Connect with us

india

മണിപ്പൂരിനു പിന്നാലെ ഹരിയാനയും-ചന്ദ്രിക മുഖപ്രസംഗം

കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

Published

on

മണിപ്പൂരിനു പിന്നാലെ ഹരിയാനയും സഞ്ചരിക്കുകയാണോ എന്ന് ഭയപ്പെടുത്തുന്ന തരത്തിലാണ് സംസ്ഥാനത്തുനിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. മെയ് മൂന്നിനാരംഭിച്ച മണിപ്പൂരിലെ കലാപം മൂന്നു മാസം പിന്നിട്ടിട്ടും കെട്ടടങ്ങിയിട്ടില്ല. മണിപ്പൂരിന്റെ മുറിവുണങ്ങുന്നതിനുമുമ്പുതന്നെ ഹരിയാനയിലും കലാപത്തിന്റെ നെരിപ്പോടുകള്‍ കണ്ടുതുടങ്ങിയത് രാജ്യത്തിന് ആശ്വാസകരമല്ല. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പൊലീസ് വാഹനങ്ങളും ഇതില്‍പെടും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പല്‍വാല്‍, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. സംഭവസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തിന് തീരാശാപമായി മാറുകയാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി വര്‍ഗീയ കലാപത്തെ മാറ്റിയെടുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നതാണ്. അത് സ്ഥിരീകരിക്കുന്ന തരത്തിലാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നിലുള്ളത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു വിജയങ്ങള്‍ ഉറപ്പാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ ഉപയോഗിച്ചുവരുന്നതായി കാണാം. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം കൊയ്യാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ വിതയ്ക്കുന്ന വിത്തുകളായി കലാപങ്ങള്‍ മാറുന്നു. ഭരണകൂടങ്ങള്‍തന്നെ കലാപം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതായി കാണപ്പെടുന്നു. നിസ്സാര കാരണങ്ങളാണ് പലപ്പോഴും വന്‍ വിപത്ത് സൃഷ്ടിക്കുന്ന കലാപമായി പരിണമിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളോ പോസ്റ്റുകളോ മതിയാകും രാജ്യത്തെ ആളിക്കത്തിക്കാനുതകുന്ന കലാപത്തിലേക്ക് നയിക്കാന്‍. മതപരമായ ആഘോഷ വേളകളും കലാപത്തിനു വഴിവെച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആഘോഷവേളകളില്‍ നടത്തുന്ന ഘോഷയാത്രകള്‍ ഒരു വിഭാഗം മറു വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള അവസരമായി ഉപയോഗിക്കുന്നു. ഭരണകര്‍ത്താക്കള്‍തന്നെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന അത്യന്തം അപകടകരമായ പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭത്തെ സുപ്രീംകോടതി പലപ്പോഴും വിമര്‍ശിച്ചതുമാണ്.
മണിപ്പൂര്‍ കലാപത്തില്‍ രണ്ടാം ദിവസവും സുപ്രീംകോടതി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം അതീവ ഗൗരവമുള്ളതാണ്. മെയ് തുടക്കം മുതല്‍ ജൂലായി വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു സംസ്ഥാനത്ത്. കേസുകള്‍ എടുക്കുന്നതിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായി. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംസ്ഥാന പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ അതുതന്നെയാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയതും. മൂന്നു മാസം വരേ കലാപം തുടര്‍ന്നിട്ടും സര്‍ക്കാറിനു ഒന്നും ചെയ്യാനായില്ലെന്നു വരുന്നത് നാണക്കേടാണ്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. രണ്ടു സ്ത്രീകളെ നഗ്നയാക്കി നടത്തികൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി മുതലക്കണ്ണീരൊഴുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചെങ്കിലും കലാപം ശമിപ്പിക്കാനുള്ള ഫോര്‍മുലയൊന്നും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കലാപം തടയാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നുവെന്നു വേണം കരുതാന്‍.
വര്‍ഗീയ കലാപങ്ങളില്‍ നിരവധി തവണ മുറിവേറ്റ രാജ്യമാണ് നമ്മുടെത്. മണിപ്പൂരിനെ കൂടാതെ, ഗുജറാത്തും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറുമെല്ലാം നോവായി നമ്മുടെ മുന്നിലുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഹരിയാന തന്നെ നിരവധി തവണ കലാപ ഭൂമിയായി മാറിയിട്ടുണ്ട്. കലാപം എവിടെ നടന്നാലും ആത്യന്തികമായി നഷ്ടം രാജ്യത്തിനുതന്നെയാണ്. ഇനിയും രാജ്യത്തൊരിടത്തും കലാപം സൃഷ്ടിക്കപ്പെടരുത്. പൊലീസും ഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ക്രമസമാധാനം പാലിക്കുന്നതില്‍ ഇരു വിഭാഗങ്ങളും ആത്മാര്‍ത്ഥത പുലര്‍ത്തിയാല്‍ തടയാവുന്നതേയുള്ളു ഇത്തരം കലാപങ്ങള്‍. എന്നാല്‍ അതിനവര്‍ തയാറാകുമോ എന്നതാണ് പ്രശ്‌നം. സുപ്രീംകോടതി പങ്കുവെച്ച ആശങ്കയും അതുതന്നെയാണ്.

 

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending