Connect with us

News

റോഡില്‍ പൊലിയുന്ന സ്വപ്‌നങ്ങള്‍

നമ്മുടെ റോഡുകള്‍ എന്ന് മുതലാണ് ഇത്രമേല്‍ ഭയപ്പെടുത്തുന്ന ‘കുരുതിക്കളം’ ആയി മാറിയത്?

Published

on

കേരളത്തിന്റെ റോഡുകളില്‍ നിന്ന് ഓരോ ദിവസവും വരുന്നത് നടുക്കുന്ന വാര്‍ത്തകളാണ്. വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കവര്‍ന്നെടുത്തത് രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനാണെങ്കില്‍, ഉള്ള്യേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടം മൂന്ന് യുവാക്കളുടെ പ്രതീക്ഷകളെയാണ് കരിച്ചുകളഞ്ഞത്. ഇവ വെറും വാര്‍ത്താക്കുറിപ്പുകളല്ല, മറിച്ച് അടങ്ങാത്ത കണ്ണീരിലേക്കും നിസ്സഹായാവസ്ഥയിലേക്കും തള്ളിവിടപ്പെട്ട കുടുംബങ്ങളുടെ രോദനമാണ്. നമ്മുടെ റോഡുകള്‍ എന്ന് മുതലാണ് ഇത്രമേല്‍ ഭയപ്പെടുത്തുന്ന ‘കുരുതിക്കളം’ ആയി മാറിയത്?
അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയെ മാത്രം പഴിചാരി കൈകഴുകുന്ന പതിവ് രീതി ഇനി മതിയാകില്ല. ഇതിന് പിന്നില്‍ ബഹുമുഖമായ കാരണങ്ങളുണ്ട്. അമിതവേഗതയും ലഹരിയുമാണ് അതില്‍ പ്രധാനം. ആധുനിക വാഹനങ്ങളുടെ വേഗത ഉള്‍ക്കൊള്ളാന്‍ നമ്മുടെ പല റോഡുകള്‍ക്കും ഇന്നും ശേഷിയില്ല. ഇതിനൊപ്പം ലഹരി ഉപയോഗിച്ചുള്ള വാഹനമോടിക്കലും വലിയ ഭീഷണിയായി മാറുന്നു.

ടിപ്പര്‍ ലോറികളുടെ വിളയാട്ടമാണ് മറ്റൊന്ന്. സമയക്രമം പാലിക്കാനുള്ള നെട്ടോട്ടത്തില്‍ കാല്‍നടയാത്രക്കാരുടെയോ മറ്റു ചെറിയ വാഹനങ്ങളുടെയോ ജീവന് വില കല്‍പ്പിക്കാത്ത ടിപ്പര്‍ ലോറികള്‍ റോഡിലെ സ്ഥിരം പേടിസ്വപ്‌നമാണ്. റോഡുകളുടെ അശാസ്ത്രീയ നിര്‍മ്മാണവും അപകടത്തിന് കാരണമാണ്. മതിയായ സൈന്‍ ബോര്‍ഡുകളില്ലാത്ത വളവുകള്‍, വെളിച്ചമില്ലാത്ത പാതകള്‍, അശാസ്ത്രീയമായി നിര്‍മ്മിച്ച ഹമ്പുകള്‍, കാനകള്‍ എന്നിവ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പരിശോധനകളിലെ വിട്ടുവീഴ്ചയും പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്. ക്യാമറകള്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം നിയമലംഘനങ്ങള്‍ കുറയുന്നില്ല. ബോധവത്കരണത്തിനൊപ്പം തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളും ഉണ്ടാകണം.

കഴിഞ്ഞ വര്‍ഷത്തെ (2025) കണക്കുകള്‍ പരിശോധിച്ചാല്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും മരണനിരക്കില്‍ നേരിയ കുറവുണ്ടായതായതാണ് ഇത്തവണത്തെ ആശ്വാസം. മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം (2025) ആകെ 49,889 റോഡപകടങ്ങള്‍ സംഭവിച്ചപ്പോള്‍ 3,733 പേര്‍ മരണത്തിന് കീഴടങ്ങി. 56,922 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. 2026 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ശരാശരി 130-ലധികം അപകടങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.

പ്രതിദിനം ശരാശരി 10 മുതല്‍ 12 വരെ ആളുകള്‍ കേരളത്തിലെ റോഡുകളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരിക്കുന്നവരിലും ഗുരുതരമായി പരിക്കേല്‍ക്കുന്നവരിലും ഭൂരിഭാഗവും 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഇത് നമ്മുടെ സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഉണ്ടാക്കുന്നത്. അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളില്‍ 45 ശതമാനത്തോളം ഇരുചക്ര വാഹനങ്ങളാണ്. ടിപ്പര്‍ ലോറികളും സ്വകാര്യ ബസ്സുകളും ഉള്‍പ്പെടുന്ന അപകടങ്ങളും വര്‍ധിച്ചുവരുന്നു. ശ്രദ്ധേയമായ വസ്തുത കഴിഞ്ഞ മൂന്ന് വര്‍ഷമായി (2022-2025) മരണസംഖ്യയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട് (4,317ല്‍ നിന്ന് 3,733 ലേക്ക്) എന്നതാണ്. എങ്കിലും അപകടങ്ങളുടെ ആകെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ഭീഷണിയായി തുടരുന്നു.

അപകടങ്ങള്‍ കുറയ്ക്കാന്‍ അധികൃതര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലവത്താകുന്നില്ല. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും പലപ്പോഴും വില്ലനാകുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുപോലെ ഉണരേണ്ടതുണ്ട്. ഓരോ പ്രധാന അപകടത്തിന് ശേഷവും കേവലം കേസ് ഫയല്‍ ചെയ്യുന്നതിനപ്പുറം, ആ സ്ഥലത്തെ റോഡിന്റെ അപാകതകള്‍ പഠിക്കാന്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തണം. വാഹനം ഓടിക്കാനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ കൂടുതല്‍ കടുപ്പമേറിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരണം. ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം ഉറപ്പുവരുത്തണം. ബൈക്ക് റേസിംഗും അമിതവേഗതയും തടയാന്‍ രാത്രികാലങ്ങളില്‍ ഹൈവേ പൊലീസിന്റെയും ആര്‍.ടി.ഒയുടെയും സാന്നിധ്യം ശക്തമാക്കണം. സ്‌കൂള്‍ തലം മുതല്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. നിയമം പേടിച്ചല്ല, ജീവനോടുള്ള ആദരവ് മൂലമാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതെന്ന ബോധം വളര്‍ത്തണം.

അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിത ഡ്രൈവിങ് ശീലമാക്കാനും ഓരോരുത്തരും ശ്രദ്ധക്കേണ്ടതുണ്ട്. വലിയ വാഹനങ്ങളുടെ ഇടയിലൂടെ (പ്രത്യേകിച്ച് ടിപ്പര്‍ ലോറികള്‍ക്കും ബസ്സുകള്‍ക്കും ഇടയില്‍) നുഴഞ്ഞു കയറാനുള്ള ശ്രമം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അവസാനിപ്പിക്കണം. വലിയ വാഹനങ്ങളുടെ ‘ബ്ലൈന്‍ഡ് സ്‌പോട്ടില്‍’ (ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഭാഗം) പെടാന്‍ ഇത് കാരണമാകും. ടിപ്പര്‍ ലോറികള്‍ക്ക് അനുവദിച്ച സമയത്തിന് പുറത്ത് അവ റോഡിലിറങ്ങുന്നത് കര്‍ശനമായി തടയണം. വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം.

തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ ശാസ്ത്രീയമായ മാറ്റങ്ങള്‍ (വളവ് നിവര്‍ത്തുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക) ഉടന്‍ വരുത്തണം. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ക്രോസിംഗുകള്‍ ഉപയോഗിക്കുകയും വാഹനങ്ങള്‍ കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണം. തിരക്കേറിയ റോഡുകളില്‍ വേഗത 40-50 കി.മീറ്ററില്‍ താഴെയായി നിജപ്പെടുത്തുന്നത് അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഇതിനൊക്കെ പുറമെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ യുവാക്കള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമാണ്.

റോഡുകള്‍ മരണക്കെണിയാകുന്നത് അധികൃതര്‍ കാണാതെ പോകരുത്. ഓരോ അപകടവും ഓരോ പാഠമാകണം. വന്‍കിട റോഡ് വികസനങ്ങള്‍ നടക്കുമ്പോഴും സാധാരണക്കാരന്റെ ജീവന് സുരക്ഷയുണ്ടോ എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. അധികൃതര്‍ ഉറക്കം വെടിഞ്ഞ് ഉണര്‍ന്നേ മതിയാകൂ. ഇനിയൊരു കുടുംബത്തിനും തങ്ങളുടെ പ്രതീക്ഷകള്‍ റോഡില്‍ പൊലിഞ്ഞുപോകുന്നത് കാണാന്‍ ഇടയാകരുത്.

kerala

ആത്മീയതയുടെ സൗഹൃദനിലാവ്

യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്.

Published

on

By

സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്

റമസാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരിശോധന എന്നിവയിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയാണ്.

റമസാന്‍ നമ്മെ പഠിപ്പിച്ചത് സഹനവും സ്വയം നിയന്ത്രണവും മാത്രമല്ല മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും കൂടിയാണ്. അതുകൊണ്ട്തന്നെ, ഈ പരിശുദ്ധ മാസത്തില്‍ വളര്‍ത്തിയെടുത്ത ദാനധര്‍മ്മ ശീലം പെരുന്നാളോടെ അവസാനിപ്പിക്കാതെ ജീവിതത്തിന്റെ സ്ഥിരം ഭാഗമാക്കേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള നിര്‍ധനരെയും സഹായം ആവശ്യമുള്ളവരെയും മറക്കാതെ, അവര്‍ക്ക് ആശ്വാസവും കരുതലും നല്‍കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്.
പെരുന്നാള്‍ കുടുംബബന്ധങ്ങള്‍ പുതുക്കാനുള്ള അപൂര്‍വ്വ അവസരമാണ്. തിരക്കുകള്‍ക്കിടയില്‍ അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേര്‍ക്കാനും ബന്ധുക്കളെ സന്ദര്‍ശിച്ചും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും കുടുംബത്തിന്റെ മഹത്ത്വം തിരിച്ചറിയാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു.

ബന്ധങ്ങള്‍ ശക്തമാകുമ്പോള്‍ സമൂഹവും ശക്തമാകും എന്ന തിരിച്ചറിവ് ഈ ദിനം നല്‍കുന്നു. തിരക്കുപിടിച്ച ആധുനിക ലോകത്ത് അകന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള അവസരമാണ് പെരുന്നാള്‍. സ്നേഹമുള്ള കുടുംബങ്ങളില്‍ നിന്നാണ് സമാധാനമുള്ള സമൂഹം കെട്ടിപ്പടുക്കപ്പെടുന്നത്. മത-ജാതി ഭേദമന്യേ സുഹൃത്തുക്കളെയും അയല്‍വാസികളെയും ആഘോഷത്തില്‍ പങ്കാളികളാക്കുന്നതിലൂടെ നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു.

ലോകം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പശ്ചിമേഷ്യയിലെയും മറ്റും അശാന്തമായ സാഹചര്യങ്ങളില്‍ കഴിയുന്ന പ്രവാസി സഹോദരങ്ങളെയും ദുരിതമനുഭവിക്കുന്ന ജനതയെയും വിസ്മരിക്കരുത്. യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്. അവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് മനുഷ്യധര്‍മ്മമാണ്. അവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് നമ്മുടെ ഉത്തരവാദിത്വവുമാണ്.

പെരുന്നാള്‍ പരസ്പര സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്ന ദിനമായിരിക്കണം. മത-ജാതി ഭേദമന്യേ എല്ലാവരോടും സഹോദരത്വത്തോടെ പെരുമാറി, നമ്മുടെ നാടിന്റെ മതമൈത്രിയും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വൈവിധ്യത്തില്‍ ഐക്യം എന്ന മൂല്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്.

വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും നമ്മിലെത്തിയിരിക്കുകയാണ്. ഇത്തരം സമയങ്ങളില്‍ വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന വര്‍ഗീയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സൗഹൃദവും സഹിഷ്ണുതയും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവ് നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും പുലര്‍ത്തുന്ന പരസ്പര ബഹുമാനമാണ്.
ഈ ചെറിയ പെരുന്നാള്‍ ദിനം നമ്മെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്തുന്ന ഒരു അവസരമാക്കുക. റമസാനില്‍ നേടിയെടുത്ത നല്ല ഗുണങ്ങളെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ട്, സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കാം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചമായി ചെറിയ പെരുന്നാള്‍ മാറട്ടെ. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിനയവും ദയയും എന്നും നമ്മുടെ കൂടെയുണ്ടാകണം. വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, സഹോദര്യം കൈവിടാതെ നമുക്ക് മുന്നോട്ട് നീങ്ങാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍. അള്ളാഹു അക്ബര്‍.. അള്ളാഹു അക്ബര്‍..വലില്ലാഹില്‍ ഹംദ്.

 

Continue Reading

kerala

മാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍

ചെറിയ പെരുന്നാള്‍ ദിനത്തില്‍ മാനവ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം.

Published

on

By

ശവ്വാല്‍ പിറ കണ്ടതോടെ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മാനത്തെ ചന്ദ്രകിരണത്തെ പോലെ ലോകത്തൊട്ടാകെ സ്നേഹം സ്ഫുരിപ്പിക്കുകയെന്ന ദൗത്യമാണ് വിശ്വാസിക്ക് നിര്‍വഹിക്കാനുള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ആഘോഷ ദിനങ്ങള്‍ വിശേഷിച്ചും സൗഹാര്‍ദ്ദങ്ങളുടെയും കൂട്ടായ്മകളുടെയും ഉത്സവമാകണം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ മാനവ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. വിശ്വാസിയുടെ വചനങ്ങളും പ്രവര്‍ത്തനങ്ങളും ചിന്തകള്‍ പോലും മാനവ ഐക്യത്തിന്റെ ഉണര്‍ത്തുപാട്ടാകണം. ലോകനന്മക്കായും സമാധാനത്തിനായും നാം പ്രതിജ്ഞപുതുക്കണം. ദുരിത ജീവിതം നയിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ട് വന്നുകൊണ്ടാണ് അനുഗ്രഹീതമായ റമസാന്‍ മാസത്തിനും പെരുന്നാള്‍ ദിനത്തിനും സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. വൃതാനുഷ്ടാനത്തിലൂടെ ഓരോ വിശ്വാസിയും ആത്മീയമായും ശാരീരികമായും ശുദ്ധി നേടിക്കഴിഞ്ഞു. നേടിയെടുത്ത ഈ വിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നത് വലിയൊരു ഉത്തരവാദിത്വമാണ്. സര്‍വ്വവും സ്രഷ്ടാവിലേക്ക് സമര്‍പ്പിച്ച്, കളങ്ക രഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്ന്. അലസമായും അശ്രദ്ധമായും ജീവിച്ചിരുന്ന പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം കൂടുതല്‍ സൂക്ഷമമായി സമയം ചെലവഴിച്ച ഒരു മാസമാണ് കടന്നുപോയത്. പെരുന്നാള്‍ നിസ്‌കാരവും ഫിത്വര്‍ സകാത്തുമാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. പെരുന്നാള്‍ നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോകുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വഴിക്ക് ഇരുവശത്തും അല്ലാഹുവിന്റെ മാലാഖമാര്‍ കാത്തിരിക്കുമെന്നും അവരോട് തന്റെ പൊരുത്തം ലക്ഷ്യം വെച്ച് നോമ്പനുഷ്ഠിച്ചവരെ കുറിച്ച് അല്ലാഹു സന്തോഷം പങ്കുവെക്കുകയും ചെയ്യുമെന്നാണ് നബി വചനം. ഒരു മാസം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിയനുഭവിച്ചവര്‍ക്ക് ഇന്ന് സുഭിക്ഷത ഉറപ്പ് വരുത്തേണ്ട ദിവസം കൂടിയാണ്. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നാണ് മതം പഠിപ്പിക്കുന്നത്. അതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് ഫിത്വര്‍ സക്കാത്ത്. പുതുവസ്ത്രങ്ങള്‍ ധരിക്കലും സുഗന്ധലേപനങ്ങള്‍ പുരട്ടുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. എന്നാല്‍ സാമൂഹികമായ വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. മതത്തിനും ദേശത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യനായി കാണാനും മാറോട് ചേര്‍ക്കാനും കൂടുതല്‍ ഉത്തരവാദിത്വം ഈ വിശേഷ ദിനത്തില്‍ നമുക്കുണ്ട്. ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് നമുക്ക് സംജാതമായിരിക്കുന്നത്. നമ്മില്‍ നിന്നും കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകണം. യുദ്ധത്തിന്റെ ഭീകരതയിലാണ് ഇത്തവണ ഈദ് സമാഗതമായിരിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. അത് എത്രയും പെട്ടെന്ന് അവസാനിക്കണം. വിദേശ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍ ആശങ്കയിലാണ്. ആ ആശങ്ക നമ്മുടെ മുന്നിലും നില്‍ക്കുന്നു. യുദ്ധത്തിനെതിരായ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം ലോക സമാധാനത്തിനും നമുക്ക് ഈ ദിനം പ്രാര്‍ത്ഥിക്കാം. അല്ലാഹു കനിഞ്ഞനുഗ്രഹിച്ച ആഘോഷനാളില്‍ ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിക്കാം.. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…

 

Continue Reading

kerala

ശവ്വാല്‍ അമ്പിളി തെളിഞ്ഞു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് തുടങ്ങിയവര്‍ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

പെരുന്നാള്‍ സാമൂഹ്യപരമായ ഒരു വിപ്ലവമാണെന്നും ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ട് എല്ലാവരിലേക്കും സുഭിക്ഷത ഉറപ്പുവരുത്താനുള്ള മഹത്തായ നിര്‍ദ്ദേശമാണ് ഇസ്ലാം നല്‍കിയിട്ടുള്ളത്. ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയാതെ യുദ്ധത്തിന്റെയും ഏറ്റുമുട്ടലിന്റെയും വഴിയിലൂടെ കടന്നുപോകുന്ന രാജ്യങ്ങളുണ്ട്. അവര്‍ക്ക് സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു. ആ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പെരുന്നാള്‍ ദിനം പ്രാര്‍ഥനാ ദിനമായി കൂടി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending