editorial
ഗസ്സ പദ്ധതി: പുതിയ സംഘര്‍ഷങ്ങളിലേക്കോ
15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ പദ്ധതിക്ക് യു.എന്‍ രക്ഷാ സമിതി അംഗീകാരം നല്‍കിയതോടെ, ഫലസ്തീന് വീണ്ടും ലോകശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. 15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പ്’ എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ച ഈ നീക്കം, മേഖലയില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം നല്‍കുമോ, അതോ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴി തുറക്കുമോ എന്നതാണ് ഉയരുന്ന അടിസ്ഥാന ചോദ്യം.
റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും, ശക്തമായ പിന്തുണയോടെയാണ് പ്രമേയം രക്ഷാസമിതി അംഗീകരിച്ചത്. രണ്ടാംഘട്ട വെടിനിര്‍ത്തലിനും ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കും ഇത് വഴിയൊരുക്കുമെന്നാണ് ഗുട്ടറസ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതും സ്വയം നിര്‍ണയാവകാശം അംഗീകരിക്കുന്നതുമാണ് പ്രമേയമെന്ന നിലപാടാണ് ഫലസ്തീന് അതോറിറ്റിയും സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തെ സമാധാന ശ്രമമായി ഇവരൊക്കെ കാണാന്‍ ശ്രമിക്കുമ്പോഴും അതിന്റെ ഉള്ളടക്ക ത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണ്.
ഗസ്സയുടെ പ്രതിരോധ ശക്തിയായ ഹമാസ് യു.എന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും നടപടി ഗുണം ചെയ്യില്ലെന്നുമാണ് അവരുടെ നിലപാട്. ഗസ്സയുടെ ഭൂമിശാസ്ത്രപരമായ സമഗ്രതയെ തകര്‍ക്കുന്നതും വിദേശ ശക്തിക്ക് മേഖലയില്‍ നേരിട്ടുള്ള സ്വാധീനം നല്കുന്നതുമാണ് പദ്ധതി. ഇസ്രാഈലിന്റെ അധിനിവേശത്തെ തടയാനോ, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേ റ്റാനോ അല്ലാതെ, മേഖലയെ നിയന്ത്രിക്കാന്‍ വരുന്ന അന്താ രാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധ്യതയുണ്ട്. ഫലസ്തീന് അതോറിറ്റി ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും, ഈ പ്രമേയം ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
പ്രമേയം രണ്ടാംഘട്ട വെടിനിര്‍ത്തലിന് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും, ഒരു സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളില്ല. ഇസ്രാഈല്‍ അധിനിവേശത്തില്‍ നിന്നുള്ള സംരക്ഷണം എന്ന ഫലസ്തീന് ആവശ്യം പ്രമേയത്തില്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര സേനയുടെ വി ന്യാസം ഇസ്രാഈലിന്റെ സൈനിക നടപടികളെ എത്രത്തോളം നിയന്ത്രിക്കുമെന്നതിലും വ്യക്തതയില്ല. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എന്നാല്‍, ഈ പദ്ധതി ഇതിനെക്കുറിച്ച് കൃത്യമായ ഉറപ്പുകള്‍ നല്‍കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തിലേക്ക് വഴിതുറക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിന്റെ രൂപീകരണത്തിന് പദ്ധതി നേരിട്ട് ഉറപ്പുനല്‍കുന്നില്ല. ഫലസ്തീനികളുടെ അതിജീവനത്തിനും സ്വയംനിര്‍ണ്ണയാ വകാശത്തിനും വേണ്ടി നിലകൊള്ളുന്നതിനേക്കാള്‍, ഗസ്സ യിലെ സാഹചര്യം ‘നിയന്ത്രിക്കാന്‍’ വേണ്ടിയുള്ള താല്‍ക്കാലിക പരിഹാരമായേ പദ്ധതിയെ കാണാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.
നിലവിലെ ഗസ്സയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച ഗസ്സ പദ്ധതി. ഇസ്രാഈലി സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ഗ്രീന്‍ സോണ്‍ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഇതോടെ ഫലസ്തീനി കള്‍ മുഴുവന്‍ നിലവിലെ ഗസ്സയുടെ പകുതി ഭൂപ്രദേശം മാത്രം വരുന്ന റെഡ്സോണിലേക്ക് ആട്ടിയോടിക്കപ്പടും. ഗ്രീന്‍, റെഡ് സോണുകള്‍ക്കിടയിലെ ഇടനാഴിയായ യെല്ലോ സോണില്‍ ഇസ്രാഈല്‍ – അന്താരാഷ്ട്ര സൈന്യം നിലയുറപ്പിക്കും. മാത്രമല്ല, അന്താരാഷ്ട്ര സൈന്യം എന്ന പേരില്‍ വിന്യ സിക്കപ്പെടുന്നത് യു.എന്‍ സമാധാന സേനയായിരിക്കില്ല. പകരം യു.എസ് നിര്‍ദേശിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള സൈന്യത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായിരിക്കും. പരിശീലനം ലഭിച്ച ഫലസ്തീന് പൊലീസ് സേനക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഫ ലത്തില്‍ ഇസ്രാഈല്‍ താല്പര്യങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഗസ്സ പദ്ധതിയുടെ അംഗീകാരം ഒരു വഴിത്തിരിവാണ്. ഇത് സമാധാനത്തിന്റെ ദിശയിലേക്ക് വഴി തുറക്കുമോ, അതോ ഗസ്സയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അഖണ്ഡതയെ തകര്‍ത്ത് പുതിയ അധികാര കേന്ദ്രങ്ങളെ സൃ ഷ്ടിക്കുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന ശ്രമവും വിജയിക്കില്ല. അതിനാല്‍, യു.എന്‍ രക്ഷാ സമിതിയുടെ ഈ നീക്കം ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പാകണമെങ്കില്‍’, അത് തദ്ദേശീയ ജനതയുടെ അതിജീവനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്.
editorial
തീര്‍ത്ഥാടനവും കുളമാക്കുന്ന സര്‍ക്കാര്‍
ഒരുതരത്തിലുള്ള മുന്നൊരുക്കവുമില്ലാത്തതിനാല്‍ സന്നിധാനത്ത് ഭയാനകമായ സാഹചര്യങ്ങളാണ് വൃശ്ചികം ആരംഭിച്ച ദിവസം മുതല്‍ കാണാന്‍കഴിയുന്നത്.
അയ്യന്റെ സ്വത്ത് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കുന്നതിനാണ് ഇത്തവണത്തെ മണ്ഡലകാലത്ത് അയ്യപ്പ സന്നിധി സാക്ഷിയാകുന്നത്. ഒരുതരത്തിലുള്ള മുന്നൊരുക്കവുമില്ലാത്തതിനാല്‍ സന്നിധാനത്ത് ഭയാനകമായ സാഹചര്യങ്ങളാണ് വൃശ്ചികം ആരംഭിച്ച ദിവസം മുതല്‍ കാണാന്‍കഴിയുന്നത്. അനിയന്ത്രിതമായ തിരക്കിനാല്‍ മനുഷ്യജീവന് പൊലിയുന്ന സാഹചര്യങ്ങള്‍ സംജാതമായിട്ടും ദേവസ്വംബോര്‍ഡും പൊലീസ് സംവിധാനവും ഒരുപോലെ നോക്കുകുത്തികളാകുകയാണ്.
പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്പില് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുപോലും തീര്‍ത്ഥാടകര്‍ മറികടന്നിരിക്കുന്ന സ്ഥിതി യുണ്ടായിത്തീര്‍ന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും ദര്‍ശനം ലഭിക്കാതെ പലര്‍ക്കും മടങ്ങിപ്പേകോണ്ടിവരുമ്പോള്‍ ഒരു തുള്ളിവെള്ളംപോലും ലഭ്യമാകാതെ നരകയാതന അനുഭവിക്കുകയാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍. ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയില്‍ ക്യൂ നിന്നശേഷം ദര്‍ശനംകിട്ടാതെ മടങ്ങിയത്.
കോടികള്‍ പൊടിപൊടിച്ച് കോണ്‍ക്ലേവ് നടത്തിയവരുടെ കണ്ണ് ശബരിമലയുടെ വികസനത്തിലോ ഭക്തരുടെ സൗകര്യത്തിലോ അല്ല, മറിച്ച് അയ്യന്റെ സ്വത്തില്‍ മാത്രമായിരുന്നുവെന്നത് അരക്കിട്ടുറപ്പിക്കപ്പെടുകയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവ വികാസങ്ങളെല്ലാം. ഇന്നലെ പമ്പയില്‍ നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. അപ്പോഴേക്കും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ആളുകള്‍ വീണ്ടും നടപ്പന്തലിലേക്കൊഴുകി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണുണ്ടായത്. ഇതുകാരണം പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.
സന്ദര്‍ശന പ്രവാഹത്തിന്റെ സൂചനകള്‍ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. സാധാരണ വലിയ തിരക്കുള്ള ദിവസങ്ങളില്‍ മാത്രം കാണുന്നത്ര ഞെരുക്കമായിരുന്നു വൃശ്ചികം ഒന്നിന് എരുമേലിയില്‍. തലേന്ന് രാത്രിതന്നെ അയ്യപ്പന്മാര് ഇവിടെ എത്തി. സ്പോട്ട് ബുക്കിങ്ങിന് കൃത്യമായി എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ദിനം തന്നെ ഈ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ അനിയന്ത്രിതമായി കയറ്റിവിട്ടതോടെ എല്ലാ നിയന്ത്രണങ്ങളും തെറ്റുകയായിരുന്നു.
ഭക്തര്‍ പലവഴിയിലൂടെ സന്നിധാനത്തെത്തിയതാണ് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതെന്ന് പറയുന്ന പൊലിസ് മേധാവി അത് നിയന്ത്രിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്ന് കൂടി വ്യക്തമാക്കേണ്ടത്. സ്വര്‍ണക്കൊള്ളയുടെ പേരില്‍ പ്രതിഛായ നഷട്പ്പെട്ട സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ പുനസംഘടിപ്പിച്ചുവെങ്കിലും പുതിയ ഭരണ സമിതിയും കൈ മലര്‍ത്തുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ കെ. ജയകുമാര്‍ പറഞ്ഞിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം തന്നെ പറയുന്നു.
പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പൊലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കും, സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും, മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും എന്നെല്ലാം പറയുന്ന ദേവസ്വം പ്രസിഡന്റ് ഇതെല്ലാം ഒരുക്കാന്‍ ദര്‍ശന കാലം കഴിയാന്‍ കാത്തിരിക്കുകയാണോ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ സാധാരണയായി ഉണ്ടാകാറുള്ള എന്‍. ഡി.ആര്.എഫ്, ആര്.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയുടെയും സര്‍ക്കാറിന്റെയും വാദം. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയതും. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാറിനും ദേവസ്വംവകുപ്പിനും സാധ്യമല്ല.
editorial
എസ്.ഐ.ആറിലും നിയമ വഴിയില്‍ മുസ്ലിംലീഗ്
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര് വിഷയത്തിലും കേരളത്തില്‍ നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്നതില്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആര്) നെതിരെയും പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കു കയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെയും വഖഫ് നിയമത്തിനെതിരെയും ഒന്നാമതായി കോടതി കയറിയ മുസ്ലിംലീഗ് എസ്.ഐ.ആര് വിഷയത്തിലും കേരളത്തില്‍ നിന്ന് ആദ്യമായി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്.
ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണമായ ലംഘനമാണ് ബിഹാറില്‍ നടന്നതും, ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എ സ്.ഐ.ആര് പ്രക്രിയ എന്നത് വ്യക്തമാണ്. ബിഹാറില്‍ 65 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ ഈ പ്രക്രിയയെ കേന്ദ്ര സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും എത്ര നിഷ്കളങ്കമായി ചിത്രീകരിക്കാന്‍ ശ്രമിച്ചാലും അതിന്റെ നിഗൂഢ താല്പര്യങ്ങളെ പുറത്തുകൊണ്ടുവരാതിരിക്കാന് കഴിയില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമാണ് നിയമപോരാട്ടത്തിലൂടെ മുസ്ലിംലീഗ് നടത്തിയിരിക്കുന്നത്.
ബീഹാര്‍ എസ്.ഐ ആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെതന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം രാജ്യമെമ്പാടും ഇത് നടപ്പില്‍വരുത്താനുള്ള അതിയായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ്. മാത്രവുമല്ല, ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നതും വ്യക്തമാണ്.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞവഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്.ഐ.ആര് പ്രക്രിയ വഴി ഉദ്ദേശിക്കുന്നതെന്ന ആശങ്കയും ശക്തമായിതന്നെ നിലകൊള്ളുന്നുണ്ട്. എസ്.ഐ.ആ റിന്റെ മറവില്‍ ബിഹാറില്‍ വ്യാപക വോട്ടുമോഷണവും ജനാധിപത്യ അട്ടിമറിയും നടന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായി ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ആയ ദ ക്വിന്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. 2020 ല്‍ മഹാസഖ്യം ജയിച്ച 75 നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണ ബി.ജെ.പി ബ അട്ടിമറി വിജയം നേടിയത് എസ്.ഐ.ആര് വഴി വെട്ടിമാറ്റിയ വോട്ടിന്റെ കൂടി പിന്തു ണയിലാണെന്ന സംശയം ജനിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.
കേരളത്തിലാണെങ്കില്‍, സംസ്ഥാനത്ത് എസ്.ഐ.ആര് നടപ്പാക്കരുതെന്ന ആവശ്യമാണ് ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍വെച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും സര് ക്കാര് തന്നെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എ സ്.ഐ.ആര് പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര് ബന്ധം കമ്മീഷനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒന്നാണ്. എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെ ന്ന നിലപാടില്‍ കമ്മീഷന് ഉറച്ചു നില്ക്കുമ്പോള് എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്ന സാഹചര്യംവരെ സംജാതമാക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നറിയിപ്പു നല്‍കിയിട്ടും അതിനൊന്നും ചെവികൊടുക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയ കമ്മീഷന് സാധിച്ചിരുന്നില്ല.
നാലുഘട്ടങ്ങളിലായി സര്വകക്ഷിയോഗങ്ങള് നടന്നെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശവും മുഖവിലക്കെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ബി.എല്‍.ഒ മാര്‍ക്കുണ്ടാകുന്ന താങ്ങാനാവാത്ത സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്‍പ്പെടെ രാഷ്ടീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ അനുഭവത്തിന്റെ പിന്‍ബലത്തില്‍ നല്കിയ മുന്നറിയിപ്പ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍ അപ്പോഴും കണ്ണടച്ചിരുട്ടാക്കുകയാണ് തിര ഞ്ഞെടുപ്പ് കമ്മീഷന് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് എസ്.ഐ.ആറിന്റെ സാധുതയേയും അതിന്റെ പ്രായോഗികതയേയും ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
പൗരത്വഭേദഗതി നിയമത്തി നെതിരെയുള്ള മുസ്ലിംലീഗിന്റെ നിയമപോരാട്ടം രാജ്യത്തി ന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ ഇടംപിടിച്ചു കൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. വിഷയ ത്തില്‍ സമര്‍പ്പിക്കപ്പെട്ട ഇരുനൂറിലധികം ഹര്ജികളെയും മുസ്ലിംലീഗിന്റെ ഹര്‍ജിയോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിനോടുള്ള മുസ് ലിംലീഗിന്റെ സമീപനത്തെ മുതിര്‍ന്ന അഭിഭാഷകര്‍തന്നെ ഏറെ പ്രശംസിച്ചിരുന്നു. അതുകൊണ്ടുതന്നെ എ സ്.ഐ.ആര് വിഷയത്തിലും മുസ്ലിംലീഗിന്റെ ഇടപെടലിനെ കേരളംമാത്രമല്ല, രാജ്യം ഒന്നാകെ വളരെയധികം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
editorial
ഉദ്യോഗസ്ഥരും ബലിയാടാക്കപ്പെടുന്നു
പയ്യന്നൂര്‍ കുന്നരു യു.പി സ്കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര് സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒ ജീവനൊടുക്കിയ സംഭവം ബി.എല്‍.ഒ മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെമാത്രമല്ല, കേരളത്തില്‍ എസ്.ഐ.ആര് നടപ്പാക്കുന്നതിലെ അശാസ്ത്രീയതയിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയാണ്. പയ്യന്നൂര്‍ കുന്നരു യു.പി സ്കൂളിലെ പ്യൂണ്‍ ആയ അനീഷ് ജോര്‍ജിന്റെ മരണം എസ്.ഐ.ആര് സംബന്ധമായ സമ്മര്‍ദ്ദംകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇക്കാര്യത്തെക്കുറിച്ച് അനീഷ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നില്‍കിയിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിശോധന സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പദ്ധതിയുടെ യുക്തിരാഹിത്യത്തെ ചോദ്യംചെയ്ത ഇരുമുന്നണികളും നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും ചെയ്യുകയുണ്ടായി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സാഹസപ്പെട്ട് ഇത്തരത്തിലൊരു ഭഗീരത പ്രയത്നത്തിന് മുതിരുന്നതിലെ സാങ്കത്യത്തെ ചോദ്യം ചെയ്ത ഇരുമുന്നണികളും ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഈ സംസ്ഥാനത്തെ ന്യൂനാല്‍ ന്യൂനപക്ഷമൊഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടെയും താല്പര്യങ്ങള്ക്ക് വിരുദ്ധമായി എസ്.ഐ.ആറി ന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. പക്ഷേ, കേരളം മുന്നോട്ടുവെച്ച ആശങ്കകളെ സാധൂകരിക്കുന്ന സംഭവ വികാസങ്ങള്‍ക്കാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ചുചേര്‍ത്ത യോഗങ്ങളിലൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുകൂല സമീപനം സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥരുടെ മേലില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നത്. 12 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ട വിലയിരുത്തലില്‍ നടപടിക്രമങ്ങളില്‍ ഏറ്റവും പിറകിലുള്ളത് കേരളമാണെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച വിളിച്ചുചേര്‍ത്ത നാലാംഘട്ട സര്‍വകക്ഷി യോഗത്തില്‍പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്യൂമറേഷന് ഫോം വിതരണത്തില്‍ കൃത്രിമംകാണിച്ച് വ്യാജ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി.എല്‍.ഒ മാരോട് ആവശ്യപ്പെടുന്നു, പരിശീലനത്തിന്റെ അഭാവമുള്ളതിനാല്‍ ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം പൂരിപ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കാനും സംശയങ്ങള്‍ ക്ക് മറുപടി നല്‍കാനും കഴിയുന്നില്ല, പലര്‍ക്കും ഫോം വിതരണംപോലും നടക്കുന്നില്ല തുടങ്ങിയ പ്രയാസങ്ങളായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നത്. പൊതുപ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ബി.എല്‍.ഒ മാരെ സഹായിക്കാനും നിര്‍വാ ഹമില്ലാത്ത സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പു ക ഴിയുംവരെയെങ്കിലും എസ്.ഐ.ആര് നടപടികള്‍ നിര് ത്തിവെക്കുകമാത്രമാണ് പരിഹാരം എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായ അജണ്ടകള്‍ ഉള്ളിലൊളിപ്പിച്ചുകൊണ്ടുള്ള രീതിയിലാണ് കമ്മീഷന് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
ഈ നിര്‍ണായക ഘട്ടത്തിലുള്ള കമ്മീഷന്റെ ചടുലമായ നീക്കങ്ങള്‍ എ സ്.ഐ.ആറിന്റെ നിഗൂഢതകള്‍ക്ക് വളംനല്‍കാന്‍ ഉപയോഗപ്പെടുത്തന്നതോടൊപ്പം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടിയുണ്ടോയെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ്. കേരളത്തിന്റെ പൂര്‍ണമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് തീര്‍ത്തും നിഗൂഢമായ ഒരു പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുപോകുമ്പോള്‍ സാധാരണ ജനങ്ങള്‍ മാത്രമല്ല, ഉദ്യോഗസ്ഥ സമൂഹവും ഇവിടെ ബലിയാടാക്കപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യമാണ് അടിവരയിടപ്പെടുന്നത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala15 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala17 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala16 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

