Connect with us

india

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് മുന്നില്‍ വെല്ലുവിളികളേറെ

മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്.

Published

on

ന്യൂഡല്‍ഹി: വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യശ്രദ്ധ മുഴുവന്‍ ഇനി ഗുജറാത്തിലേക്ക്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ തട്ടകമെന്നതും കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളില്‍ കൈവിടാത്ത സംസ്ഥാനമെന്ന നിലക്കും ബി.ജെ.പിക്ക് അഭിമാന പോരാട്ടമാണിത്.

മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. ഒപ്പം ആം ആദ്മി പാര്‍ട്ടി കൂടി കളത്തിലിറങ്ങിയതോടെ പ്രചാരണം സജീവമായി. പതിവ് ചേരുവകളില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന തിരിച്ചറിവ് ബി.ജെ.പിക്കുണ്ട്. ഏറ്റവും ഒടുവിലായി 135 പേരുടെ മരണത്തിന് ഇടയാക്കിയ മോര്‍ബി തൂക്കുപാലം ദുരന്തവും പ്രചാരണ വിഷയമാവും. ചര്‍ച്ചയായേക്കാവുന്ന വിഷയങ്ങള്‍ ഇവയാണ്:

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ്

സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണ ശാലയായ ഗുജറാത്തില്‍ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത സംഭവം. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ ഇത് വ്യത്യസ്തമായ രീതിയിലാണ് സ്വീകരിച്ചിരിക്കുന്നത്.

ഭരണവിരുദ്ധ വികാരം

1998 മുതല്‍ കഴിഞ്ഞ 24 വര്‍ഷത്തെ ബിജെപി ഭരണത്തിന് കീഴില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള അതൃപ്തി ഉടലെടുത്തു കഴിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളുമെല്ലാം ഇക്കാലയളവില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുള്ളത്.

മോര്‍ബി പാലം ദുരന്തം

ഒക്ടോബര്‍ 30 ന് 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി പാലം തകര്‍ച്ചയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സര്‍ക്കാരും വ്യവസായികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ദുരന്തമെന്ന ആരോപണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ഇത് സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുന്നതിനും കാരണമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ദുരന്തം വോട്ടര്‍മാരെ സ്വാധീനിക്കും.

തൊഴിലില്ലായ്മ

തുടര്‍ച്ചയായി സംഭവിക്കുന്ന പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചതും യുവാക്കള്‍ക്കിടയില്‍ അതൃപ്തി വര്‍ധിച്ചു. ഇത് സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയും വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു.

വികസനമില്ലാത്ത ഗ്രാമപ്രദേശങ്ങള്‍

സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ വികസനം എങ്ങുമെത്തിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ മോശം നിലയിലാണ്. ആവശ്യത്തിന് ക്ലാസ് മുറികള്‍ നിര്‍മിച്ചാല്‍ അധ്യാപകരില്ലാത്തതും അധ്യാപകരെ നിയമിച്ചാല്‍ ക്ലാസ് മുറി ഇല്ലാത്തതുമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോ ആവശ്യത്തിന് ഡോക്ടര്‍മാരോ ഇല്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. മോര്‍ബി പാലം ദുരന്തത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ആശുപത്രി മോടി പിടിപ്പിച്ചതടക്കം ഈ ദുരവസ്ഥ പുറത്തെത്തിച്ചിട്ടുണ്ട്.

കര്‍ഷക രോഷം

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മഴക്കെടുതിയില്‍ വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത് വന്നു. കര്‍ഷക രോഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യ ഉറപ്പാണ്.

നിലവാരമില്ലാത്ത റോഡുകള്‍

ഗുജറാത്ത് മോഡല്‍ വികസനമെന്ന ബിജെപിയുടെ അവകാശവാദത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു മികച്ച റോഡുകള്‍. കഴിഞ്ഞ ആറു വര്‍ഷമായി നല്ല റോഡുകള്‍ നിര്‍മിക്കുന്നതിനോ പഴയ റോഡുകള്‍ പരിപാലിക്കുന്നതിനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് നിരത്തിലെവിടെയും.

വൈദ്യുതി നിരക്ക് വര്‍ധന

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. അതുകൊണ്ട് തന്നെ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന ആംആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും വാഗ്ദാനങ്ങള്‍ ജനങ്ങള്‍ സന്തോഷത്തോടെ മുഖവിലയ്ക്ക് എടുക്കുന്നുണ്ട്. മഹാരാഷ്ട്രയിലും തെലങ്കാനയിലും യൂണിറ്റിന് നാലു രൂപ നിരക്കാണെങ്കില്‍ യൂണിറ്റിന് 7.50 രൂപയാണ് ഗുജറാത്തില്‍ നല്‍കേണ്ടത്.

ഭൂമി പിടിച്ചെടുക്കല്‍

വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്ന പേരില്‍ വലിയ തോതില്‍ ഭൂമി പിടിച്ചെടുക്കുന്നത് കര്‍ഷകര്‍ക്കും ഭൂവുടകള്‍ക്കും ഇടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ രംഗത്ത് എത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

india

നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ പിടിയില്‍

സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു

Published

on

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ്‌
ചെയ്തത്. സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഏജന്റുകളാണ് നിജ്ജരിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending