ്റ് വിഹിതം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സജീവമായി പരിഗണിക്കേണ്ടതാണ്. ഇന്ത്യയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഏറെ ശോചനീയമാണ്. ആശുപത്രികളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഭീതിത സാഹചര്യമാണ് നിലവിലുള്ളത്. പഴയതും പുതിയതുമായ രോഗങ്ങള്‍ കൂടുതല്‍ വീര്യം വീണ്ടെടുത്ത് ആവിര്‍ഭവിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ പൂര്‍ണമായി തടുത്തുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പോലും ആക്രമണ തീവ്രത കുറയ്ക്കാനെങ്കിലും അത് ഉപകരിക്കും. ഏകോപിതവും ശാസ്ത്രീയവുമായ നീക്കങ്ങളുണ്ടായാല്‍ രോഗത്തെ ഉറവിടത്തില്‍ തന്നെ ഉന്മൂലനം ചെയ്യാം. ജീവിതത്തെ തകിടംമറിക്കാന്‍ മഹാമാരികള്‍ക്ക് സാധിക്കുമെന്ന് കോവിഡിലൂടെ ലോകം തിരിച്ചറിഞ്ഞികഴിഞ്ഞു. ഒരുപക്ഷേ, കൊടുങ്കാറ്റുകളേക്കാള്‍ പ്രഹരശേഷിയുണ്ട് അത്തരം രോഗങ്ങള്‍ക്ക്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. വാക്‌സിനേഷന്റെ പ്രാധാന്യത്തില്‍ മാത്രമായി ആരോഗ്യ പ്രചാരണങ്ങള്‍ ഒതുങ്ങരുത്. ചുറ്റുമുള്ള രോഗാണുകളുടെ സ്വഭാവത്തെക്കുറിച്ചും അവ സജീവമാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്കരിക്കേണ്ടതുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്‍കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.

രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.

Continue Reading

kerala

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി; തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ്

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

ഇടുക്കി: ശക്തമായ മഴയും വര്‍ധിച്ച നീരൊഴുക്കും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അണക്കെട്ടിന്റെ വൃഷ്ടി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടൊപ്പം ഡാമിലേക്കുള്ള ജലപ്രവാഹവും ഗണ്യമായി ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്.

142 അടിയാണ് മുല്ലപ്പെരിയാറിന്റെ റൂള്‍ കര്‍വ് പരിധിയും ഡാമിന്റെ പരമാവധി സംഭരണ ശേഷിയും. നവംബര്‍ 30-നാണ് ഈ മാസത്തെ റൂള്‍ കര്‍വ് കാലാവധി അവസാനിക്കുക. പതിവുപോലെ മാസാന്ത്യത്തോടെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സംഭരണ നിയന്ത്രണമെന്നാണ് സൂചന.

തമിഴ്‌നാട് ഡാമില്‍ നിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരാനാണ് സാധ്യത. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

Health

കൊളസ്‌ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

Published

on

ഇന്ത്യയില്‍ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടരുന്നതായി 2023ല്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. Cardiovascular disease (CVD) ഇന്ത്യക്കാരില്‍ മറ്റു രാജ്യങ്ങളേക്കാള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെ ബാധിച്ചിട്ടുണ്ടെന്നത് വലിയ ആശങ്കയാണ്. ഡിസ്‌ലിപിഡീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ മിക്കവാറും ലക്ഷണങ്ങളില്ലാതെ മാറുന്നതിനാല്‍ രോഗനില ഗുരുതരമാവുന്നത് വരെ പലര്‍ക്കും അത് തിരിച്ചറിയാനാകാതെ പോകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിലാണ് വിദഗ്ധര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പൂരിത കൊഴുപ്പുകളുള്ള ഭക്ഷണം കുറയ്ക്കുകയും, നാരുകള്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണം സാധ്യമാകുമെന്ന് അവര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, വാഴപ്പഴം, ബീറ്റ്, അവോക്കാഡോ പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത 24 ശതമാനം വരെ കുറയ്ക്കുമെന്ന് കണ്ടെത്തി. 2024 ഡിസംബറില്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പുറത്തിറക്കിയ പഠനത്തില്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത 19 ശതമാനം കുറയ്ക്കുകയും, കൊറോണറി ആര്‍ട്ടറി രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളെ ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ലയിക്കുന്ന നാരുകള്‍ സമൃദ്ധമായ ഓട്‌സ്, ബാര്‍ലി തുടങ്ങി തവിടുകൂടിയ ധാന്യങ്ങള്‍ എല്‍ഡിഎല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ‘ചീത്ത’ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകളും പ്രോട്ടീനും അടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഭാരനിയന്ത്രണത്തിനും സഹായകമാണ്. ആപ്പിള്‍, മുന്തിരി, സിട്രസ് പഴങ്ങള്‍, വഴുതനങ്ങ, വെണ്ടക്ക എന്നീ പഴങ്ങളും പച്ചക്കറികളും പെക്റ്റിന്‍ അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു. ബദാം, വാല്‍നട്ട്, നിലക്കടല തുടങ്ങിയ നട്ട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതിനാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഒലിവ്, സൂര്യകാന്തി, കനോല പോലുള്ള സസ്യ എണ്ണകള്‍ പൂരിത കൊഴുപ്പുകള്‍ കുറവായതിനാല്‍ സുരക്ഷിതമാണ്. സാല്‍മണ്‍, അയല, സാര്‍ഡിന്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ അടങ്ങിയ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ചുവന്ന മാംസവും സംസ്‌കരിച്ച മാംസങ്ങളും, കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങളും, കേക്ക്, കുക്കീസ് പോലുള്ള ബേക്കറി ഉല്‍പ്പന്നങ്ങളും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള പൂരിതയും ട്രാന്‍സ് കൊഴുപ്പുകളും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയരാന്‍ പ്രധാന കാരണമാകുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ ശരിയായ ഭക്ഷണക്രമം നിര്‍ണായകമാണെന്നും, ഇത് ദീര്‍ഘകാല ഹൃദയാരോഗ്യം ഉറപ്പാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Continue Reading

Trending