Article
കര്‍ഷകരും ക്ഷേമനിധി ബോര്‍ഡും
കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു.
അബു ഗൂഡലായ്
കര്‍ഷക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. 1990 ഫെബ്രുവരി 12ന് കേരള നിയമസഭ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലിന് അനുമതി നല്കി. കര്‍ഷക തൊഴിലാളികളില്‍നിന്നും അംശാദായം സ്വീകരിച്ചുകൊണ്ടാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ പ്രതിമാസം രണ്ടു രൂപയായിരുന്നു അംശാദായം അടക്കേ ണ്ടിയിരുന്നത്. ഇപ്പോഴത് 20 രൂപയില്‍ എത്തിനില്‍ക്കുന്നു. അംശാദായം വര്‍ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്‍ യാതൊരു വര്‍ധനവും വന്നിട്ടില്ല.
കര്‍ഷക തൊഴിലാളികള്‍ക്കായി പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് 1974 ലെ കേരള കര്‍ഷക തൊഴിലാളി ആക്ടില്‍ വ്യവസ്ഥ ചെയ്തിരുന്നു. 1979 ഓഗസ്റ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് പ്രാബല്യത്തില്‍ കൊണ്ടുവന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണ് ചെയ്തത്. കര്‍ഷക തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷേമനിധി ബോര്‍ഡും സര്‍ക്കാറും നിയമനിര്‍മാണം നടത്തണമെന്നാണ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) ആവശ്യപ്പെടാനുള്ളത്. അതിവര്‍ഷാനുകൂല്യം കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍നിന്നും അനുവദിക്കുന്നു ണ്ടെങ്കിലും സര്‍ക്കാര്‍ വിഹിതം 625 രൂപ യാണ് ഉള്ളത്.
സര്‍ക്കാര്‍ വിഹിതം 1000 രൂപയായി വര്‍ധിപ്പിക്കണം. കര്‍ഷക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണം. വൈദ്യസഹായത്തിന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 4000 രൂപയാണ് നല്‍കുന്നത്. അത് 5000 രൂപയായി ഉയര്‍ത്തി എല്ലാ വര്‍ഷവും നല്കാന് ബോര്‍ഡ് തയ്യാറാവണം. വിവാഹധനസഹായത്തിന് നിലവില്‍ 5000 രൂപയാണ് അനുവദിക്കുന്നത്. ഈ തുക തീരെ അപര്യാപ്തമാണ്. അതിനാല്‍ വിവാഹ ധനസഹായം 25000 രൂപയായി വര്‍ധിപ്പിക്കണം. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. അത് ആണ്‍കുട്ടികള്‍ക്കും തൊഴിലാളികളുടെ സഹോദരിക്കും അനുവദിക്കണം.
വിദ്യാഭ്യാസ നുകൂല്യവും കാലോചിതമായി പരിഷ്കരിക്കാന്‍ ബോര്‍ഡ് തയ്യാറാവണം. പ്രസവാനുകൂല്യമാണ് ഏറെ വിചിത്ര മായിട്ടുള്ളത്. 15000 രൂപയാണ് നല്‍കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ 14000 രൂപയും സംസ്ഥാനസര്‍ക്കാര്‍ വിഹിതം 1000 രൂപയും കൂട്ടിയാണ് 15000 രൂപ നല്‍കിവരുന്നത്. പ്രസവാനുകൂല്യം 15000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന പ്രചാരണമാണ് നടത്തുന്നത്. പ്രസവ ചെലവും ചികില്‍സാചെലവും ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വിഹിതം 10000 രൂപയായി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമനിധി ബോര്‍ഡിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഭൂമി രജിസ്ട്രേഷന് ഫീസില്‍ 10 ശതമാനമെങ്കിലും ബോര്‍ഡിന് കിട്ടുംവിധത്തില്‍ ഭൂമി രജിസ്ട്രേഷന് ആക്ടില്‍ ഭേദഗതി കൊണ്ട്വന്ന് കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കണം.
വീട് പണിയാന്‍ മുന്‍കൂര്‍ തുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും സഹായം നല്കാന് ബോര്‍ഡിന് കഴിയണം. മരണാനന്തര ചെലവിന് 5000 രൂപ എന്നത് 10000 രൂപയായി ഉയര്‍ത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടനികുതി, ലൈസന്‍സ് ഫീസ് തൊഴില്‍നികുതി എന്നിവ പിരിച്ചെടുക്കുന്നുണ്ട്. കെട്ടിട നികുതി യോടൊപ്പം ലൈബ്രറി സെസും ഇവര്‍ പിരിവ് നടത്തുന്നുണ്ട്. കെട്ടിട നികുതിയും മറ്റു പിരിവുകളും നടത്തുന്നതില്‍ 5 ശതമാനം സെസ് പിരിച്ച് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം.
കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു. തൊഴിലാളിയാണെന്ന രേഖ ഭൂവുടമയില്‍ നിന്നും വാങ്ങണമെന്ന് ചില ജില്ലാ ക്ഷേമനിധി ആഫീസുകള്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇതും ഒഴിവാക്കാനുള്ള നിര്‍ദേശം എല്ലാ ജില്ലാ തല ആഫീസുകള്‍ക്കും നല്‍കണം.
60 വയസ് പൂര്‍ത്തിയാക്കി അധിവര്‍ഷാനുകൂല്യത്തിനുള്ള അപേക്ഷ നല്കി തൊഴിലാളി പിരിഞ്ഞതിന് ശേഷം കര്‍ഷക തൊഴിലാളി പെന്ഷന് കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. പെന്ഷന് ലഭിക്കുന്നതിന് ചുവപ്പ് നാടയുടെ നടുവില്‍ കിടന്ന് തൊഴിലാളി നട്ടം തിരിയുകയാണ്. തൊഴിലാളി സര്‍വീസില്‍നിന്നും വിരമിച്ചാലുടനെ പല ക്ഷേമനിധി ബോര്‍ഡുകളും അവര്‍ക്ക് നേരിട്ട് പെന്ഷന് നല്‍കിവരുന്നുണ്ട്. കര്‍ഷക തൊഴിലാളി കള്‍ക്കും ക്ഷേമനിധി ബോര്‍ഡ് നേരിട്ട് പെന്ഷന് നല്‍കണം. കര്‍ഷക തൊഴിലാളിക്ക് ഇപ്പോള്‍ ലഭിക്കുന്ന പെന്ഷന് 1600. രൂപയാണ്. ഇത് ഒരു നേരത്തെ മരുന്നിന് പോലും പലര്‍ക്കും തികയില്ല.
മിനിമം 10000 രൂപയെങ്കിലു പ്രതിമാസം ലഭ്യമാക്കണം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് വര്‍ഷങ്ങളുടെ കാത്തിരിപ്പാണുള്ളത്. ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ ക്ഷേമത്തിനും യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അതിലെ ജീവനക്കാര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും മുറതെറ്റാതെ വേതനവും ഹോണറേറിയവും മറ്റു ആനുകൂല്യങ്ങളും നല്‍കാനാണ് താല്പര്യം കാണിക്കുന്നത്. തൊഴിലാളികള്‍ ഒടുക്കുന്ന അംശാദായത്തില്‍നിന്നുമാണ് ഇവര്‍ക്കെല്ലാം പ്രതിമാസം ശമ്പളവും മറ്റും നല്‍കുന്നത്. ആനുകൂല്യങ്ങള്‍ക്കുള്ള തൊഴിലാളികളുടെ അപേക്ഷകള്‍ ഫയലില്‍ വിശ്രമിക്കാന്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊടിതട്ടിയെടുത്ത് ഭാഗികമായി ആനുകൂല്യങ്ങള്‍ വിതരണംചെയ്യാന്‍ തയ്യാറാവുന്നത്.
2020 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 1587620 പേരാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഒരു കര്‍ഷക തൊഴിലാളി പ്രതിമാസം 20 രൂപ യാണ് അംശാദായം അടക്കുന്നത്. ഈ ഇനത്തില്‍ തന്നെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ക്ഷേമനിധി ബോര്‍ഡിന് ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ നല്കാന് ബോര്‍ഡിന് കഴിയുന്നില്ല. എന്നാല്‍ 14 ജില്ലാ ആഫീസുകളിലേയും ഒരു ചീഫ് എക്സിക്യൂട്ടിവ് ആഫീസിലേയും ജീവനക്കാര്‍ക്ക് പ്രതിമാസം വേതനം ഇനത്തില്‍ 34 ലക്ഷത്തിലധികം രൂപ തൊഴിലാളികളുടെ അംശാദായത്തില്‍ നിന്നുമാണ് നല്‍കുന്നത്.
ക്ഷേമനിധി ബോര്‍ഡിന്റെ ദൈനംദിന ചെലവിനും ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുള്ള ശബളവും ഹോണറേറിയവും നല്‍കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ഫണ്ടോ ഗ്രാന്റോ നല്കാന് ബജറ്റില്‍ തുക മാറ്റിവെക്കണമെന്നാണ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) മുന്നോട്ടുവെക്കാനുള്ള നിര്‍ദേശം. 2020ലെ കണക്ക്പ്രകാരം 14 ജില്ലകളിലും ഒരു ചീഫ് ആഫീസിലുമായി 127 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് നല്‍കാനാണ് പ്രതിമാസം 34 ലക്ഷത്തിലധികം രൂപ അംശാദായത്തില്‍നിന്നും വിനിയോഗിക്കുന്നത്. ഇത്രയും ജീവനക്കാര്‍ ഉണ്ടായിട്ടും കമ്പ്യൂട്ടര്‍വത്കരണം നടന്നിട്ടും തൊഴിലാളികള്‍ക്ക് പരാതികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സംവിധാനമെല്ലാം ചെയ്തിട്ടും ഒരാനുകൂല്യത്തിന് ചെന്നാല്‍ ആധാര്‍ കാര്‍ഡും പാസ്ബുക്കിന്റെ കോപ്പിയും ഇപ്പോഴും ആവശ്യപ്പെടുന്നു.
ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതോടെ തൊഴിലാളികളുടെ മുഴുവന്‍ ബയോഡാറ്റയും എന്‍ട്രി നടത്തുന്നതിന് ജീവനക്കാര്‍ അമാന്തിക്കുന്നു. കമ്പ്യൂട്ടര്‍വത്കരണം കുറ്റമറ്റതാക്കണം. അംശാദായം അടക്കുന്ന എല്ലാവര്ക്കും കമ്പ്യൂട്ടര്‍ രശീതി നല്‍കണം. കമ്പ്യൂട്ടര്‍ രശീതിയില്‍ ഏത് സംഘടനയില്‍ ഉള്‍പ്പെട്ട തൊഴിലാളിയാണെന്നുകൂടി രേഖപ്പെടുത്തിയാല്‍ നല്ലതാണ്. ഓരോ സംഘടനക്കും അംശാദായം അടക്കുന്നവരുടെ എണ്ണം കിട്ടാന്‍ പ്രയാസം ഉണ്ടാവില്ല. ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്‍നിന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരും.
(കര്‍ഷക തൊഴിലാളി ഫെഡറേഷന്-എസ്.ടി.യു-സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News10 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
