india

ആരാധനാലയ നിയമം ചോദ്യംചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി

By webdesk17

December 07, 2024

1991ലെ ആരാധനാലയ നിയമം ചോദ്യംചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ ബെഞ്ച് രൂപീകരിച്ചു.

ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഡിംബര്‍ 12ന് ഉച്ചയ്ക്ക് 3.30നാണ് ബെഞ്ചിന്റെ ആദ്യ വാദം കേള്‍ക്കല്‍.

‘മതമൗലികവാദികളായ അധിനിവേശകര്‍’ കൈയേറിയ തങ്ങളുടെ ആരാധനാലയങ്ങള്‍ തിരിച്ചുപിടിക്കാന്‍ വേണ്ടി കോടതികളെ സമീപിക്കുന്നതില്‍നിന്ന് ഹിന്ദുക്കളെയും ജൈനന്മാരെയും ബുദ്ധന്മാരെയും സിഖുകാരെയും തടയുന്നതാണ് ആരാധനാലയ നിയമമെന്നാണ് അഡ്വ. അശ്വിനി കുമാര്‍ അശ്വിനികുമാര്‍ ഉപാധ്യായ ഹരജിയില്‍ വാദിച്ചത്. ഹരജികള്‍ ചോദ്യം ചെയ്ത് ആള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡും ജംഇയ്യത്ത് ഉലമായെ ഹിന്ദും കോടതിയെ സമീപിച്ചു. രാജ്യത്ത് സൗഹാര്‍ദവും മതേതരത്വവും കാത്തുരക്ഷിക്കുന്ന സുപ്രധാന നിയമത്തെ പൊതുതാല്‍പര്യ ഹരജികളുടെ മറവില്‍ ചോദ്യംചെയ്യാനാകില്ലെന്ന് സംഘടനകള്‍ പറഞ്ഞു.