Sports
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ സ്‌ക്വഡില്‍ ഷമി തിരിച്ചെത്തിയേക്കും, സഞ്ജുവിന്റെ സാധ്യത മങ്ങി
അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍കണ്ടായിരിക്കും ടീമിനെ ഒരുക്കുകയെന്നാണ് വിവരം.
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍കണ്ടായിരിക്കും ടീമിനെ ഒരുക്കുകയെന്നാണ് വിവരം. ജനുവരി 11 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്.
ദീര്‍ഘനാളായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുനില്‍ക്കുന്ന പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് അടുത്തുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സെലക്ടര്‍മാര്‍ താരത്തെ പരിഗണിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സ് മാത്രമാണ് ആശങ്ക. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ ഷമിയുടെ പ്രകടനം മാനേജ്മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.
അദ്ദേഹത്തെപ്പോലൊരു ബൗളര്‍ക്ക് വിക്കറ്റ് നേടാനാകും. സെലക്ഷന്‍ റഡാറില്‍ നിന്ന് താരം പുറത്തായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും വിക്കറ്റെടുക്കാനുള്ള കഴിവും കണക്കിലെടുത്ത് ഷമി ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല.
അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിച്ചേക്കും. നേരത്തേ കിവീസിനെതിരായ ടി20 പരമ്പരയിലും ടി20 ലോകകപ്പ് സ്‌ക്വാഡിലും ഇഷാന്‍ കിഷന്‍ ഇടംപിടിച്ചിരുന്നു. സഞ്ജു സാംസണ്‍ ആദ്യ വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുള്ളപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് കിഷാനെ ടീമിലെടുത്തത്. എന്നാല്‍ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ടീമിലെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. സഞ്ജുവിന് പുറമേ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും ടീമില്‍ നിന്ന് പുറത്തായേക്കു. നിലവില്‍ മിന്നും ഫോമിലുള്ള കിഷനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ടാകും. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും. എന്നാല്‍ ഉപനായകനായ ശ്രേയസ്സ് അയ്യര്‍ ടീമിലെത്താനുള്ള സാധ്യതയില്ല. പരിക്കേറ്റ് ദീര്‍ഘനാളായി കളിക്കളത്തിന് പുറത്തിരിക്കുന്ന താരം നിലവില്‍ ബിസിസിഐയുടെ ദേശീയ അക്കാദമിയില്‍ പരിശീലനത്തിലാണ്. വേഗത്തില്‍ ശരീരഭാരം കുറയുന്നതിനാല്‍ ഉടന്‍ അയ്യരുടെ തിരിച്ചുവരവുണ്ടായേക്കില്ല.
News
ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ
പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മഡ്രിഡ് താരവുമായ റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയ കാർലോസ് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫുൾ ബോഡി എം.ആർ.ഐ പരിശോധനയിലാണ് ഹൃദയത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ കാർഡിയാക് കത്തീറ്ററൈസേഷനു വിധേയനാക്കി.
ഏകദേശം 40 മിനിറ്റ് മാത്രം നീണ്ടുനിൽക്കേണ്ട ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും താരം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂർ കൂടി കാർലോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വ്യക്തമാക്കി.
1990 മുതൽ 2016 വരെ നീണ്ടു നിന്ന ക്ലബ്-ദേശീയ ടീം കരിയറിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിന്റെ സ്ഥിരാംഗമായിരുന്നു. പത്തുവർഷത്തിലേറെ നീണ്ട റയൽ മഡ്രിഡ് കരിയറിലൂടെ ആധുനിക ഫുട്ബോളിലെ ഇതിഹാസ പ്രതിരോധ താരങ്ങളുടെ പട്ടികയിൽ ഇടംനേടി.
ആക്രമണ സ്വഭാവമുള്ള ലെഫ്റ്റ് ബാക്കായിരുന്ന കാർലോസ് ബ്രസീലിനായി 125 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെയും 1998 ലോകകപ്പ് റണ്ണർ അപ്പ് ടീമിന്റെയും അംഗമായിരുന്നു. 1997ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ 35 യാർഡ് അകലെ നിന്ന് ഇടംകാലിൽ തൊടുത്തുവിട്ട ‘ബനാന ഫ്രീകിക്ക്’ ഗോൾ ഇന്നും ഫുട്ബോൾ ചരിത്രത്തിലെ അത്ഭുത നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
2012ൽ റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 2015ലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുൻപിൽ താരം എത്തിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായും കോച്ചായും ഒരു സീസൺ നിറഞ്ഞുനിന്ന റോബർടോ കാർലോസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും പ്രിയങ്കരനായി.
News
വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ അവസാന പന്തിൽ മറികടന്ന് കേരളത്തിന് തകർപ്പൻ ജയം
343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.
അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അതേ വേഗത്തിൽ പിന്തുടർന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാടകീയ ജയം. 343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലംബ (119), ദീപക് ഹൂഡ (86) എന്നിവരുടെ മികവിൽ വലിയ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ നായകൻ രോഹൻ കുന്നുമ്മലിനെ നഷ്ടപ്പെട്ടെങ്കിലും കൃഷ്ണ പ്രസാദും (53) ബാബ അപരാജിതും (116 പന്തിൽ 126) രണ്ടാം വിക്കറ്റിൽ 155 റൺസിന്റെ നിർണായക കൂട്ടുകെട്ട് തീർത്തു.
തുടർന്ന് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവർ ചേർന്ന് റൺചേസ് മുന്നോട്ട് കൊണ്ടുപോയി. ബാബ അപരാജിത് പുറത്തായതോടെ സമ്മർദ്ദം ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ഏഡൻ ആപ്പിൾ ടോം കളി പൂർണമായും കൈയിലെടുത്തു. 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 40 റൺസ് നേടി പുറത്താകാതെ നിന്ന ആപ്പിൾ ടോം കേരള വിജയത്തിന് മുദ്രവച്ചു. എം.ഡി നിധീഷും (2) ഒമ്പതാം വിക്കറ്റിൽ പുറത്താകാതെ നിന്നു.
രാജസ്ഥാനുവേണ്ടി അങ്കിത് ചൗധരി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം രണ്ട് തോൽവികൾ വഴങ്ങിയ കേരളം ഈ വിജയത്തോടെ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.
Sports
സര്‍ഫറാസ് ഖാന്‍ തകര്‍ത്തടിച്ചു; ഗോവക്കെതിരെ മുംബൈയുടെ വമ്പന്‍ സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരായ മത്സരത്തില്‍ 444 റണ്‍സ് അടിച്ചെടുത്ത് മുംബൈ വന്‍ സ്‌കോര്‍ ഉയര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്. മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.
31 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 11 റണ്‍സ് നേടിയ ആംഗ്കൃഷ് രഘുവന്‍ഷിയാണ് ആദ്യം മടങ്ങിയത്. തുടര്‍ന്ന് യശസ്വി ജയ്സ്വാളിനൊപ്പം ചേര്‍ന്ന് മുഷീര്‍ ഖാന്‍ മുംബൈ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 21ാം ഓവറില്‍ 64 പന്തില്‍ 46 റണ്‍സ് നേടിയ ജയ്സ്വാള്‍ പുറത്തായി. അതിനുശേഷം ക്രീസിലെത്തിയ സര്‍ഫറാസ് ഖാന്‍ ആക്രമണം തുടങ്ങി. മുഷീര്‍ ഖാനുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് സര്‍ഫറാസ് ഉയര്‍ത്തി.
31ാം ഓവറില്‍ 60 റണ്‍സ് നേടിയ മുഷീര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 194 റണ്‍സ് ഉണ്ടായിരുന്നു. തുടര്‍ന്ന് സിദ്ധേഷ് ലാഡ് (17), ഷാര്‍ദുല്‍ താക്കൂര്‍ (8 പന്തില്‍ 27) എന്നിവര്‍ ചെറിയെങ്കിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. 42ാം ഓവറില്‍ സര്‍ഫറാസ് ഖാന്‍ പുറത്തായി. 14 സിക്സും 9 ഫോറും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ഇന്നിംഗ്സ് മുംബൈയുടെ സ്‌കോറിനെ കുതിപ്പിച്ചു.
അവസാന ഘട്ടത്തില്‍ ഹാര്‍ദിക് താമോറെ (53), ഷംസ് മുലാനി (22), തനുഷ് കൊട്ടിയാന്‍ (12 പന്തില്‍ പുറത്താവാതെ 23), തുഷാര്‍ ദേശ്പാണ്ഡെ (3 പന്തില്‍ പുറത്താവാതെ 7) എന്നിവരുടെ സംഭാവനകളാണ് മുംബൈയെ 400 കടത്തിയത്. ഗോവയ്ക്ക് വേണ്ടി ദര്‍ശന്‍ മിസാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലളിത് യാദവ്, കൗശിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എട്ട് ഓവര്‍ എറിഞ്ഞ് 78 റണ്‍സ് വിട്ടുകൊടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗോവ, വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. ലളിത് യാദവ് (20), അഭിനവ് തേജ്റാന (15) എന്നിവര്‍ ക്രീസിലുണ്ട്.
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
kerala3 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
