Video Stories
അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം

ടി.എച്ച് ദാരിമി
വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന് ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്‍സൂണ്‍ കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്‍ കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്‍ ബോധവത്കരണ പരിപാടികള്‍ ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിരിക്കുന്നു.
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്‍വചനത്തില്‍ ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്‍ കൂടിയ അനുപാതത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന് സങ്കല്പ്പിക്കാന് പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്‍ആന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്‍കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന് അസാധ്യമാകുന്ന തരത്തില്‍ ഭൗമോപരിതലത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്‍ആനില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യലതാദികളും ബഹിര്‍ഗമിപ്പിക്കുകയും ചെയ്തു’ (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്‍ ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്‍ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്‍ അതിന്റെ ലഭ്യതയില്‍ ഒരാശങ്ക വന്നാല്‍ അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത്.
വെള്ളത്തിന്റെ അളവ് ഭൂമിയില്‍ നിര്‍ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അപകടമായി താഴ്ന്നുപോകും. ഇതും ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്മൂലനം ചെയ്യുവാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും’ (അല്‍ മുഅ്മിനൂന്: 18). ഇതേ ആശയം സുഖ്റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്‍ അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്‍ സമീപിച്ചില്ലെങ്കില്‍ ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്‍വലിക്കുകയും പകരം അനാരോഗ്യം നല്‍കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്‍ ഭൂമിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്കരമായ കുറവാണ് അനുഭവിച്ച്വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്‍ വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്‍ അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്‍ മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തിലാണെങ്കില്‍ കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്‍ മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്‍ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്‍ 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്‍ക്കാര്‍ ജല ഏജന്‍സികളുടെ ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്‍. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്‍ ഈ മാര്‍ച്ചില്‍ തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്‍ മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്‍ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്‍ന്നു നില്‍ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്‍ ഇപ്പോള്‍ തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്‍ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്‍ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്.
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്‍ വാരല്‍, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്‍ എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഗവണ്മെന്റ് ഏജന്‍സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്‍ നിറക്കാനും പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്‍ ഒരാള്‍ക്കും അതു തരാന്‍ കഴിയില്ലെന്നും ജനങ്ങളെ ഉദ്ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്‍ ആര്‍ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഇന്ത്യയില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്‍മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്‍ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്‍. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്‍ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്‍ തമ്മില്‍ അത്രക്ക് അന്തരമുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്‍ അതു ലഭിക്കാനുള്ള മാര്‍ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്ലാം പറയുന്നത്. വരള്‍ച്ച ബാധിച്ചാല്‍ ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ ആ സമൂഹത്തില്‍ പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്‍ഥനയിലേക്കും മറ്റും കടക്കാന്‍. ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്‍ അത് അല്ലാഹുവില്‍ നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala2 days ago
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു