columns
സംഘ്പരിവാര്‍ ക്വട്ടേഷന്‍ എസ്.എഫ്.ഐക്ക്-ലുഖ്മാന് മമ്പാട്
കൊലപാതക ശ്രമം, പീഡനശ്രമം, പട്ടികജാതി അധിക്ഷേപം, അക്രമങ്ങള്‍ എന്നിവക്ക്പുറമെ ഗോഡ്ഫാദറായ പിണറായി വിജയന്റെ സംരക്ഷണയില്‍ ഒത്തുകളിച്ച് ജാമ്യം നേടി പുറത്തിറങ്ങി അതിന്റെ വ്യവസ്ഥകളും ലംഘിച്ച് കാരാഗൃഹത്തിലടക്കപ്പെട്ട ഒരാള്‍ നയിക്കുന്ന സംഘടനയുടെ കൊടിയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നെഴുതി വെക്കുന്നത് എത്രമാത്രം അശ്ലീലമാണ്.
പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ; അതില്പ്പെട്ടവരെമാത്രം പിടിച്ചാല്‍പ്പോരേ. ചോദ്യം വയനാട്ടില്‍ നിന്നാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പട്ടാപ്പകല്‍ ആക്രമിച്ച ക്രിമിനലുകളായ എസ്.എഫ്.ഐക്കാരെ പൊലീസ് വണ്ടിയില്‍ കയറ്റുമ്പോള്‍ ഇറങ്ങിവന്ന് പൊലീസിനോടാണ് ആജ്ഞ. തള്ളിപ്പറയല്‍ പ്രഹസനത്തിനപ്പുറമാണ് കാര്യങ്ങളുടെ കിടപ്പ്. എസ്.എഫ്.ഐ ജില്ലാകമ്മിറ്റി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണം അറിയാന്‍ സംസ്ഥാന സെക്രട്ടറിയെ വിളിക്കുന്നു. അപ്പോഴാണ് പലരും അറിയുന്നത്, സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ അകപെട്ട് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ട് ജയിലിലടച്ചിരിക്കുകയാണ് ആ നേതാവിനെയെന്ന്.
എതിര് ചേരിയിലുള്ളവരെ അക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമായ കേസുകളുടെ പരമ്പര മാത്രമല്ല, സ്വന്തം മുന്നണിയില്‍പെട്ട സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് നേതാവിനെ കോളജിന്റെ തിരുമുറ്റത്ത് പരസ്യമായി തല്ലിവീഴ്ത്തി തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞതും ഇതേ നേതാവ്. സര്‍വകലാശാല തലത്തിലെ തിരഞ്ഞെടുപ്പില്‍ നോമിനേഷന് സമര്‍പ്പിച്ച കുറ്റമാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആ പെണ്‍കുട്ടി ചെയ്തത്.
കൊലപാതക ശ്രമം, പീഡനശ്രമം, പട്ടികജാതി അധിക്ഷേപം, അക്രമങ്ങള്‍ എന്നിവക്ക്പുറമെ ഗോഡ്ഫാദറായ പിണറായി വിജയന്റെ സംരക്ഷണയില്‍ ഒത്തുകളിച്ച് ജാമ്യം നേടി പുറത്തിറങ്ങി അതിന്റെ വ്യവസ്ഥകളും ലംഘിച്ച് കാരാഗൃഹത്തിലടക്കപ്പെട്ട ഒരാള്‍ നയിക്കുന്ന സംഘടനയുടെ കൊടിയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നെഴുതി വെക്കുന്നത് എത്രമാത്രം അശ്ലീലമാണ്.
ഏതാനും ദിവസം മുമ്പാണ് മാരക മയക്കുമരുന്നുമായി എസ്.എഫ്.ഐ മുന്‍ സംസ്ഥാന നേതാവായ ഡി.വൈ.എഫ്. ഐക്കാരന് അറസ്റ്റിലായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന എസ്.എഫ്.ഐക്കാരുടെ എണ്ണത്തോളം വരും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കുടുംബത്തില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി ഒന്നിച്ചു താമസിപ്പിക്കുന്നത്. രണ്ടും സമൂഹത്തിലെ തിന്മയാണെന്ന് അഭിപ്രായമില്ലാത്തതും ധാര്‍മികതയെന്ന് സമൂഹം കരുതുന്ന എല്ലാ മൂല്യങ്ങളും തകര്‍ക്കലാണ് പ്രഥമ ലക്ഷ്യമെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് എസ്.എഫ്.ഐ. കോളജുകള്‍ക്ക് മുമ്പില്‍ എസ്.എഫ്.ഐയുടെ അഡള്‍ട്ട് ഒണ്‍ലി അശ്ലീല ഫ്ളക്സുകള്‍ ടീനേജിന്റെ ഇക്കിളിയുടെ സാധ്യതയെ സംഘടനാ ലൈനാക്കുന്നതിന്റെ നേരടയാളമാണ്.
പുരോഗമനം എന്ന മനോഹര ലേബലൊട്ടിച്ച് കോര്‍പറേറ്റ് വര്‍ഗീയ ദാസ്യത്തിന്റെ ചാണകക്കുഴിയില്‍ തള്ളാനാണ് സമീപ കാലത്ത് ഇവര്‍ ശ്രമിക്കുന്നത്. ക്യാമ്പസുകളില്‍ ഇത്രയേറെ പിന്തുണ (ഭീഷണിയിലൂടെയാണെങ്കില് പോലും) ഉള്ള എസ്.എഫ്.ഐ കേരളീയ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്കിയ സേവനങ്ങളുടെ കണക്കെടുത്താല്‍ കാര്യങ്ങള്‍ പെട്ടന്ന് ബോധ്യപ്പെടും. അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും വി.സിമാരെയും എതിര് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയും അക്രമിച്ച് മേനി നടിക്കുന്നതല്ലാതെ ഒരു ബാലന്‍സും ഇവര്‍ക്കില്ല. സ്വാശ്രയ സമരവും പ്ലസ്ടു പ്രക്ഷോഭവും ഉള്‍പ്പെടെ അന്നത്തെ സേവനങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ അവരെ വളഞ്ഞിട്ടു തല്ലുമെന്ന സ്ഥിതിയാണ്.
ധാര്‍മികത ചോര്‍ത്തി മദ്യവും മയക്കുമരുന്നു സ്വതന്ത്ര ലൈംഗികതയും ആവോളം നല്കി ഒന്നാം നമ്പര്‍ ക്രിമിനലുകളായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുന്ന സംഘടനയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും തള്ളിപ്പറയേണ്ടിവരുന്നു. പക്ഷേ, സി.പി.എം ചെല്ലും ചെലവും കൊടുത്ത് സര്‍ക്കാര്‍ സംരക്ഷണം കൊടുത്ത് അവരെ തീറ്റിപ്പോറ്റുക തന്നെ ചെയ്യും. അക്രമികള്‍ക്ക് ഒരു മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അഴിഞ്ഞാടാന്‍ സംരക്ഷണം ഉറപ്പുവരുത്തിയത് കാണുമ്പോഴാണ് ആഭ്യന്തര മന്ത്രി പിണറായി തന്നെയാണ് ഈ ഗൂഢാലോചനയുടെ കേന്ദ്ര ബിന്ദുവെന്ന് വ്യക്തമാകുക.
രാഹുല്‍ ഗാന്ധിക്ക് നേരെ ഏറ്റവുമധികം അധിക്ഷേപം ചൊരിയുന്ന, ഇ.ഡിയുടെ വേട്ടയെ ഏറ്റവും വികൃതമായ ഫോട്ടോയുടെ അകമ്പടിയോടെ ആഘോഷിക്കുന്ന പത്രം ദേശാഭിമാനിയാണ്. ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തിനെത്തി, ഗാന്ധിജിയുടെ ചിത്രം തകര്‍ത്തതിനെകുറിച്ച് ഏതോ ഓണ്‍ലൈനിനെ ചാരി ദുഷ്ടലാക്കോടെ ചോദ്യം ഉയര്‍ത്തിയതും പ്രകോപനം ലക്ഷ്യമിട്ട് തന്നെയായിരുന്നു. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതില്‍ പ്രകോപിതരായി പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും ഗാന്ധിയുടെ ചിത്രം തകര്‍ത്തത് പ്രത്യയശാസ്ത്രപരമായി തന്നെ അവരില്‍ അരിച്ചു കയറിയ സംഘിസമാണ്.
ഡല്‍ഹിയിലും ബംഗാളിലും ബീഹാറിലും തമിഴ്നാട്ടിലുമൊക്കെ രാഹുലിന്റെ ചിത്രം ഏലസായി ചരടില്‍ കോര്‍ത്ത്കെട്ടി പേടി മാറ്റുന്ന സി.പി.എമ്മില്‍നിന്ന് ഏറെ വിഭിന്നമാണ് പിണറായി വിജയന് പാട്ടത്തിനെടുത്ത സി.പി.എമ്മെന്ന് മറ്റാരേക്കാളും സീതാറാം യെച്ചൂരിക്ക് അറിയാം. 2008 മാര്‍ച്ച് 10ന് കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന് ആക്രമിക്കപ്പെട്ടപ്പോള്‍ രക്ഷിക്കണേയെന്ന് ആദ്യം ഫോണ്‍ കറക്കിയത് ഇതേ നേതാവിന്റെ നമ്പറിലേക്കായിരുന്നു. തമിഴ് നാട്ടിലടക്കം കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമാണ് സി. പി.എം എന്ന വസ്തുത മറച്ചവെച്ചാണ് സി.പി.എം ബദല്‍ രാഷട്രീയ ഗിമ്മിക്ക് നടത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് ഏറിയ നേരവും കോണ്‍ഗ്രസ് ബന്ധം വേണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് ബന്ധം വേണ്ട എന്ന നിലപാടെടുത്ത് ആര്.എസ്.എസ് വിധേയത്വം അരക്കിട്ടുറപ്പിക്കും. ഇതോടെ ലാവ്ലിനും ബിരിയാണി ചെമ്പിലെ സ്വര്‍ണവുമെല്ലാം സ്വപ്നാടനമാവും.
പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതില്‍ ഒളിച്ചുകളിയും ഇരട്ടത്താപ്പുമാണ് പിണറായി മന്ത്രിസഭ നടത്തിയത്. 2019 ഒക്ടോബര്‍ 23ന് ബഫര്‍സോണിന് അനുകൂലമായ തീരുമാനമെടുത്തശേഷം സൗകര്യപൂര്‍വം സത്യങ്ങള്‍ മറച്ചുവെച്ചാണ് മലയോരെ ജനതയെ രാഹുലിനെതിരെ ഇളക്കിവിടാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. നാലു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തു നല്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന്റെ പിറ്റേന്നാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി രാഹുല്‍ഗാന്ധിക്കെതിരെ സമരം പ്രഖ്യാപിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് നേരിട്ട് പങ്കെടുത്താണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ഇന്നലെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചപ്പോള്‍ ഈ മാസം ആദ്യം ഇതേ ആള് രാജിവെച്ച് പോയെന്നാണ് മന്ത്രി വീണ കള്ളം പറഞ്ഞത്. ഇന്നലെ തിടുക്കപ്പെട്ട് പുറത്താക്കല്‍ നാടകവും.കേന്ദ്രം ഇ.ഡിയെ ഉപയോഗിച്ച് രാഹുലിനെ വേട്ടയാടുമ്പോള്‍ കേരളത്തില്‍ ആ പണി പിണറായി വിജയനാണ് ചെയ്യുന്നത്. ഇ.ഡിയെ ഉപയോഗിച്ച് അഞ്ചു ദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും രാഹുല്‍ ഗാന്ധിയുടെ മനോവീര്യത്തിന് ഒരു പോറലുമേറ്റില്ല. ലാഭരഹിത കമ്പനി രൂപീകരിച്ച് കോണ്‍ഗ്രസ് മുഖപത്രത്തെ രക്ഷിച്ചതിന് അടിസ്ഥാനരഹിത കുറ്റപത്രത്തിലൂടെ വേട്ടയാടിയ ഇ.ഡി, അമിത്ഷാക്ക് എന്ത് മറുപടി കൊടുത്ത് തടിതപ്പുമെന്ന് ആലോചിക്കുകയാണ്. ഒരു അറസ്റ്റ് നാടകം നടത്തിക്കൂടായ്കയുമില്ല. മോദിയുടെയും യോഗിയുടെയും ധിക്കാര കോട്ടയെ നെഞ്ചൂക്ക്കൊണ്ട് തകര്‍ത്ത് പിച്ചിച്ചീന്തി കൊന്നുതള്ളിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹത്രാസിലേക്കുപോയത് മാത്രം മതി ആ നിശ്ചദാര്‍ഢ്യം അളക്കാന്‍. ഇന്ത്യയുടെ ആത്മാവിനു മുറിവേല്ക്കുമ്പോള് ഭീഷണികളെ മറികടന്നു ആദ്യം ഓടിയെത്തി മുറിവേറ്റ മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. 2019ല്‍ വയനാട്ടില്‍ നിന്നു ലോക്സഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞത്, എനിക്കറിയാം കേരളത്തില്‍ കോണ്‍ഗ്രസും സി. പി.എമ്മും തമ്മില്‍ പോരാട്ടത്തിലാണെന്ന്; പക്ഷേ ഞാനിവിടെ വന്നിരിക്കുന്നത് ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് എന്നാണ്. എന്നാല്‍ പുതിയ കാലത്ത് അതിനു തിരുണ്ടാവുക തന്നെ ചെയ്യും. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രവചനം പോലെ ഒരു വ്യാഴവട്ടം മുമ്പ് ഷാഹിജ് മിനാര്‍ മൈതാനത്തില്‍ രാഹുല്‍ഗാന്ധി നടത്തിയൊരു പ്രസംഗമുണ്ട്; പശ്ചിമബംഗാളിലെ സി.പി.എം വാഴ്ചയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും റഷ്യയില്‍ പെട്ടെന്നൊരു നാളാണ് കമ്യൂണിസം മാഞ്ഞുപോയതെന്നും പശ്ചിമബംഗാളിലും അതുതന്നെ സംഭവിക്കുമെന്നുമായിരുന്നു ആ വാക്കുകള്‍. അതിവിടെയും പുലരാന്‍ അധികനാളുകള്‍ വേണ്ടിവരില്ല.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

