News
ഡാമിയന്‍ മാര്ട്ടിന് മസ്തിഷ്കജ്വരം; ആരോഗ്യനില അതീവ ഗുരുതരം, ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥനയില്‍
ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.
മെൽബൺ: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്ട്ടിന് മസ്തിഷ്കജ്വരം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍. 54 വയസ്സുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മാര്‍ട്ടിനെ ബ്രിസ്ബനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്ട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കുടുംബത്തിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് സ്ഥിരീകരിച്ചു.
മാര്ട്ടിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഭാര്യ അമാന്‍ഡയ്ക്കും കുടുംബത്തിനും നിരവധി പേര് പ്രാര്‍ത്ഥനകളും ആശംസകളും അയയ്ക്കുന്നുണ്ടെന്നുമാണ് ഗില്‍ക്രിസ്റ്റ് അറിയിച്ചത്. മുന്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ വി.വി.എസ്. ലക്ഷ്മണും ആര്. അശ്വിനും മാര്‍ട്ടിന്റെ രോഗശാന്തിക്കായി പ്രാര്‍ഥത്ഥന നേര്‍ന്നിട്ടുണ്ട്. ആരോഗ്യനില ഗുരുതരമായതോടെ ലോകമാകെ ക്രിക്കറ്റ് ആരാധകരും താരങ്ങളും ആശങ്കയിലാണ്. 21ാം വയസ്സില്‍ ഓസ്ട്രേലിയയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഡാമിയന്‍ മാര്ട്ടിന് 67 ടെസ്റ്റുകളും 208 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ 46.37 ശരാശരിയില്‍ 4,406 റണ്‍സ് നേടിയ അദ്ദേഹം 13 സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. 2005ല്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 165 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മാര്ട്ടിന് 2006ലെ ആഷസ് പരമ്പരയ്ക്കിടെയാണ് വിരമിച്ചത്. 2003ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ പുറത്താകാതെ 88 റണ്‍സ് നേടി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
kerala
‘മലപ്പുറം ചോദ്യത്തില്‍’ കണ്ട്രോള് പോയി വെള്ളാപ്പള്ളി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശം
News
ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി ദീപ്തി ശര്‍മ
മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിനൊപ്പമായിരുന്ന ദീപ്തി, നിലാക്ഷിക സില്‍വയെ പുറത്താക്കിയതോടെയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി ഇന്ത്യയുടെ ദീപ്തി ശര്‍മ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അഞ്ചാം ടി20 മത്സരത്തിനിടെയാണ് ദീപ്തി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 152 വിക്കറ്റുകളോടെ ഇന്ത്യന്‍ സ്പിന്നര്‍ മേഘന് ഷട്ടിന്റെ റെക്കോര്‍ഡ് ദീപ്തി മറികടന്നു. മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിനൊപ്പമായിരുന്ന ദീപ്തി, നിലാക്ഷിക സില്‍വയെ പുറത്താക്കിയതോടെയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 130 ഇന്നിംഗ്സുകളിലാണ് ദീപ്തി 152 വിക്കറ്റിലെത്തിയത്.
അതേസമയം, വനിതാ ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയവരുടെ പട്ടികയില്‍ രാധാ യാദവാണ് രണ്ടാം സ്ഥാനത്ത്. 86 ഇന്നിംഗ്സുകളില്‍ നിന്ന് 103 വിക്കറ്റുകളാണ് രാധയുടെ നേട്ടം. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് ജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അമന്‍ജോത് കൗര്‍ (18 പന്തില്‍ 21)യും അരുന്ധതി റെഡ്ഡി (11 പന്തില്‍ 27)യും മികച്ച പിന്തുണ നല്കി.
176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ നഷ്ടമായി. തുടര്‍ന്ന് ഇമേഷ ദുലാനിയും ഹാസിനി പെരേരയും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തിയെങ്കിലും അമന് ജ്യോത് ഇമേഷയെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ഹാസിനി പെരേര അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ ഒതുങ്ങി. മത്സരത്തിലെ താരമായി ഹര്‍മന്‍പ്രീത് കൗറിനെയും, ടൂര്‍ണമെന്റിലെ താരമായി ഷഫാലി വര്‍മയെയും തിരഞ്ഞെടുത്തു.
News
വീടിനുമുന്നിലെ തൂണുകളില്‍ ചുവപ്പ് അടയാളം; സിസിടിവി ദൃശ്യങ്ങള്‍ കണ്ടു പരിഭ്രാന്തി, ഒടുവില്‍ ആശ്വാസം
കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമം പ്രദേശത്തെ ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് അടയാളങ്ങള്‍ വ്യാപകമായി കണ്ടത്.
തിരുവനന്തപുരം: വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുകള്‍ക്ക് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മോഷണ സംഘത്തിന്റെ നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമം പ്രദേശത്തെ ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് അടയാളങ്ങള്‍ വ്യാപകമായി കണ്ടത്.
സംശയം തോന്നിയ നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖംമൂടിയണിഞ്ഞ ഒരു സംഘം തൂണുകളില്‍ ചുവപ്പ് അടയാളങ്ങള്‍ വരയ്ക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതോടെയാണ് ആശങ്ക വര്‍ധിക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം, മോഷ്ടാക്കള്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താമസിയാതെ സംഭവത്തില്‍ വഴിത്തിരിവുണ്ടായി. വട്ടത്തില്‍ ചുവപ്പ് അടയാളമിട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് നേമം പൊലീസിന് മുന്നില്‍ ഹാജരായി. ഇവര്‍ നല്കിയ വിശദീകരണമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയ കണക്ഷന് നല്‍കുന്നതിനായി വീടുകള്‍ അടയാളപ്പെടുത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി. സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് അടയാളങ്ങള്‍ വരച്ചതെന്നും, അതിനാലാണ് മുഖം മൂടിയതെന്നും ഇവര്‍ പൊലീസിനോട് വിശദീകരിച്ചു.
നാട്ടുകാര്‍ ആശങ്കയിലാണെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ നേരിട്ട് പൊലീസിന് മുന്നിലെത്തി വിശദീകരണം നല്‍കിയതെന്നും പൊലീസ് അറിയിച്ചു. ലഭിച്ച വിവരം ഉടന്‍ നാട്ടുകാരെ അറിയിച്ചതോടെ പ്രദേശത്തെ ആശങ്കകള്‍ക്ക് അവസാനമായി.
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india18 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala18 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
