Connect with us

india

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ അനുകൂലിച്ച് പരാമര്‍ശം നടത്തി; എസ്.പി നേതാവ് അബു ആസ്മിക്കെതിരെ എഫ്.ഐ.ആറിട്ട് ഷിന്‍ഡെ പൊലീസ്

മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്.

Published

on

മുഗള്‍ ഭരണാധികാരി ഔറംഗസേബ് ആലംഗീറിനെ അനുകൂലിച്ച് പരമാര്‍ശം നടത്തിയതിന് മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അബു ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഔറംഗസേബ് ക്രൂരനായ നേതാവല്ല എന്ന് അബു ആസ്മി പറഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ പണിതു. വാരണാസിയില്‍, ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പുരോഹിതനില്‍ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു’ എന്ന് ആസ്മി പറഞ്ഞിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത (ബി.എന്‍എസ്) സെക്ഷന്‍ 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്ന്. ‘ഔറംഗസേബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാന്‍ കരുതുന്നില്ല. ആ കാലഘട്ടത്തില്‍ അധികാര പോരാട്ടങ്ങള്‍ മതപരമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. ഛത്രപതി ശിവാജിയുടെ സൈന്യത്തില്‍ നിരവധി മുസ്‌ലിംകള്‍ ഉണ്ടായിരുന്നതുപോലെ, ഔറംഗസേബിന്റെ സൈന്യത്തിലും നിരവധി ഹിന്ദുക്കള്‍ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ അഫ്ഗാനിസ്ഥാന്‍ വരെ വ്യാപിച്ചിട്ടുണ്ടെന്നും, മതപരമായ കാഴ്ചപ്പാടിലൂടെ ഔറംഗസേബിനെ അന്യായമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആസ്മിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ഷിന്‍ഡെ ശക്തമായി അപലപിച്ചു.

‘ഛത്രപതി സംബാജി മഹാരാജ് ഒരു ദേശസ്നേഹിയും യഥാര്‍ത്ഥ ദേശീയവാദിയുമായിരുന്നു എന്നതിനാല്‍ ആസ്മി ഇതിന് മാപ്പ് പറയണം. സംബാജി മഹാരാജിനെ 40 ദിവസത്തെ ക്രൂരമായ പീഡനത്തിനും വധശിക്ഷയ്ക്കും ഇരയാക്കിയത് ഔറംഗസേബാണ്. ഔറംഗസേബിന്റെ ഭരണത്തെ മഹത്വവല്‍ക്കരിക്കുന്നത് ഗുരുതരമായ കുറ്റമാണ്, ഇതിന് അബു ആസ്മി മാപ്പ് പറയണം. ഒരു ദേശസ്നേഹിക്കെതിരെ സംസാരിക്കുന്നതിലൂടെ അദ്ദേഹം സ്വയം ദേശവിരുദ്ധനായി നിലകൊള്ളുന്നു’ ഷിന്‍ഡെ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം

ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

Published

on

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി താജ് മഹല്‍ കോംപ്ലെക്‌സില്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്‍ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്‍ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേരളത്തില്‍ നിന്നാണ് ഇമെയില്‍ വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

കേരളത്തില്‍ നിന്നുള്ള വ്യാജ ഇമെയില്‍ സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) സോനം കുമാര്‍ പറഞ്ഞു.

Continue Reading

india

യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍

യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

Published

on

യുപിയിലെ അലിഗഢില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദനം. അര്‍ബാസ്, അഖീല്‍, കദീം, മുന്ന ഖാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. അലിഗഢിലെ അല്‍ഹാദാദ്പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

”ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി നല്‍കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക”-അലിഗഢ് റൂറല്‍ എസ്പി അമൃത് ജയിന്‍ പറഞ്ഞു.

അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മര്‍ദനമേറ്റ യുവാക്കളില്‍ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ”പരിക്കിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. നിങ്ങള്‍ വീഡിയോകള്‍ കാണുക. എന്റെ മകന്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്”-അഖീലിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.

അലിഗഢിലെ അല്‍-അമ്മാര്‍ ഫ്രോസണ്‍ ഫുഡ്‌സ് മാംസ ഫാക്ടറിയില്‍ നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്‍ നാലുപേരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാധു ആശ്രമത്തില്‍ വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്‍ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടു. പരാതിയില്‍ വിഎച്ച്പി നേതാവ് രാജ്കുമാര്‍ ആര്യ, ബിജെപി നേതാവ് അര്‍ജുന്‍ സിങ് എന്നിവരുടെ പേരുകള്‍ സലീം ഖാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്‍ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്‍ വലിയ പണം നല്‍കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വാഹനം തകര്‍ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്‍ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്‍ദനം തുടര്‍ന്നതായാണ് ചില വീഡിയോകളില്‍ നിന്ന് വ്യക്തമാവുന്നത്.

Continue Reading

india

ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം

വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്.

Published

on

കോഴിക്കോടുനിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്കെത്തിയ 15കാരന്റെ ദേഹത്ത് മരംവീണ് ദാരുണാന്ത്യം. വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഊട്ടി-ഗുഡലൂര്‍ ദേശീയപാതയിലെ ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററിലാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാര്‍ക്ക് ഭാഗത്ത് വെച്ച് ആദിദേവിന്റെ തലയില്‍ മരം വീഴുകയായിരുന്നു.

പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. കനത്ത മഴയെ തുടര്‍ന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Continue Reading

Trending