Connect with us

kerala

മഹാമാരിക്കാലത്തെ കൊടുംവഞ്ചന

Published

on

കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന സി.എ.ജി റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരിയെ മറയാക്കി ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള കാട്ടുകൊള്ളയുടെ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. കോവിഡിന്റെ ഭീതിയും അരക്ഷിതാവസ്ഥയും മുതലെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്നു നടത്തിയിട്ടുള്ള ഈ കുംഭകോണം കോടികളുടെ അഴിമതിയെന്നതിനപ്പുറം ജനങ്ങളുടെ ജീവന്‍ പണയംവെച്ചുള്ള ചൂതാട്ടം കൂടിയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഥമ ദൃഷ്ട്യാ തന്നെ അഴിമതിയുടെ ദുര്‍ഗന്ധംവമിക്കുന്ന ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോള്‍ മഹാമാരിയുടെ പേര് പറഞ്ഞ് അതു മറച്ചുപിടിക്കാനായിരുന്നു പിണറായിയും കൂട്ടരും ശ്രമിച്ചത്. മഹാമാരിക്കാലത്ത് രാഷ്ട്രീയം പറയുന്നുവെന്നുള്ള അന്നത്തെ വിലാപങ്ങളെല്ലാം ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ അന്ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അച്ചട്ട ശരിയായിരുന്നുവെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിയമസഭക്കകത്ത് നടത്തിയ ന്യായീകരണങ്ങള്‍ പച്ചക്കള്ളമായിരുന്നുവെന്നും പകല്‍പോലെ തെളിഞ്ഞിരിക്കുന്നു.

10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഈ ഇടപാടിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി യാണ് പി.പി.ഇ കിറ്റ് വാങ്ങിയതെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. പി.പി.ഇ കിറ്റ് 2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തില്‍ പി.പി.ഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പി.പി.ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പി.പി.ഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്. സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സ്ഥിരം വിതരണക്കാരായ മൂന്നു പേരുള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ തയ്യാറായി നില്‍ക്കെയാണ് ഉയര്‍ന്ന നിരക്കില്‍ ഓര്‍ഡര്‍ നല്‍കിയത് എന്നതടക്കം വിവരങ്ങള്‍ സര്‍ക്കാരിനെ നേരത്തെ തന്നെ വലിയ പ്രതിരോധത്തിലാക്കിയപ്പോള്‍ അത്യാവശ്യ സാഹചര്യം നേരിടാനുള്ള നടപടി എന്ന് വിശദീകരിച്ചാണ് സര്‍ക്കാരും ഭരണ നേത്യത്വവും അന്നു പിടിച്ച് നിന്നത്.

പി.പി.ഇ കിറ്റിന്റെ കാര്യം മാത്രമാണ് സി.എ.ജി പുറത്തുകൊണ്ടുവന്നിട്ടുള്ളതെങ്കില്‍ ഗ്ലൗസ്, എന്‍ 95 മാസ്‌ക് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങളില്‍ മാത്ര മല്ല സകല ഇടപാടുകളിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. എ.സിയും ഫ്രിഡ്ജും വരെ വാങ്ങിയതിലും വന്‍ വെട്ടിപ്പ് നടത്തിയതിന് തെളിവുകള്‍ പുറത്ത് വരികയുണ്ടായി. പൊതുവിപണിയില്‍ നിന്ന് രണ്ട് ടണ്‍ എ.സിക്ക് 47,000 രൂപ വിലയുള്ളപ്പോള്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയത് 59,000 രൂപയ്ക്കാണ്. 45,000 രൂപ വരെ കൊടുത്ത് വാങ്ങുന്ന 450 ലിറ്റര്‍ ഫ്രിഡ്ജിന് സര്‍ക്കാര്‍ നൂറിലേറെ എണ്ണം വാങ്ങുമ്പോള്‍ പോലും കൊടുത്തത് 55,000 രൂപയാണ്. അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ ഇടപെടല്‍ എന്ന പേരിലായിരുന്നു ഈ പെരുംകൊള്ളക്കുള്ള ന്യായീകരണം. കോടിക്കണക്കിന് രൂപ ചിലവഴിച്ച് അക്കാലത്ത് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പി.ആര്‍ വര്‍ക്കുകളെല്ലാം ഈ അഴിമിതി മറച്ചുവെക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്നതാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എല്ലാ ഇടപാടുകള്‍ക്കും നേത്യത്വം നല്‍കിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ഷൈലജയായിരുന്നു. ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വിധം കോവിഡിനെ പി.ആര്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു കേരള സര്‍ക്കാര്‍. വിദേശ പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നുവെന്ന് മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ കേരള മോഡലിനെക്കുറിച്ച് അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നെവെന്ന് സര്‍ക്കാര്‍ വിമ്പിളക്കുകയും ചെയ്തു.

എന്നാല്‍ മറുഭാഗത്ത് മരണ നിരക്ക് ഏറ്റവുംകൂടതലുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായിമാറിയും രാജ്യത്തിനും സംസ്ഥാനത്തിനും പുറത്തുള്ള മലയാളിക ളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിയാതെയും അതിദയനിയമായ സാഹചര്യങ്ങളായിരുന്നു സംസ്ഥാനത്ത് നിലനിന്നിരുന്നത്. യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചുപിടിച്ച് വലിയ അവകാശ വാദങ്ങളുമായി നിറഞ്ഞുനിനിന്ന ആരോഗ്യമന്ത്രി തന്നെ പുതിയ സാഹചര്യത്തില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കൈമലര്‍ത്തുമ്പോള്‍ ഈ ഇടപാടുകളെയെല്ലാം ദുരൂഹത ക്യത്യമായി പ്രകടമാവുകയാണ്. ഏതായാലും ജനങ്ങളുടെ ജീവന്‍ പണയംവെച്ച് നടത്തിയിട്ടുള്ള ഈ പൊറാട്ടുനാടകം പൊളിച്ചടുക്കപ്പെടുമ്പോള്‍ പിണറായിയും കൂട്ടരും കൈയ്യുംകെട്ടി മറുപടി പറയേണ്ടിവരുന്ന നാളുകളാണ് വരാനിരിക്കുന്നത്.

 

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Published

on

കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending