Connect with us

News

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ

ലീഗ് റൗണ്ടിലെ അവസാന മത്സരം കൂടിയാണിത്.

Published

on

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന ലീഗ് മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ഷീല്‍ഡ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹൈദരാബാദ് എഫ്‌സി. കിക്കോഫ് വൈകിട്ട് 7ന്. ലീഗ് റൗണ്ടിലെ അവസാന മത്സരം കൂടിയാണിത്.

രണ്ടാം സ്ഥാനക്കാരായി ഹൈദരാബാദ് എഫ്‌സി സെമിഫൈനലും, ആദ്യ ആറ് സ്ഥാനങ്ങളിലെത്തി ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫും ഉറപ്പാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി 31 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ പ്ലേഓഫ് കളിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം വന്‍ മാര്‍ജിനില്‍ ജയിക്കണം. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് അവസാന രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.

ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലും തോല്‍വി അറിയാത്ത ബ്ലാസ്‌റ്റേഴ്‌സ്, ഇന്ന് ഒഴുകിയെത്തുന്ന കാണികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായ ഏഴാം ജയത്തോടെ ലീഗ് റൗണ്ട്് അവസാനിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈ എഫ്‌സിയും ഹൈദരാബാദും സെമിഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. രണ്ട് പ്ലേഓഫ് മത്സരങ്ങളിലെ വിജയികളാണ് ഇനി സെമിയില്‍ പ്രവേശിക്കുക. ടേബിളിലെ മൂന്നും നാലും സ്ഥാനക്കാര്‍ക്ക് ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് കളിക്കാനാവും. മൂന്നാം സ്ഥാനക്കാരായ ഏ.ടി.കെ മോഹന്‍ ബഗാന് 34 പോയിന്റുണ്ട്.

ഇന്നലെയവര്‍ രണ്ട് ഗോളിന് ബദ്ധ വൈരികളായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. ബെംഗളൂരുവിനും 34 ഉണ്ട്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും തുല്യ പോയിന്റാവും. അങ്ങനെ വന്നാല്‍ പരസ്പരം കളിച്ചതിന്റെ മുന്‍തൂക്കത്തില്‍ ബഗാന്‍ മൂന്നാം സ്ഥാനക്കാരാവും. പരസ്പരം മത്സരിച്ച കണക്കുകളില്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂവും തുല്യമായതിനാല്‍ ഗോള്‍ വ്യത്യാസം കണക്കാക്കിയാവും നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരുവിന് ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മൂന്ന് അധിക ഗോള്‍ മുന്‍തൂക്കമുണ്ട്. നാല് ഗോള്‍ വ്യത്യാസത്തില്‍ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ ബാസ്റ്റേഴ്‌സിന് നാലാം സ്ഥാനക്കാരാവാം. അങ്ങനെ വന്നാല്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ് പോരാട്ടം. എടികെ ബഗാനും ഒഡീഷ എഫ്‌സിയും തമ്മിലാവും രണ്ടാം പ്ലേഓഫ്. മാര്‍ച്ച് 3,4 തീയതികളിലാണ് പ്ലേഓഫ്. 7ന് മുംബൈ എഫ്‌സിയും ആദ്യ പ്ലേഓഫിലെ ജേതാക്കളും ആദ്യ സെമിഫൈനല്‍ കളിക്കും. 9ന് രണ്ടാം സെമിയില്‍ ഹൈദരാബാദ് എഫ്‌സി രണ്ടാം പ്ലേഓഫിലെ വിജയികളെ നേരിടും. മാര്‍ച്ച് 18ന് ഗോവയിലാണ് കലാശക്കളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

india

ആന്ധ്രയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു; ഏഴ് മാവോവാദികള്‍ കൂടി വധിച്ചു

മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

Published

on

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ പുതിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറായ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് വീണ്ടും ഏറ്റുമുട്ടലുണ്ടായി.

കൊല്ലപ്പെട്ടവരില്‍ ടെക് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവുവും ഉള്‍പ്പെടുന്നു. ആയുധ നിര്‍മാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രാവീണ്യമുള്ള മാവോവാദിയായിരുന്നു ശങ്കര്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലില്‍ എന്‍.ടി.ആര്‍, കാകിനഡ, കൊനസീമ, എലൂരു ജില്ലകളില്‍ ചേര്‍ന്നാണ് 50 മാവോവാദികളെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. വന്‍തോതില്‍ ആയുധങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending