Connect with us

kerala

സഹോദരിയുടെ മകന്റെ മര്‍ദനം; വയനാട് യുവാവ് മരിച്ചു

മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

Published

on

വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് ആക്രമണത്തില്‍ മരണപ്പെട്ടത്. സഹോദരിയുടെ മകനായ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ കേശവനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: തവനൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

പതിനാലുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 38 കാരനായ പ്രതിക്ക് കഠിനതടവും പിഴയും

Published

on

മലപ്പുറം: പതിനാലുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 38 കാരനായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസ് എന്ന തവനൂര്‍ സ്വദേശിക്കെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് വിധി പ്രഖ്യാപിച്ചത്.

പിഴ തുക അടച്ചാല്‍ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷയ്ക്ക് പിന്നാലെ പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.

എടക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍. അനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എടക്കര പൊലീസ് എസ്എച്ച്ഒ എന്‍.ബി. ഷൈജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസന്വേഷണത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജ എസ്. നായര്‍ സഹായം നല്‍കി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലിയസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബയും പ്രോസിക്യൂഷനെ സഹായിച്ചു.

 

Continue Reading

kerala

കണിയാപുരത്ത് ലഹരി വേട്ട; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കുടുങ്ങി

പ്രതികളില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് നടന്ന ലഹരി വേട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് പിടികൂടി. പ്രതികളില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കണിയാപുരം തോപ്പില്‍ ഭാഗത്ത് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ആറ്റിങ്ങല്‍-നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.

നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോക്ടര്‍ വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പ് നിരവധി ലഹരി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വില്‍പ്പന നടത്തിവരികയായിരുന്നു സംഘമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ, പൊലീസ് ജീപ്പില്‍ കാറിടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് കണിയാപുരം ഭാഗത്ത് സംഘം ഒളിവില്‍ കഴിയുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളുപ്പിന് ഡാന്‍സാഫ് സംഘം വാടകവീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് 4 ഗ്രാം എംഡിഎംഎ, 1 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading

kerala

മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ എസ്‌ഐയ്ക്ക് നേരെ ഭീഷണി; സിപിഐ നേതാവിനെതിരെ കേസ്

നീയാരാടാ മൈക്ക് നിര്‍ത്തിപ്പിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. സതീശനെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Published

on

തളിപ്പറമ്പ്: മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ എസ്ഐ ഭീഷണിപ്പെടുത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്. മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷന്‍ രക്ഷാധികാരിയായ മുരളീധരനൊപ്പം അസോസിയേഷന്‍ ഭാരവാഹികളായ കെ. ഷിജു, എം.വിജേഷ്, ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പുതുവര്‍ഷ പരിപാടിയില്‍ രാത്രി പന്ത്രണ്ടരയ്ക്കും മൈക്ക് പ്രവര്‍ത്തിപ്പിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്കു ശല്യവുമുണ്ടാക്കിയെന്നാണ് കേസ്. മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട പൊലീസിനെ മുരളീധരനും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. നീയാരാടാ മൈക്ക് നിര്‍ത്തിപ്പിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. സതീശനെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന് പുലര്‍ച്ചെയാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അനുമതി ഇല്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനും കേസെടുത്തത്.

സിപിഐ-സിപിഎം സംഘര്‍ഷ മേഖലയായ ഇവിടെ കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ സംഘര്‍ഷത്തില്‍പ്പെട്ടവരെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞത്. രാത്രിയില്‍ ഇവര്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു.

 

Continue Reading

Trending