Connect with us

Video Stories

വര്‍ഗീയവത്കരിക്കപ്പെടുന്ന ജനസംഖ്യാ നിരക്ക്

Published

on

രാം പുനിയാനി

സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനായി ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് പക്ഷപാതപരമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ സംവാദങ്ങളാണ് വര്‍ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ടിറ്ററിലൂടെ ഇത് ഒരിക്കല്‍കൂടി പ്രകടമായിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റു മതത്തില്‍ നിന്നു ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കാത്തതാണ് ഇതിനു കാരണമെന്നും എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

ഹിന്ദു ജനസംഖ്യ ക്ഷയിച്ചുവരികയാണെന്ന ആശങ്കയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ പെരുകുകയാണെന്ന പ്രചാരണവും അവര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. 2011 ലെ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ 79.8 ശതമാനവും മുസ്‌ലിം ജനസംഖ്യ 14.23 ശതമാനവുമാണ്. 2001 മുതല്‍ 2011 വരെയുള്ള കാലയളവിലെ മത അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കുപ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ധന 16.76 ശതമാനവും മുസ്‌ലിം ജനസംഖ്യാ വര്‍ധന 24.6 ശതമാനവുമാണെന്ന് 2011 ലെ സെന്‍സസ് വ്യക്തമാക്കുന്നു. മുന്‍ ദശകത്തില്‍ ഇരു സമൂഹത്തിലെയും ജനസംഖ്യാ വര്‍ധന വളരെ വേഗത്തിലായിരുന്നു. ഇത് 19.92 ശതമാനവും 29.52 ശതമാനവുമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇരു വിഭാഗങ്ങളുടെയും വളര്‍ച്ച സമാനമാണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനര്‍ത്ഥം ദീര്‍ഘകാലയളവില്‍ കണക്കാക്കുമ്പോള്‍ ഇരു സമുദായത്തിലെയും ജനസംഖ്യ കുറയുകയും പരസ്പരം സമാനമായി വരികയുമാണെന്നാണ്.

സെന്‍സര്‍ പട്ടിക പ്രകാരം കണക്കുകൂട്ടിയാല്‍ ഭാവിയില്‍ മുസ്‌ലിം ജനസംഖ്യ കുറയുകയും ഹിന്ദു ജനസംഖ്യ അതേ നില തുടരുകയും ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. മൊത്തം ജനസംഖ്യ പരിശോധിക്കുമ്പോള്‍ മുസ്‌ലിംകള്‍ എക്കാലവും മത ന്യൂനപക്ഷങ്ങളായി തുടരുക തന്നെയ ചെയ്യും. 2001 മുതല്‍ 2011 വരെയുള്ള കാലയളവിലെ ഹിന്ദു ജനസംഖ്യാ വര്‍ധന 133 മില്യണാണെന്നതാണ് രസകരമായ വസ്തുത. ഇത് 2001 ലെ മൊത്തം മുസ്‌ലിം ജനസംഖ്യയുടെ അടുത്തെത്തും. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച 1991ലെ സെന്‍സസില്‍ രേഖപ്പെടുത്തിയത് 32.88 ശതമാനമായിരുന്നു. 2001ലെ സെന്‍സസില്‍ ഇത് 29.52 ശതമാനമായി കുറഞ്ഞു. 2011ലെ ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് വളര്‍ച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 24.60 ശതമാനത്തിലെത്തി. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 1991ലെ സെന്‍സസ് റിപ്പോര്‍ട്ടിലാണ്. 2001വരെയുള്ള എല്ലാ സെന്‍സസിലും ശരാശരി 30 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഏറ്റവും ഒടുവിലെ സെന്‍സസ് അനുസരിച്ച് ഇത് 24.60 ശതമാനമായാണ് കുറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്.

ഹിന്ദു ജനസംഖ്യ കുറയുകയും മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുവരികയുമാണെന്ന് വായ്‌മൊഴിയാലും ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നടന്നുവരുന്ന പ്രചാരണം ഭയപ്പെടുത്തുന്നതാണ്. യഥാര്‍ത്ഥത്തില്‍ ദശാബ്ദക്കണക്കിലുള്ള കണക്ക് പരിശോധിച്ചാല്‍ മുസ്‌ലിം ജനസംഖ്യ കുറഞ്ഞുവരുന്നതായാണ് കണ്ടെത്താനാകുക. വിദ്യാഭ്യാസത്തിന്റെ അഭാവവും മോശമായ ആരോഗ്യ സൗകര്യങ്ങളുമാണ് ഉയര്‍ന്ന പ്രജനന നിരക്കിനു കാരണമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ഉത്തരേന്ത്യയിലെയും കേരളത്തിലെ തന്നെയും ഹിന്ദു സമുദായത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ പ്രജനന നിരക്ക് താഴ്ന്നതാണ്. ആസാം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണമായെടുത്താല്‍ കേരളത്തിലെ മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമാണെന്ന് കണ്ടെത്താം. ഒന്നുകൂടി വിശദമാക്കിയാല്‍ ദലിതുകള്‍ക്കിടയിലും (പട്ടികജാതി) ആദിവാസികള്‍ക്കിടയിലും (പട്ടികവര്‍ഗ) ജനപ്പെരുപ്പം കൂടിയതായി കാണാനാകും. 2011 സെന്‍സസ് പ്രകാരം പട്ടിക വര്‍ഗ വിഭാഗം 8.6 ശതമാനമായിരുന്നെങ്കില്‍ 1951 ലെ സെന്‍സസ് പ്രകാരം ഇവര്‍ 6.23 ശതമാനമാണ്. ഇപ്പോള്‍ പട്ടിക ജാതി 16.6 ശതമാനവും 1951ല്‍ അവര്‍ 15 ശതമാനത്തിനടുത്തുമായിരുന്നു.

ഈ സത്യമെല്ലാം വ്യക്തമാക്കുന്നത് വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന പ്രചാരണങ്ങളെല്ലാം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് കുട്ടികള്‍ മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കുന്ന തരത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ പോലുള്ളവരുടെ പ്രസ്താവന. സാക്ഷി മഹാരാജ്, സാധ്വി പ്രാഞ്ചി തുടങ്ങിയവരും ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
നോര്‍ത്ത് ഈസ്റ്റില്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുന്നത് ഭയാനകമാണെന്ന് ബി.ജെ.പി പ്രസിഡണ്ട് പറഞ്ഞിരുന്നു. പ്രധാനമായി ഗോത്ര മേഖലയായ ഇവിടെ 1931-51 സെന്‍സസില്‍ (ദശാബ്ദങ്ങള്‍ നീണ്ട കാലയളവില്‍) ക്രിസ്ത്യന്‍ ജനസംഖ്യ വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി കാണാം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പട്ടാള ഭരണകൂടവും മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയും കാരണമാണ് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കാനിടയായത്. എന്നാല്‍ രാജ്യത്താകമാനമുള്ള കണക്കുനോക്കിയാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ക്രിസ്ത്യന്‍ ജനസംഖ്യ നിശ്ചലാവസ്ഥയിലാണ്. 1971 ലെ സെന്‍സസില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 2.6 ശതമാനമായിരുന്നു. 81ല്‍ 2.44 ഉം 91ല്‍ 2.34ഉം 2001ല്‍ 2.30ഉം 2011ല്‍ 2.30 ശതമാനവുമാണ്. അതേസമയം, മിഷിനറി പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിച്ചതായി വ്യാപക പ്രചാരണമുണ്ടായി. 1999ല്‍ ഗ്രഹാം സ്റ്റീവാര്‍ട്‌സ് സ്റ്റെയിന്‍ മൃഗീയമായ കൊല്ലപ്പെട്ടതോടെയാണ് ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങള്‍ പൊതുജന ശ്രദ്ധയിലെത്തിയത്. പാസ്റ്റര്‍ വ്യാപകമായി ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് പ്രചാരണം നടത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ധാരാസിങാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. എന്നാല്‍ പാസ്റ്റര്‍ സ്റ്റെയിന്‍സ് വധം അന്വേഷിച്ച വാധ്‌വ കമ്മീഷന്‍ കണ്ടെത്തിയത് അദ്ദേഹം മതപരിവര്‍ത്തനം നടത്തിയിരുന്നില്ല എന്നാണ്. ഒറീസയിലെ മനോഹര്‍പൂരിലെ കിയോഞ്ചാറിലും പാസ്റ്റര്‍ ജോലി ചെയ്തിരുന്നു. അവിടെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു സമാനമാണ് സ്വാമി ലക്ഷ്മണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാന്തമാലില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപം. ക്രിസ്ത്യന്‍ മിഷനറികള്‍ മതപരിവര്‍ത്തനം നടത്തുന്നെന്ന പ്രചാരണം ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും വ്യാപകമാണ്. അതേസമയം ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ നിശ്ചലാവസ്ഥ തുടരുകയാണെന്ന് കാണാവുന്നതാണ്. ചിലയാളുകള്‍ പറയുന്നത് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യം പലരും രഹസ്യമായി സൂക്ഷിക്കുകയാണെന്നുമാണ്. ഇത് വീണ്ടും സങ്കീര്‍ണത സൃഷ്ടിക്കുകയും വിശദീകരണം നല്‍കാന്‍ പറ്റാതാകുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി ഉണ്ടാകാനിടയില്ല.

കാലങ്ങളായുള്ള ഹിന്ദു ദേശീയതയുടെ അജണ്ടയുടെ ഭാഗമാണ് ഇത്തരം വര്‍ത്തമാനങ്ങള്‍. സ്വാതന്ത്ര്യ സമരകാലയളവില്‍ ഇത്തരം രണ്ട് പ്രചാരണങ്ങള്‍ സജീവമായിരുന്നു. ആളുകളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന തന്‍സീം ആണ് ഇതിലൊന്ന്. മറ്റൊന്ന് സുധി. സ്വന്തം നാട്ടിലെ മതം ഉപേക്ഷിച്ച് വിദേശ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഇത്. ഇതര മതങ്ങള്‍ അവരെ അശുദ്ധമാക്കിയതായും അതിനാല്‍ ശുദ്ധികലശം വരുത്തി അവരെ തിരികെയെത്തിക്കണമെന്നുമുള്ള വര്‍ത്തമാനമാണിത്. ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിലേക്കും വശീകരണത്തിലൂടെയോ ചതിയിലൂടെയോ ക്രിസ്ത്യന്‍ മതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ട ദലിതുകളെയും ആദിവാസികളെയും സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള (ഘര്‍വാപസി) ശ്രമത്തിലാണ് കഴിഞ്ഞ കുറേ ദശാബ്ദമായി ആര്‍.എസ്.എസും വി.എച്ച്.പിയും വനവാസി കല്യാണ്‍ ആശ്രമവും.

പ്രകൃതി ശക്തികളെ ആരാധിക്കുന്നവരാണ് ആദിവാസികള്‍. അതേസമയം ആര്‍.എസ്.എസുകാര്‍ പറയുന്നു അവര്‍ ഹിന്ദുക്കളാണെന്ന്. വനവാസി കല്യാണ്‍ ആശ്രമമാണ് അവരെ ഹിന്ദുക്കളിലേക്ക് ചേര്‍ക്കുന്നത്. ഇത്തരം അവകാശവാദങ്ങളും കൂട്ടിച്ചേര്‍ക്കലുകളും രാഷ്ട്രീയ പ്രേരിതം മാത്രമാണ്, അല്ലാതെ അവരുടെ ക്ഷേമമോ പുരോഗതിയോ ലക്ഷ്യം വെച്ചല്ല.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending