Connect with us

News

വിജയപ്രതീക്ഷയുമായി സഊദി നാളെ പോളണ്ടിനെതിരെ

പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരായ സഊദി തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ലോകഫുട്ബാളിലെ അതികായരായ അര്‍ജന്റീനക്കെതിരെ നേടിയ അട്ടിമറി ജയം നല്‍കിയ ആത്മവിശ്വാസവുമായി ഹെര്‍വ് റെനാര്‍ഡിന്റെ കുട്ടികള്‍ പൊരുതാനിറങ്ങുന്നത് . സെനഗലുമായുള്ള മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയ രാജ്യമായ ഖത്തര്‍ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അറബ്ലോകത്തിന്റെ പ്രതീക്ഷ സഊദിയുടെ ഇനിയുള്ള രണ്ട് പോരാട്ടങ്ങളിലാണ്. അറബ്ലോകവും ഒപ്പം സഊദിയും ആകാംക്ഷയോടെയാണ് നാളെ നടക്കുന്ന സഊദി പോളണ്ട് കളിയെ കാത്തിരിക്കുന്നത്. ചൊവാഴ്ചയാണ് മെക്‌സിക്കോയുമായുള്ള മൂന്നാം മത്സരം.

ആദ്യമത്സരത്തിലെ വിജയത്തില്‍ രാജ്യത്തെയും അറബ്ലോകത്തെയും സഊദിയെ നെഞ്ചേറ്റുന്ന മറ്റു രാഷ്ട്രങ്ങളിലെയും ഭരണാധികാരികളുടെയും ഫുട്ബാള്‍ പ്രേമികളുടെയും തലോടല്‍ കൊണ്ട് പുളകം കൊണ്ട സഊദി കളിക്കാര്‍ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും കടുത്ത വെല്ലുവിളികളാണ്. അര്‍ജന്റീനയയുമായി താരതമ്യം ചെയ്യുമ്പോള്‍ പോളണ്ടിനോടുള്ള പോരാട്ടം ആയാസരഹിതമാകുമെന്നാണ് സഊദിയുടെ കണക്കുകൂട്ടല്‍. നിലവില്‍ കളിക്കാരെല്ലാം ഉജ്ജ്വല ഫോമിലാണ്. അര്‍ജന്റീനയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ ഫറാജിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ കോച്ച് ഹെര്‍വ് റെനാര്‍ഡ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. കാല്‍മുട്ടിന് താഴെ എല്ലിന് പരിക്കേറ്റ ഫറാജ് ചികിത്സയിലാണ്.

മെസ്സിയുടെ ടീമിനെതിരെ സഊദിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച താരങ്ങളില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസിന്റെ പങ്ക് അനിര്‍വ ചനീയമാണ്. ഗ്രൂപ്പിലെ പോളണ്ടുമായും മെക്‌സിക്കോയുമായുള്ള മത്സരങ്ങളിലും ടീം ഉജ്ജ്വലമായി കളിക്കുമെന്നാണ് ഉവൈസിന്റെ പ്രതീക്ഷ. മാനസികമായി ഞങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. കളിക്കളത്തില്‍ ദൈവാനുഗ്രഹവും ലോക ഫുട്‌ബോള്‍ പ്രേമികളുടെ പ്രാര്‍ത്ഥനയും ഗ്രൗണ്ട് സപ്പോര്‍ട്ടും തുണയാകുമെന്ന് ഉവൈസ് പറഞ്ഞു. അര്‍ജന്റീനന്‍ താരങ്ങളുടെ തീയുണ്ടകളെ പ്രതിരോധിക്കുന്നതില്‍ അവിസ്മരണീയമായ പ്രകടനമാണ് ഉവൈസ് കാഴ്ച്ച വെച്ചത്. നിരവധി ഷോട്ടുകള്‍ തടുത്തിട്ട ഉവൈസായിരുന്നു അര്‍ജന്റീനക്കെതിരെയുള്ള മത്സരത്തിലെ വിജയശില്‍പി. ആദ്യപകുതിയില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടിയ ഏക ഗോളാണ് ഉവൈസിനെ മറികടന്ന് പോസ്റ്റില്‍ പതിച്ചത്. ഗോളുകള്‍ അടിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് ആയി മാറുകയായിരുന്നു. കോച്ച് ഹെര്‍വ് റെനാര്‍ഡിന്റെ തന്ത്രപരമായ നിര്‍ദേശങ്ങളായിരുന്നു സഊദി ടീം ലുസൈല്‍ സ്റ്റേഡിയത്തില്‍ കളിച്ചു കാട്ടിയത്.

 

health

ഇന്ത്യക്കാർ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരോഗ്യ ചോദ്യങ്ങൾ; ജീവിതശൈലി രോഗങ്ങളോട് ആശങ്ക ഉയർന്നു

രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്.

Published

on

ന്യൂഡൽഹി: പ്രമേഹം മുതൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ ഇന്ത്യക്കാർക്കിടയിൽ വ്യാപകമാവുന്നതിനൊപ്പം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്. ഈ വർഷവും ഇന്ത്യയിൽ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ചോദ്യങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടവയായിരുന്നു.

ബ്ലഡ് ഷുഗർ, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കക്കല്ല്, വയറുവേദന തുടങ്ങിയ വിഷയങ്ങളാണ് തിരച്ചിലിൽ കൂടുതൽ മുന്നിൽ. ഇന്ത്യക്കാർ കൂടുതലായി ഗൂഗ്ളിൽ അന്വേഷിച്ച മുൻനിര ആരോഗ്യ ചോദ്യങ്ങൾ ഇതാ:

1. സാധാരണ ഷുഗർ ലെവൽ എത്രയാണ്?

ഫാസ്റ്റിങ്ങിന് മുൻപ് 70–100 എംജി/ഡിഎൽ, ഭക്ഷണത്തിന് രണ്ട് മണിക്കൂറിനു ശേഷം 140 എംജി/ഡിഎലിൽ താഴെ ആയിരിക്കണം.

2. ഉയർന്ന രക്തസമ്മർദം എന്താണ്?

130/80 എംഎം എച്ച്‌ജി अथവ അതിൽ കൂടുതലായിരിക്കുമ്പോൾ ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നു.

3. രക്തസമ്മർദം കുറയ്ക്കാനുള്ള വഴികൾ?

ഉപ്പിന്റെ ഉപയോഗം കുറക്കൽ, വ്യായാമം, ഭാരം കുറക്കൽ, പുകവലി–മദ്യപാനം നിയന്ത്രണം എന്നിവ പ്രധാനമാണ്.

4. കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഉൾപ്പെട്ട ഹൃദയാരോഗ്യകരമായ ഭക്ഷണക്രമവും 150 മിനിറ്റ് വ്യായാമവും ശുപാർശ ചെയ്യുന്നു.

5. പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ?

ആരോഗ്യകരമായ ഭാരം, സമീകൃതാഹാരം, പഞ്ചസാര കുറവ്, വ്യായാമം, സ്റ്റ്രെസ് കുറയ്ക്കൽ, പുകവലി ഒഴിവാക്കൽ എന്നിവ നിർണായകം.

6. വയറുവേദനയ്ക്ക് കാരണമെന്ത്?

ഗ്യാസ്, ദഹനക്കേട്, മലബന്ധം, ഭക്ഷണ അലർജി, ഇൻഫെക്ഷൻ എന്നിവയും ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് പോലുള്ള ഗുരുതര കാരണംകളും.

7. താരൻ എങ്ങനെ ഒഴിവാക്കാം?

ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ, വെളിച്ചെണ്ണ, ടീട്രീ ഓയിൽ എന്നിവയിലൂടെ പരിഹാരമുണ്ട്; തുടർന്നാൽ ഡെർമറ്റോളജിസ്റ്റിനെ കാണണം.

8. വയറിളക്കത്തിന് കാരണം?

ബാക്ടീരിയ, വൈറസ്, പരാദങ്ങൾ മൂലമുള്ള അണുബാധകൾ; കൂടാതെ ചില മരുന്നുകൾ, ഭക്ഷണ അസഹിഷ്ണുത, IBS തുടങ്ങിയവ.

9. കാൻസറിന്റെ ലക്ഷണങ്ങൾ?

ശരീരഭാരം കുറയൽ, സ്ഥിര ക്ഷീണം, ചർമമാറ്റങ്ങൾ, അനിയന്ത്രിത രക്തസ്രാവം, വേദന, വീക്കം, ശ്വസപ്രശ്നങ്ങൾ എന്നിവ.

10. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ?

നെഞ്ചുവേദന, വിയർപ്പ്, തോളിലേക്ക്–കൈയിലേക്ക്–കഴുത്തിലേക്ക് വ്യാപിക്കുന്ന വേദന. സ്ത്രീകളിൽ അമിത ക്ഷീണം, കഴുത്ത്–താടി വേദന, ഓക്കാനം എന്നിവയും കാണാം.

ഇതോടൊപ്പം സ്ഥിരമായ ക്ഷീണത്തിന് കാരണമെന്ത്, വയറുവീർക്കാനുള്ള കാരണം, വൃക്കക്കല്ലിന് വഴിയൊരുക്കുന്ന ഘടകങ്ങൾ, ചെറുനാരങ്ങ ചേർത്ത വെള്ളം ഭാരം കുറയ്ക്കുമോ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വൃക്കകൾക്ക് ദോഷമാണോ, ഒരു ദിവസം എത്ര കലോറി കഴിക്കണം, പഞ്ചസാര ചേർക്കാത്ത മധുരപലഹാരങ്ങൾ സുരക്ഷിതമാണോ തുടങ്ങിയ ചോദ്യങ്ങളും ഇന്ത്യക്കാർ ഈ വർഷം ഗൂഗളിൽ വ്യാപകമായി തെരഞ്ഞു.

ഇന്ത്യയിൽ ആരോഗ്യബോധവത്കരണം കൂടുന്നതിന്റെ തെളിവാണിത്, അതേസമയം ജീവിതശൈലി മാറ്റങ്ങൾ അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ചു

ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

Published

on

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സര്‍വീസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടിയന്തര ഇടപെടലുകളുമായി മുന്നോട്ട്. ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി സംഘം പതിവായി യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.

ഏഴാം ദിവസവും പ്രതിസന്ധി മാറാതെ ഇന്‍ഡിഗോയുടെ നിരവധി സര്‍വീസുകള്‍ ഇന്ന് വിവിധ നഗരങ്ങളിലേക്കും റദ്ദാകാനിടയുണ്ട്.

ഡിജിസിഎയുടെ വിലയിരുത്തലില്‍ സര്‍വീസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ വിശ്രമസമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്തതിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലും വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശം.

കൂടാതെ, എല്ലാ യാത്രക്കാര്‍ക്കും ഇന്ന് രാത്രി 8 മണിക്ക് മുമ്പായി റീഫണ്ട് നല്‍കണമെന്ന കര്‍ശന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

സര്‍വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ 10 ദിവസം കൂടി ആവശ്യമാണ് എന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി വീഴ്ച വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നതും കമ്പനിക്ക് കനത്ത പിഴ ചുമത്തുന്നതും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ യാത്രാദൂരത്തിനനുസരിച്ച് നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

ഇന്‍ഡിഗോ പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കെ, സര്‍ക്കാര്‍നിയന്ത്രണ ഏജന്‍സികളുടെ നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

 

Continue Reading

kerala

പ്രവാസി വോട്ട്: എസ്.ഐ.ആര്‍. ശുദ്ധീകരണമോ, ‘പുറത്താക്കല്‍തന്ത്രമോ’? ജനാധിപത്യം നേരിടുന്ന ചോദ്യങ്ങള്‍

വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്.

Published

on

കെ.പി. മുഹമ്മദ്

ഏതൊരു ജനാധിപത്യത്തിന്റെയും ശ്വാസം അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും, അതില്‍ ഓരോ പൗരനും ഉറപ്പുവരുത്തുന്ന പങ്കാളിത്തവുമാണ്. വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) അടുത്തിടെ പ്രഖ്യാപിച്ച ‘പ്രത്യേക തീവ്ര പുനഃപരിശോധന’ അഥവാ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) ഔദ്യോഗികമായി ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്.

ഭരണഘടനയുടെ 324-ാം അനുച്ഛേദം നല്‍കുന്ന അധികാരമുപയോഗിച്ച് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനുള്ള ECI-യുടെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെങ്കിലും, കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്തുണ്ടായ വിവാദപരമായ നീക്കങ്ങളും പല സംസ്ഥാനങ്ങളിലും നടന്ന ‘ശുദ്ധീകരണ’ പ്രക്രിയകളിലെ പാളിച്ചകളും ആശങ്കയുണര്‍ത്തുന്നു. ഈ മഹത്തായ ലക്ഷ്യങ്ങള്‍ക്കിടയില്‍, SIR പ്രക്രിയ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ലക്ഷക്കണക്കിന് പ്രവാസി (NRI) പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ആശങ്കകളുടെ കാതല്‍. ജനാധിപത്യത്തിന്റെ ശുദ്ധീകരണം എന്ന പേരില്‍, പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശത്തിന്മേല്‍ ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു ‘നിപുറത്താക്കല്‍ തന്ത്രമായി’ SIR മാറുന്നുണ്ടോ എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടേണ്ടത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നീക്കം ചെയ്യുന്നത് നിയമപരമായി ആവശ്യമാണ്. എന്നാല്‍, 2024 മുതല്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ടകഞ പ്രക്രിയ, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിഹാറില്‍, നടന്ന തീവ്രമായ പുനഃപരിശോധനകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍, ഫോം 7 വഴി നോട്ടീസ് നല്‍കി വിശദീകരണം തേടണമെന്ന നിയമം പലപ്പോഴും ലംഘിക്കപ്പെട്ടു. മതിയായ രേഖകളോ, നീക്കം ചെയ്തവരുടെ വിശദാംശങ്ങളോ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു.

പ്രൊഫസര്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടിയതുപോലെ, പെട്ടെന്നുള്ളതും കര്‍ശനവുമായ ഇത്തരം നടപടികള്‍, രേഖകള്‍ കൈവശമില്ലാത്ത പാവപ്പെട്ടവരുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും, ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ, വീടുവീടാന്തരമുള്ള പരിശോധനയില്‍, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ ‘സ്ഥലം മാറിപ്പോയവര്‍’ (Shifted Voter) എന്ന ലേബലില്‍ നീക്കം ചെയ്യപ്പെടുന്നത്, വോട്ടവകാശം നിഷേധിക്കാനുള്ള എളുപ്പവഴിയായി മാറുമോ എന്ന് നാം ഭയപ്പെടണം.

ലോകമെമ്പാടുമായി ഏകദേശം 1.35 കോടിയിലധികം ഇന്ത്യന്‍ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നട്ടെല്ലായ ഈ സമൂഹം, ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഏറെക്കുറെ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകണം എന്ന കാലഹരണപ്പെട്ട നിയമം, മിക്ക സാധാരണ പ്രവാസികള്‍ക്കും പ്രായോഗികമായി സാധ്യമല്ല.

ഇതിനിടയില്‍, പ്രവാസികള്‍ക്ക് ഇ-വോട്ടിംഗ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്രയധികം പ്രതീക്ഷ നല്‍കിയ ഇ-വോട്ട്/പോസ്റ്റല്‍ വോട്ട് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമഭേദഗതികള്‍ വരുത്തുന്നതില്‍ കേന്ദ്ര ഭരണകൂടം ഇപ്പോഴും മൗനം പാലിക്കുന്നത് സംശയകരമാണ്.

ഇപ്പോള്‍ SIR പ്രക്രിയ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ആക്കം കൂടുന്നു:

വീടുവീടാന്തരമുള്ള പരിശോധനയുടെ കെണി: മാസങ്ങളോളം വിദേശത്ത് താമസിക്കുന്ന പ്രവാസിയുടെ വീട്ടില്‍ BLO എത്തുമ്പോള്‍ സ്വാഭാവികമായും ആളെ കണ്ടെത്താനാവില്ല. ഇത് ‘സ്ഥലം മാറിപ്പോയ വോട്ടര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പേര് നീക്കം ചെയ്യാനുള്ള എളുപ്പവഴിയായി മാറും.

വിലാസത്തിലെ സാങ്കേതിക പ്രശ്‌നം: പ്രവാസിക്ക് നാട്ടിലെ വിലാസം സ്ഥിരമാണെങ്കിലും, സാങ്കേതികമായി അവര്‍ വിദേശത്താണ് താമസം. ഈ അവ്യക്തത മുതലെടുത്ത് നടത്തുന്ന ഒഴിവാക്കല്‍ ശുപാര്‍ശകള്‍, ലക്ഷക്കണക്കിന് പ്രവാസി വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകും.

നോട്ടീസ് ആശയവിനിമയത്തിലെ പ്രതിസന്ധി: പേര് നീക്കം ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന ഫോം 7 നോട്ടീസ് പോസ്റ്റല്‍ വഴി വിദേശത്തുള്ളവര്‍ക്ക് സമയബന്ധിതമായി ലഭിക്കില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.

പ്രവാസി വോട്ടിംഗ് യാഥാര്‍ത്ഥ്യമാക്കാതെ, വോട്ടര്‍പട്ടികയില്‍ നിന്ന് അവരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ സാധ്യതയുള്ള SIR പോലുള്ള തീവ്രമായ നടപടികളുമായി മുന്നോട്ട് പോകുന്നത്, പ്രവാസി സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയെയും, അവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനുള്ള രാഷ്ട്രീയ താല്‍പ്പര്യത്തെയും തുറന്നുകാട്ടുന്നു.

?? ആവശ്യങ്ങള്‍: യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണം
‘ഒരു വോട്ടറെയും ഒഴിവാക്കില്ല’ എന്ന ഭരണഘടനാപരമായ തത്വം പാലിക്കുന്നതിലും, പ്രവാസികളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും ECI-ക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്:

ഡിജിറ്റല്‍ വെരിഫിക്കേഷന്‍: വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമോട്ട് വെരിഫിക്കേഷന്‍ നടത്താനും സൗകര്യം ഒരുക്കണം.

ഡിജിറ്റല്‍ അറിയിപ്പ് നിര്‍ബന്ധമാക്കുക: പോസ്റ്റല്‍ അറിയിപ്പുകള്‍ക്ക് പുറമെ ഇ-മെയില്‍, എസ്.എം.എസ്. തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ടകഞ പ്രക്രിയയിലെ എല്ലാ നിര്‍ണ്ണായക അറിയിപ്പുകളും (പ്രത്യേകിച്ച് ഫോം 7 നോട്ടീസുകള്‍) പ്രവാസികള്‍ക്ക് ഉറപ്പാക്കണം.

പ്രവാസി വോട്ടിംഗ് നിയമം ഉടന്‍: ഇ-ബാലറ്റ് (ETPBS) അല്ലെങ്കില്‍ പ്രോക്‌സി വോട്ടിംഗ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

SIR എന്നത് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് അനിവാര്യമായ ഒരു നടപടിയാകാം. എന്നാല്‍, ഈ ശുദ്ധീകരണം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഉപകരണമായി മാറരുത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിശ്ശബ്ദമായി സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യപരമായ സത്യസന്ധതയുടെ പരീക്ഷണവുമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസികളുടെ ആശങ്കകളെ അഭിമുഖീകരിക്കുകയും, വീടുവീടാന്തരമുള്ള പരിശോധനയെ മാത്രം ആശ്രയിക്കാതെ, ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടതും സുതാര്യവുമായ ഒരു പ്രക്രിയ നടപ്പിലാക്കുകയും വേണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് എന്നും പ്രവാസികളുടെ അവകാശം ഉറപ്പാക്കുക എന്നതില്‍ അടിയുറച്ചതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു പൗരന്‍ പോലും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ജാഗ്രത പാലിക്കാം.

Continue Reading

Trending