Connect with us

Video Stories

ചിത്രയോട് കാട്ടിയത് നാടിനോടുള്ള വഞ്ചന

Published

on

പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന് കാട്ടിയത് കൊടിയ അപരാധം തന്നെ. കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി സ്വര്‍ണമെഡല്‍ നേടി ട്രാക്കിലെ ഏഷ്യന്‍ റാണിയായി ഇന്ത്യയുടെയും ഏഷ്യയുടെയും അഭിമാനമായി മാറിയ പെണ്‍കുട്ടിക്ക് സ്വാഭാവികമായും ലഭിക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലേക്കുള്ള നേരിട്ടുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. താരത്തിനു മുമ്പേ പണം ഓടണം എന്നതായിരിക്കുന്നു കായിക ഇന്ത്യയുടെ ഗതികേട്.
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള മല്‍സരാര്‍ത്ഥികളെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ 23നാണ്. ഏഷ്യന്‍ മീറ്റില്‍ ചൈനയെയും ജപ്പാനെയും പോലെ മികച്ച കായികതാരങ്ങളുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ചിത്ര എന്ന മെലിഞ്ഞൊട്ടിയ പെണ്‍കുട്ടി തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നത് കായിക ലോകത്തിനാകെ അഭിമാനജനകമായിരുന്നു. ഇതോടെ ലോക ചാമ്പ്യനാകാനുള്ള പട്ടികയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രയെയും കോച്ചിനെയും മാത്രമല്ല അവളുടെ ഇഷ്ടക്കാരും പിന്തുണക്കാരുമായ മലയാളികളെയും രാജ്യത്തെ കായിക പ്രേമികളെയും ഒറ്റയടിക്ക് നിരാശപ്പെടുത്തിയിരിക്കയാണ് കായിക ലോകത്തെ തല്‍പര മേലാളന്മാര്‍. കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പി.യു ചിത്ര ലോകചാമ്പ്യന്‍ഷിപ്പ് പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള സങ്കടം വിനയാന്വിതയായാണ് പങ്കുവെച്ചത്.
2013ല്‍ പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മേളയിലും ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യയുടെ സ്വര്‍ണ ജേതാവ് എന്ന നിലയില്‍ ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള 23 താരങ്ങളുടെയും 13 ഒഫീഷ്യലുകളുടെയും പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കേണ്ട പേരായിരുന്നു ചിത്രയുടേത് എന്നത് നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് പേരു നല്‍കേണ്ട അവസാന തീയതി ജൂലൈ 24ന് അവസാനിച്ചുവെന്നും റാങ്കിങ് പോരാ എന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനിലെയും കേന്ദ്ര കായിക മന്ത്രാലയത്തിലെയും ഉന്നതര്‍ നല്‍കുന്ന വിശദീകരണം. താന്‍ നിരസിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കായിക താരവും ബന്ധപ്പെട്ടവരും വിവരം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുമ്പോഴേക്കും സമയം കഴിഞ്ഞുവെന്ന മറുപടിയാണത്രെ ലഭിച്ചത്. സ്വാഭാവികമായും കേരളത്തില്‍നിന്ന് മുഖ്യമന്ത്രി, കായിക മന്ത്രി, പാലക്കാടുനിന്നുള്ള ലോക്‌സഭാംഗം എന്നിവര്‍ ഡല്‍ഹിയിലെ കായിക വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും ചിത്രയുടെ അതേ യോഗ്യതയുള്ള തമിഴ്‌നാട്ടിലെയും മറ്റും താരങ്ങള്‍ക്ക് ലോക അത്‌ലറ്റിക് വേദിയില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നത് സഗൗരവം പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ കായിക രംഗത്തെക്കുറിച്ച് നാമൊന്നടങ്കം വേവലാതിപ്പെടുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ മേഖലയിലെ ഉന്നതരുടെ ഒത്താശയോടെ ഈ വെട്ടിനിരത്തല്‍ നടന്നിരിക്കുന്നത് എന്നത് നാണക്കേട് എന്നതിലുപരി കൊടിയ രാജ്യദ്രോഹമായിക്കൂടി വേണം വിലയിരുത്താന്‍. അന്വേഷണത്തിനൊടുവില്‍ മനസ്സിലാകുന്നത്, രാജ്യത്തെ ഒഫീഷ്യലുകളുകള്‍ക്ക് വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയത് എന്നാണ്. ചിത്രയെ ഉള്‍പെടുത്തിയാല്‍ ഒഫീഷ്യലുകളുടെ സംഘത്തിലെ പലര്‍ക്കും ലോക യാത്ര നടത്താന്‍ കഴിയുമായിരുന്നില്ലത്രെ. ഇതോടെ കായിക രംഗത്തെയും കായിക താരങ്ങളെയും സേവിക്കുകയല്ല, എങ്ങനെ സര്‍ക്കാര്‍ ചെലവില്‍ ലോക രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താമെന്നാണ് നമ്മുടെ കായിക സംഘടനകളിലെ കൊലകൊമ്പന്മാര്‍ ഉറക്കമിളച്ച് ചിന്തിക്കുന്നത് എന്നാണ് തിരിച്ചറിയപ്പെടുന്നത്. വൈകിയെങ്കിലും അവസരലബ്ധിക്കായി നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ് ഈ കായികതാരം. ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി. ഇനി അവിടെനിന്നുള്ള നീതി മാത്രമാണ് ഏക പ്രതീക്ഷ.
ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള നമ്മുടെ അത്‌ലറ്റിക് ടീമിന്റെ പരിശീലകരായി മലയാളികളായ മുന്‍ കായിക താരങ്ങളായ പി.ടി ഉഷ, അഞ്ജുബോബി ജോര്‍ജ്, രാധാകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ടിരുന്നിട്ടും ചിത്ര തഴയപ്പെട്ടതിന് ന്യായീകരണം തീരെയില്ല. മാനേജര്‍ ടോണി ഡാനിയേലും മലയാളിതന്നെ. എന്നാല്‍ താന്‍ നിരീക്ഷക മാത്രമാണെന്നാണ് ഉഷ പറയുന്നത്. ചിത്രയെ കൂടാതെ മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ചേസിലെ സ്വര്‍ണജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ്കുമാര്‍ സരോജ് എന്നിവരും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇവരുടെ ട്രാക്കിലെ മികവിന് മാര്‍ക്കിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ലോക മല്‍സരവേദിയില്‍ ഉണ്ടെന്നിരിക്കെ തമ്പ്രാനെ കവച്ചുവെക്കുന്ന മാടമ്പിയുടെ കുബുദ്ധി പ്രയോഗം നടന്നത് എന്തിനാണെന്നാണ് വിശദീകരിക്കപ്പെടേണ്ടത്. ഇനി പന്ത് കേന്ദ്ര കായിക മന്ത്രിയുടെ കോര്‍ട്ടിലാണ്. കോടതി നിര്‍ദേശപ്രകാരം ഇവര്‍ അപേക്ഷിച്ചാല്‍ തന്നെയും അന്താരാഷ്ട്ര അസോസിയേഷന്‍ അനുമതി നല്‍കുമെന്ന ്കരുതുക പ്രയാസം. കാരണം ഇന്ത്യയിലെ കോടതിയുടെ വിധി അന്താരാഷ്ട്ര കായിക ഏജന്‍സിക്ക് ബാധകമാവില്ല എന്നതിനാലാണത്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മേലുള്ള നികുതിപ്പണം കൊണ്ടാണ് ഈ മേഖലയുടെ പുരോഗതിക്കും രാജ്യത്തിന്റെ അന്തസ്സിനും വേണ്ടി നാം ഓരോ അണാപൈസയും ചെലവഴിക്കുന്നത്. പക്ഷേ ഈ തുക അസോസിയേഷനുകളുടെ തലപ്പത്തുള്ളവര്‍ക്ക് വിനോദയാത്ര നടത്താനും നക്ഷത്ര ഹോട്ടലുകളില്‍ പുട്ടടിച്ച് അന്തിയുറങ്ങാനുമാണ് ചെലവഴിക്കപ്പെടുന്നത് എന്നത് ലജ്ജാകരമെന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കേണ്ടത്. എത്രയോ ത്യാഗധനരുടെ വിയര്‍പ്പാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായ പി.വി സിന്ധുവിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തിനിടെ താരത്തിന്റെ മല്‍സര ഇനം തന്നെ മാറ്റിപ്പറഞ്ഞ മന്ത്രിയുടെ നാടാണ് നമ്മുടേത്. കായിക രംഗത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് നോമോരോരുത്തരും വേവലാതിപ്പെടുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ തേടി വെറെങ്ങും പോകേണ്ടതില്ലെന്ന മറുപടിയാണ് ചിത്രയോടുള്ള നെറികേട് നമ്മെയാകെ ബോധ്യപ്പെടുത്തുന്നത്. ലോക ജനസംഖ്യയിലെ രണ്ടാംസ്ഥാനത്ത് നിലകൊള്ളുന്ന നമുക്ക് അന്താരാഷ്ട്ര കായിക വേദികളില്‍ മിക്കപ്പോഴും നാണിച്ച ശിരസ്സുകളുമായി ദേശീയപതാക ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നത് ഇതെല്ലാം കൊണ്ടാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending