Connect with us

kerala

‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്‌ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം

Published

on

തിരുവനന്തപുരം: ലോകത്തും രാജ്യത്തും ഇസ്ലാമോഫോബിയയും മുസ്ലീം വിരോധവും ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും നന്മയും തിന്മയും തുല്യമാവില്ലെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരത്ത് ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നൊരു യുദ്ധമുഖത്താണ്. വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാന്റെ ഉപാധികൾ കഴിയുന്നതും അംഗീകരിച്ചു സമാധാനശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നുവെന്നും പാളയം ഇമാം പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്ന് കേൾക്കുന്നു, പക്ഷേ അതിൽ നാം ഭയപ്പെടേണ്ടതില്ലെന്നും പാളയം ഇമാം പറഞ്ഞു. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേവലം ആഘോഷത്തിനപ്പുറം പ്രാർഥനാ ദിനമായി ചെറിയ പെരുന്നാളിനെ കൊണ്ടാടണം. പെരുന്നാൾ ദിനത്തിൽ ഫിത്വർ സാക്കാത്തിന്റെ പ്രാധാന്യം മറക്കരുത്. ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആത്മീയതയുടെ സൗഹൃദനിലാവ്

യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്.

Published

on

By

സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്

റമസാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരിശോധന എന്നിവയിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയാണ്.

റമസാന്‍ നമ്മെ പഠിപ്പിച്ചത് സഹനവും സ്വയം നിയന്ത്രണവും മാത്രമല്ല മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും കൂടിയാണ്. അതുകൊണ്ട്തന്നെ, ഈ പരിശുദ്ധ മാസത്തില്‍ വളര്‍ത്തിയെടുത്ത ദാനധര്‍മ്മ ശീലം പെരുന്നാളോടെ അവസാനിപ്പിക്കാതെ ജീവിതത്തിന്റെ സ്ഥിരം ഭാഗമാക്കേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള നിര്‍ധനരെയും സഹായം ആവശ്യമുള്ളവരെയും മറക്കാതെ, അവര്‍ക്ക് ആശ്വാസവും കരുതലും നല്‍കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്.
പെരുന്നാള്‍ കുടുംബബന്ധങ്ങള്‍ പുതുക്കാനുള്ള അപൂര്‍വ്വ അവസരമാണ്. തിരക്കുകള്‍ക്കിടയില്‍ അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേര്‍ക്കാനും ബന്ധുക്കളെ സന്ദര്‍ശിച്ചും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും കുടുംബത്തിന്റെ മഹത്ത്വം തിരിച്ചറിയാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു.

ബന്ധങ്ങള്‍ ശക്തമാകുമ്പോള്‍ സമൂഹവും ശക്തമാകും എന്ന തിരിച്ചറിവ് ഈ ദിനം നല്‍കുന്നു. തിരക്കുപിടിച്ച ആധുനിക ലോകത്ത് അകന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള അവസരമാണ് പെരുന്നാള്‍. സ്നേഹമുള്ള കുടുംബങ്ങളില്‍ നിന്നാണ് സമാധാനമുള്ള സമൂഹം കെട്ടിപ്പടുക്കപ്പെടുന്നത്. മത-ജാതി ഭേദമന്യേ സുഹൃത്തുക്കളെയും അയല്‍വാസികളെയും ആഘോഷത്തില്‍ പങ്കാളികളാക്കുന്നതിലൂടെ നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു.

ലോകം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പശ്ചിമേഷ്യയിലെയും മറ്റും അശാന്തമായ സാഹചര്യങ്ങളില്‍ കഴിയുന്ന പ്രവാസി സഹോദരങ്ങളെയും ദുരിതമനുഭവിക്കുന്ന ജനതയെയും വിസ്മരിക്കരുത്. യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്. അവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് മനുഷ്യധര്‍മ്മമാണ്. അവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് നമ്മുടെ ഉത്തരവാദിത്വവുമാണ്.

പെരുന്നാള്‍ പരസ്പര സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്ന ദിനമായിരിക്കണം. മത-ജാതി ഭേദമന്യേ എല്ലാവരോടും സഹോദരത്വത്തോടെ പെരുമാറി, നമ്മുടെ നാടിന്റെ മതമൈത്രിയും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വൈവിധ്യത്തില്‍ ഐക്യം എന്ന മൂല്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്.

വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും നമ്മിലെത്തിയിരിക്കുകയാണ്. ഇത്തരം സമയങ്ങളില്‍ വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന വര്‍ഗീയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സൗഹൃദവും സഹിഷ്ണുതയും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവ് നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും പുലര്‍ത്തുന്ന പരസ്പര ബഹുമാനമാണ്.
ഈ ചെറിയ പെരുന്നാള്‍ ദിനം നമ്മെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്തുന്ന ഒരു അവസരമാക്കുക. റമസാനില്‍ നേടിയെടുത്ത നല്ല ഗുണങ്ങളെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ട്, സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കാം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചമായി ചെറിയ പെരുന്നാള്‍ മാറട്ടെ. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിനയവും ദയയും എന്നും നമ്മുടെ കൂടെയുണ്ടാകണം. വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, സഹോദര്യം കൈവിടാതെ നമുക്ക് മുന്നോട്ട് നീങ്ങാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍. അള്ളാഹു അക്ബര്‍.. അള്ളാഹു അക്ബര്‍..വലില്ലാഹില്‍ ഹംദ്.

 

Continue Reading

kerala

മാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍

ചെറിയ പെരുന്നാള്‍ ദിനത്തില്‍ മാനവ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം.

Published

on

By

ശവ്വാല്‍ പിറ കണ്ടതോടെ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മാനത്തെ ചന്ദ്രകിരണത്തെ പോലെ ലോകത്തൊട്ടാകെ സ്നേഹം സ്ഫുരിപ്പിക്കുകയെന്ന ദൗത്യമാണ് വിശ്വാസിക്ക് നിര്‍വഹിക്കാനുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ആഘോഷ ദിനങ്ങള്‍ വിശേഷിച്ചും സൗഹാര്‍ദ്ദങ്ങളുടെയും കൂട്ടായ്മകളുടെയും ഉത്സവമാകണം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ മാനവ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. വിശ്വാസിയുടെ വചനങ്ങളും പ്രവര്‍ത്തനങ്ങളും ചിന്തകള്‍ പോലും മാനവ ഐക്യത്തിന്റെ ഉണര്‍ത്തുപാട്ടാകണം. ലോകനന്മക്കായും സമാധാനത്തിനായും നാം പ്രതിജ്ഞപുതുക്കണം. ദുരിത ജീവിതം നയിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ട് വന്നുകൊണ്ടാണ് അനുഗ്രഹീതമായ റമസാന്‍ മാസത്തിനും പെരുന്നാള്‍ ദിനത്തിനും സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. വൃതാനുഷ്ടാനത്തിലൂടെ ഓരോ വിശ്വാസിയും ആത്മീയമായും ശാരീരികമായും ശുദ്ധി നേടിക്കഴിഞ്ഞു. നേടിയെടുത്ത ഈ വിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നത് വലിയൊരു ഉത്തരവാദിത്വമാണ്. സര്‍വ്വവും സ്രഷ്ടാവിലേക്ക് സമര്‍പ്പിച്ച്, കളങ്ക രഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്ന്. അലസമായും അശ്രദ്ധമായും ജീവിച്ചിരുന്ന പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം കൂടുതല്‍ സൂക്ഷമമായി സമയം ചെലവഴിച്ച ഒരു മാസമാണ് കടന്നുപോയത്. പെരുന്നാള്‍ നിസ്‌കാരവും ഫിത്വര്‍ സകാത്തുമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. പെരുന്നാള്‍ നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വഴിക്ക് ഇരുവശത്തും അല്ലാഹുവിന്റെ മാലാഖമാര്‍ കാത്തിരിക്കുമെന്നും അവരോട് തന്റെ പൊരുത്തം ലക്ഷ്യം വെച്ച് നോമ്പനുഷ്ഠിച്ചവരെ കുറിച്ച് അല്ലാഹു സന്തോഷം പങ്കുവെക്കുകയും ചെയ്യുമെന്നാണ് നബി വചനം. ഒരു മാസം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയനുഭവിച്ചവര്‍ക്ക് ഇന്ന് സുഭിക്ഷത ഉറപ്പ് വരുത്തേണ്ട ദിവസം കൂടിയാണ്. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നാണ് മതം പഠിപ്പിക്കുന്നത്. അതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് ഫിത്വര്‍ സക്കാത്ത്. പുതുവസ്ത്രങ്ങള്‍ ധരിക്കലും സുഗന്ധലേപനങ്ങള്‍ പുരട്ടുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. എന്നാല്‍ സാമൂഹികമായ വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. മതത്തിനും ദേശത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യനായി കാണാനും മാറോട് ചേര്‍ക്കാനും കൂടുതല്‍ ഉത്തരവാദിത്വം ഈ വിശേഷ ദിനത്തില്‍ നമുക്കുണ്ട്. ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് നമുക്ക് സംജാതമായിരിക്കുന്നത്. നമ്മില്‍ നിന്നും കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകണം. യുദ്ധത്തിന്റെ ഭീകരതയിലാണ് ഇത്തവണ ഈദ് സമാഗതമായിരിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് എത്രയും പെട്ടെന്ന് അവസാനിക്കണം. വിദേശ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍ ആശങ്കയിലാണ്. ആ ആശങ്ക നമ്മുടെ മുന്നിലും നില്‍ക്കുന്നു. യുദ്ധത്തിനെതിരായ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം ലോക സമാധാനത്തിനും നമുക്ക് ഈ ദിനം പ്രാര്‍ത്ഥിക്കാം. അല്ലാഹു കനിഞ്ഞനുഗ്രഹിച്ച ആഘോഷനാളില്‍ ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിക്കാം.. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…

 

Continue Reading

kerala

ശവ്വാല്‍ അമ്പിളി തെളിഞ്ഞു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

പെരുന്നാള്‍ സാമൂഹ്യപരമായ ഒരു വിപ്ലവമാണെന്നും ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ട് എല്ലാവരിലേക്കും സുഭിക്ഷത ഉറപ്പുവരുത്താനുള്ള മഹത്തായ നിര്‍ദ്ദേശമാണ് ഇസ്ലാം നല്‍കിയിട്ടുള്ളത്. ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയാതെ യുദ്ധത്തിന്റെയും ഏറ്റുമുട്ടലിന്റെയും വഴിയിലൂടെ കടന്നുപോകുന്ന രാജ്യങ്ങളുണ്ട്. അവര്‍ക്ക് സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു. ആ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പെരുന്നാള്‍ ദിനം പ്രാര്‍ഥനാ ദിനമായി കൂടി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending