പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ; അതില്‍പ്പെട്ടവരെമാത്രം പിടിച്ചാല്‍പ്പോരേ. ചോദ്യം വയനാട്ടില്‍ നിന്നാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പട്ടാപ്പകല്‍ ആക്രമിച്ച ക്രിമിനലുകളായ എസ്.എഫ്.ഐക്കാരെ പൊലീസ് വണ്ടിയില്‍ കയറ്റുമ്പോള്‍ ഇറങ്ങിവന്ന് പൊലീസിനോടാണ് ആജ്ഞ. തള്ളിപ്പറയല്‍ പ്രഹസനത്തിനപ്പുറമാണ് കാര്യങ്ങളുടെ കിടപ്പ്. എസ്.എഫ്.ഐ ജില്ലാകമ്മിറ്റി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണം അറിയാന്‍ സംസ്ഥാന സെക്രട്ടറിയെ വിളിക്കുന്നു. അപ്പോഴാണ് പലരും അറിയുന്നത്, സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ അകപെട്ട് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ട് ജയിലിലടച്ചിരിക്കുകയാണ് ആ നേതാവിനെയെന്ന്.

എതിര്‍ ചേരിയിലുള്ളവരെ അക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമായ കേസുകളുടെ പരമ്പര മാത്രമല്ല, സ്വന്തം മുന്നണിയില്‍പെട്ട സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് നേതാവിനെ കോളജിന്റെ തിരുമുറ്റത്ത് പരസ്യമായി തല്ലിവീഴ്ത്തി തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞതും ഇതേ നേതാവ്. സര്‍വകലാശാല തലത്തിലെ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിച്ച കുറ്റമാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആ പെണ്‍കുട്ടി ചെയ്തത്.

കൊലപാതക ശ്രമം, പീഡനശ്രമം, പട്ടികജാതി അധിക്ഷേപം, അക്രമങ്ങള്‍ എന്നിവക്ക്പുറമെ ഗോഡ്ഫാദറായ പിണറായി വിജയന്റെ സംരക്ഷണയില്‍ ഒത്തുകളിച്ച് ജാമ്യം നേടി പുറത്തിറങ്ങി അതിന്റെ വ്യവസ്ഥകളും ലംഘിച്ച് കാരാഗൃഹത്തിലടക്കപ്പെട്ട ഒരാള്‍ നയിക്കുന്ന സംഘടനയുടെ കൊടിയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നെഴുതി വെക്കുന്നത് എത്രമാത്രം അശ്ലീലമാണ്.

ഏതാനും ദിവസം മുമ്പാണ് മാരക മയക്കുമരുന്നുമായി എസ്.എഫ്.ഐ മുന്‍ സംസ്ഥാന നേതാവായ ഡി.വൈ.എഫ്. ഐക്കാരന്‍ അറസ്റ്റിലായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന എസ്.എഫ്.ഐക്കാരുടെ എണ്ണത്തോളം വരും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കുടുംബത്തില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി ഒന്നിച്ചു താമസിപ്പിക്കുന്നത്. രണ്ടും സമൂഹത്തിലെ തിന്മയാണെന്ന് അഭിപ്രായമില്ലാത്തതും ധാര്‍മികതയെന്ന് സമൂഹം കരുതുന്ന എല്ലാ മൂല്യങ്ങളും തകര്‍ക്കലാണ് പ്രഥമ ലക്ഷ്യമെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് എസ്.എഫ്.ഐ. കോളജുകള്‍ക്ക് മുമ്പില്‍ എസ്.എഫ്.ഐയുടെ അഡള്‍ട്ട് ഒണ്‍ലി അശ്ലീല ഫ്‌ളക്‌സുകള്‍ ടീനേജിന്റെ ഇക്കിളിയുടെ സാധ്യതയെ സംഘടനാ ലൈനാക്കുന്നതിന്റെ നേരടയാളമാണ്.

പുരോഗമനം എന്ന മനോഹര ലേബലൊട്ടിച്ച് കോര്‍പറേറ്റ് വര്‍ഗീയ ദാസ്യത്തിന്റെ ചാണകക്കുഴിയില്‍ തള്ളാനാണ് സമീപ കാലത്ത് ഇവര്‍ ശ്രമിക്കുന്നത്. ക്യാമ്പസുകളില്‍ ഇത്രയേറെ പിന്തുണ (ഭീഷണിയിലൂടെയാണെങ്കില്‍ പോലും) ഉള്ള എസ്.എഫ്.ഐ കേരളീയ സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും നല്‍കിയ സേവനങ്ങളുടെ കണക്കെടുത്താല്‍ കാര്യങ്ങള്‍ പെട്ടന്ന് ബോധ്യപ്പെടും. അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും വി.സിമാരെയും എതിര്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയും അക്രമിച്ച് മേനി നടിക്കുന്നതല്ലാതെ ഒരു ബാലന്‍സും ഇവര്‍ക്കില്ല. സ്വാശ്രയ സമരവും പ്ലസ്ടു പ്രക്ഷോഭവും ഉള്‍പ്പെടെ അന്നത്തെ സേവനങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ അവരെ വളഞ്ഞിട്ടു തല്ലുമെന്ന സ്ഥിതിയാണ്.

ധാര്‍മികത ചോര്‍ത്തി മദ്യവും മയക്കുമരുന്നു സ്വതന്ത്ര ലൈംഗികതയും ആവോളം നല്‍കി ഒന്നാം നമ്പര്‍ ക്രിമിനലുകളായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുന്ന സംഘടനയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും തള്ളിപ്പറയേണ്ടിവരുന്നു. പക്ഷേ, സി.പി.എം ചെല്ലും ചെലവും കൊടുത്ത് സര്‍ക്കാര്‍ സംരക്ഷണം കൊടുത്ത് അവരെ തീറ്റിപ്പോറ്റുക തന്നെ ചെയ്യും. അക്രമികള്‍ക്ക് ഒരു മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അഴിഞ്ഞാടാന്‍ സംരക്ഷണം ഉറപ്പുവരുത്തിയത് കാണുമ്പോഴാണ് ആഭ്യന്തര മന്ത്രി പിണറായി തന്നെയാണ് ഈ ഗൂഢാലോചനയുടെ കേന്ദ്ര ബിന്ദുവെന്ന് വ്യക്തമാകുക.

രാഹുല്‍ ഗാന്ധിക്ക് നേരെ ഏറ്റവുമധികം അധിക്ഷേപം ചൊരിയുന്ന, ഇ.ഡിയുടെ വേട്ടയെ ഏറ്റവും വികൃതമായ ഫോട്ടോയുടെ അകമ്പടിയോടെ ആഘോഷിക്കുന്ന പത്രം ദേശാഭിമാനിയാണ്. ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തിനെത്തി, ഗാന്ധിജിയുടെ ചിത്രം തകര്‍ത്തതിനെകുറിച്ച് ഏതോ ഓണ്‍ലൈനിനെ ചാരി ദുഷ്ടലാക്കോടെ ചോദ്യം ഉയര്‍ത്തിയതും പ്രകോപനം ലക്ഷ്യമിട്ട് തന്നെയായിരുന്നു. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതില്‍ പ്രകോപിതരായി പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും ഗാന്ധിയുടെ ചിത്രം തകര്‍ത്തത് പ്രത്യയശാസ്ത്രപരമായി തന്നെ അവരില്‍ അരിച്ചു കയറിയ സംഘിസമാണ്.

ഡല്‍ഹിയിലും ബംഗാളിലും ബീഹാറിലും തമിഴ്‌നാട്ടിലുമൊക്കെ രാഹുലിന്റെ ചിത്രം ഏലസായി ചരടില്‍ കോര്‍ത്ത്‌കെട്ടി പേടി മാറ്റുന്ന സി.പി.എമ്മില്‍നിന്ന് ഏറെ വിഭിന്നമാണ് പിണറായി വിജയന്‍ പാട്ടത്തിനെടുത്ത സി.പി.എമ്മെന്ന് മറ്റാരേക്കാളും സീതാറാം യെച്ചൂരിക്ക് അറിയാം. 2008 മാര്‍ച്ച് 10ന് കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ രക്ഷിക്കണേയെന്ന് ആദ്യം ഫോണ്‍ കറക്കിയത് ഇതേ നേതാവിന്റെ നമ്പറിലേക്കായിരുന്നു. തമിഴ് നാട്ടിലടക്കം കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമാണ് സി. പി.എം എന്ന വസ്തുത മറച്ചവെച്ചാണ് സി.പി.എം ബദല്‍ രാഷട്രീയ ഗിമ്മിക്ക് നടത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് ഏറിയ നേരവും കോണ്‍ഗ്രസ് ബന്ധം വേണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് ബന്ധം വേണ്ട എന്ന നിലപാടെടുത്ത് ആര്‍.എസ്.എസ് വിധേയത്വം അരക്കിട്ടുറപ്പിക്കും. ഇതോടെ ലാവ്‌ലിനും ബിരിയാണി ചെമ്പിലെ സ്വര്‍ണവുമെല്ലാം സ്വപ്‌നാടനമാവും.

പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതില്‍ ഒളിച്ചുകളിയും ഇരട്ടത്താപ്പുമാണ് പിണറായി മന്ത്രിസഭ നടത്തിയത്. 2019 ഒക്ടോബര്‍ 23ന് ബഫര്‍സോണിന് അനുകൂലമായ തീരുമാനമെടുത്തശേഷം സൗകര്യപൂര്‍വം സത്യങ്ങള്‍ മറച്ചുവെച്ചാണ് മലയോരെ ജനതയെ രാഹുലിനെതിരെ ഇളക്കിവിടാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. നാലു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന്റെ പിറ്റേന്നാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി രാഹുല്‍ഗാന്ധിക്കെതിരെ സമരം പ്രഖ്യാപിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് നേരിട്ട് പങ്കെടുത്താണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ഇന്നലെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചപ്പോള്‍ ഈ മാസം ആദ്യം ഇതേ ആള്‍ രാജിവെച്ച് പോയെന്നാണ് മന്ത്രി വീണ കള്ളം പറഞ്ഞത്. ഇന്നലെ തിടുക്കപ്പെട്ട് പുറത്താക്കല്‍ നാടകവും.കേന്ദ്രം ഇ.ഡിയെ ഉപയോഗിച്ച് രാഹുലിനെ വേട്ടയാടുമ്പോള്‍ കേരളത്തില്‍ ആ പണി പിണറായി വിജയനാണ് ചെയ്യുന്നത്. ഇ.ഡിയെ ഉപയോഗിച്ച് അഞ്ചു ദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും രാഹുല്‍ ഗാന്ധിയുടെ മനോവീര്യത്തിന് ഒരു പോറലുമേറ്റില്ല. ലാഭരഹിത കമ്പനി രൂപീകരിച്ച് കോണ്‍ഗ്രസ് മുഖപത്രത്തെ രക്ഷിച്ചതിന് അടിസ്ഥാനരഹിത കുറ്റപത്രത്തിലൂടെ വേട്ടയാടിയ ഇ.ഡി, അമിത്ഷാക്ക് എന്ത് മറുപടി കൊടുത്ത് തടിതപ്പുമെന്ന് ആലോചിക്കുകയാണ്. ഒരു അറസ്റ്റ് നാടകം നടത്തിക്കൂടായ്കയുമില്ല. മോദിയുടെയും യോഗിയുടെയും ധിക്കാര കോട്ടയെ നെഞ്ചൂക്ക്‌കൊണ്ട് തകര്‍ത്ത് പിച്ചിച്ചീന്തി കൊന്നുതള്ളിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹത്രാസിലേക്കുപോയത് മാത്രം മതി ആ നിശ്ചദാര്‍ഢ്യം അളക്കാന്‍. ഇന്ത്യയുടെ ആത്മാവിനു മുറിവേല്‍ക്കുമ്പോള്‍ ഭീഷണികളെ മറികടന്നു ആദ്യം ഓടിയെത്തി മുറിവേറ്റ മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. 2019ല്‍ വയനാട്ടില്‍ നിന്നു ലോക്‌സഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞത്, എനിക്കറിയാം കേരളത്തില്‍ കോണ്‍ഗ്രസും സി. പി.എമ്മും തമ്മില്‍ പോരാട്ടത്തിലാണെന്ന്; പക്ഷേ ഞാനിവിടെ വന്നിരിക്കുന്നത് ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് എന്നാണ്. എന്നാല്‍ പുതിയ കാലത്ത് അതിനു തിരുണ്ടാവുക തന്നെ ചെയ്യും. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രവചനം പോലെ ഒരു വ്യാഴവട്ടം മുമ്പ് ഷാഹിജ് മിനാര്‍ മൈതാനത്തില്‍ രാഹുല്‍ഗാന്ധി നടത്തിയൊരു പ്രസംഗമുണ്ട്; പശ്ചിമബംഗാളിലെ സി.പി.എം വാഴ്ചയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും റഷ്യയില്‍ പെട്ടെന്നൊരു നാളാണ് കമ്യൂണിസം മാഞ്ഞുപോയതെന്നും പശ്ചിമബംഗാളിലും അതുതന്നെ സംഭവിക്കുമെന്നുമായിരുന്നു ആ വാക്കുകള്‍. അതിവിടെയും പുലരാന്‍ അധികനാളുകള്‍ വേണ്ടിവരില്ല.