Connect with us

Views

ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?

Published

on

സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ

 

ലോക രാഷ്ട്രീയത്തില്‍ ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്‍ ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ ‘കണ്ടെത്തല്‍’ വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്‍ നേര്‍വിപരീത ദിശയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്‍കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ‘ഈ വിവരം’ ഇന്ത്യന്‍ ഇന്റലിജന്‍സില്‍ നിന്ന് ലഭിക്കാന്‍ ഇടയില്ല. ചൈനീസ് സഖാക്കള്‍ നല്‍കിയതാവണം ഇത്തരമൊരു ‘കണ്ടെത്തലി’ന് പ്രചോദനം!! കേരളത്തിലെ കലുഷിത രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും സി.പി.എമ്മിനെ രക്ഷപ്പെടുത്താനുള്ള തന്ത്രമായും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സന്ദര്‍ഭമായതിനാല്‍, ‘സാര്‍വദേശീയ കമ്മ്യൂണിസ’ത്തെക്കുറിച്ചുള്ള പാര്‍ട്ടി അണികളുടെ സന്ദേഹങ്ങള്‍ ദൂരീകരിക്കുവാനുള്ള ‘പൊടിക്കൈ’ പ്രയോഗമായും സംശയിക്കുന്നതില്‍ തെറ്റ് കാണില്ല. സമീപഭാവിയില്‍ മറനീക്കി കാര്യം പുറത്തുവരും. ഏഷ്യന്‍ വന്‍കരയില്‍ ചൈനയെ വളഞ്ഞ് വരിഞ്ഞുമുറുക്കുകയാണോ? അതല്ല ചൈന ഇന്ത്യക്ക് ചുറ്റും വലവിരിക്കുകയാണോ? സി.പി.എം നേതൃത്വം ഇനിയെങ്കിലും വസ്തുതകള്‍ തിരിച്ചറിയണം.

ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ചൈനക്കെതിരെ അമേരിക്ക അണിനിരത്തുന്നുവെന്നാണ് കോടിയേരിയുടെ കണ്ടെത്തല്‍! മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് പിന്തുണ നല്‍കി കൊണ്ട് തന്നെ, ‘കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചൈനീസ് വികസന മാതൃക പിന്‍തുടരണ’മെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യക്ക് എതിരെ അയല്‍പക്ക രാജ്യങ്ങളെ അണിനിരത്താന്‍ ചൈന നടത്തുന്ന നീക്കം, പക്ഷേ, രണ്ട് സഖാക്കളും വിസ്മരിക്കുന്നു. അന്താരാഷ്ട്ര മര്യാദകള്‍ പോലും ചൈന ഇക്കാര്യത്തില്‍ ഗൗനിക്കാറില്ലെന്ന് സഖാക്കള്‍ മനസ്സിലാക്കണം. 1954-ല്‍ തിബത്ത് കീഴടക്കിയ ശേഷം ചൈന ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നു. ബുദ്ധമത വിശ്വാസികളുടെ ആത്മീയ നേതാവ് ദലൈലാമ തിബത്തില്‍ നിന്ന് രക്ഷപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തി. പണ്ഡിറ്റ്ജി ഭരണകൂടം ലാമക്ക് അഭയം നല്‍കിയത് ചൈനക്ക് ഇഷ്ടമായില്ലത്രെ. തിബത്ത് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ നീക്കം തുടങ്ങി. മറ്റൊരു അയല്‍രാജ്യമായ പഴയ ബര്‍മ്മ (മ്യാന്‍മര്‍)യില്‍ കിരാതവാഴ്ച നടത്തി സൈനിക ഭരണകൂടത്തെ സഹായിച്ച് കൊണ്ട്, ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് മ്യാന്‍മറും വേദിയാക്കി. റോഹിന്‍ഗ്യകളെ കൊന്നൊടുക്കുന്ന മ്യാന്‍മര്‍ സൈനികര്‍ ഉപയോഗിക്കുന്ന ആയുധം ചൈനയില്‍ നിന്നാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദബന്ധമുള്ള ശ്രീലങ്കയെ വരുതിയില്‍ നിര്‍ത്താനും ചൈന ശ്രമിക്കുന്നു. മാറിവന്ന ഭരണകൂടത്തെ സ്വാധീനിച്ച് ശ്രീലങ്കന്‍ സൈനികര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കാന്‍ ചൈനീസ് സൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നമ്മുടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധം ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തിന്റെ ഭാഗമായിരുന്നുവല്ലോ. ശ്രീലങ്കയെ പരമാവധി സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമായിരുന്നു.

ഇതൊക്കെ അറിയാമായിരുന്നിട്ടും ലങ്കയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാക്കുക തന്നെ ലക്ഷ്യം. ഭരണ സ്ഥിരതയില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കഴിയുന്ന മാലിദ്വീപ് രാഷ്ട്രത്തെയും സ്വാധീനിക്കുകയാണ് ചൈന. ഖയ്യും അധികാരം ഒഴിഞ്ഞ ശേഷമുണ്ടായ അസ്ഥിരത ചൂഷണം ചെയ്ത് അവിടത്തെ ഇന്ത്യന്‍ അനുകൂല ഭരണസംവിധാനത്തെ തകര്‍ത്തു. യാമിന്‍ അബ്ദുല്ല ഭരണകൂടത്തെ സ്വാധീനിച്ച് മാലിദ്വീപില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുകയാണ് ചൈന. ഇന്ത്യ നല്‍കിവന്ന പിന്തുണ വിസ്മരിക്കുന്ന സ്ഥിതി വരെ ബംഗ്ലാദേശില്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക്കിസ്താന് സര്‍വരംഗത്തും പിന്തുണ നല്‍കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഭീകര പ്രവര്‍ത്തനം നടത്തുവാനും പാക് ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചൈന. പാക് ഭീകരര്‍ക്കും അവര്‍ക്ക് സഹായം നല്‍കുന്ന സൈനികര്‍ക്കും ശക്തിയും പ്രചോദനവും നല്‍കുന്നത് ചൈന തന്നെ! സ്വാതന്ത്ര്യാനന്തരം ഇന്ത്യാവിരുദ്ധ നിലപാടായിരുന്നു പാക്കിസ്താന് സ്വീകരിച്ചിരുന്നത്. പില്‍ക്കാലത്ത് പാക്ക് സമീപനത്തിന് വീര്യം പകര്‍ന്നതില്‍ ചൈനയുടെ പിന്തുണ അനിഷേധ്യം. കഴിഞ്ഞ മാസം തീവ്രവാദി നേതാവ് മസൂദ് അഷ്ഹറിന് എതിരായ നീക്കം യു.എന്നില്‍ ചൈന തടഞ്ഞു. പാക്കിസ്താനിലേക്കുള്ള റോഡ് നിര്‍മ്മാണം, സാമ്പത്തിക ഇടനാഴി തുടങ്ങിയവയൊക്കെ സമീപകാലത്തുണ്ടായി. രാഷ്ട്രാന്തരീയ വേദികളില്‍ ഇന്ത്യക്കെതിരായ സര്‍വ നീക്കങ്ങള്‍ക്കും പാക്കിസ്താനും ചൈനയും ഒന്നിച്ച് നീങ്ങുന്നുണ്ട്. യു.എന്‍. സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് എതിരായ ചൈനീസ് നീക്കം പരസ്യമാണ്.

ഇന്ത്യയിലെ അരുണാചല്‍ സംസ്ഥാനം അവകാശപ്പെട്ട് നില്‍ക്കുന്ന ചൈന. നമ്മുടെ രാഷ്ട്രപതി കഴിഞ്ഞമാസം അരുണാചല്‍ സന്ദര്‍ശിച്ചതില്‍ അവര്‍ പ്രതിഷേധിച്ചു! സിക്കിം അതിര്‍ത്തിയില്‍ ദോക്‌ലാം അതിര്‍ത്തി കടന്നുള്ള ചൈനയുടെ നീക്കം (2017 ഡിസ.19ന്) രാജ്യത്താകെ പ്രതിഷേധം അലയടിച്ചപ്പോള്‍ സി.പി.എം. എന്തിന് മൗനം ദീക്ഷിച്ചു. ഈ സംഘര്‍ഷം 73 ദിവസം നീണ്ടു. ഇവിടെ വന്‍ സൈനിക വിന്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചു. പന്ത്രണ്ട് അടി വീതിയില്‍ 600 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിക്കുകയാണുണ്ടായത്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാംഗ് ജിയെയും തമ്മില്‍ ചര്‍ച്ച നടത്തിയാണ് പരിഹാരം കണ്ടത്.
ഏറ്റവും അവസാനം ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തി വന്ന നേപ്പാളില്‍ വന്‍ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ചൈന. ഇന്ത്യയുമായി നേപ്പാളി ബന്ധം ഊട്ടിയുറപ്പിച്ച നേപ്പാളി കോണ്‍ഗ്രസ് സ്വാധീനം തകര്‍ക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തനിച്ച് അധികാരത്തിലെത്താനും ചൈന സഹായിച്ചു. ഇതിന് വ്യാപകമായി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതില്‍ ചൈന വിജയിച്ചു. ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലൂടെ ചൈനയുമായി സൗഹൃദം സാധാരണ നിലയിലെത്തിക്കാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുത്തു. അവയൊന്നും പരിഗണിക്കാതെ കരാറുകള്‍ കാറ്റില്‍ പറത്തുകയാണ് ചൈനയുടെ സ്ഥിരം പല്ലവി. 1954ല്‍ ഒപ്പുവെച്ച് ‘പഞ്ചശീല’ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോഴാണ് 1962ല്‍ ചൈന ഇന്ത്യയെ അക്രമിച്ചത്. ‘മാഗ് മോഹന്‍ രേഖ’ തുടങ്ങിയ അതിര്‍ത്തിയെല്ലാം പൊളിച്ചെഴുതണമെന്നായിരുന്നു ചൈനയുടെ ആവശ്യം. 38,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി അവര്‍ കയ്യടക്കി. ഈ അക്രമിരാഷ്ട്രത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ‘ചൈനീസ് ഭക്തര്‍’ അന്നും അനുകൂലിച്ചതാണല്ലോ. ”ഇന്ത്യ ഇന്ത്യയുടേതെന്നും അവര്‍ (ചൈന) അവരുടേതെന്നും പറയുന്ന മാഗ് മോഹന്‍ രേഖ” എന്ന ഇ.എം.എസിന്റെ പ്രസ്താവന ഇന്ത്യാ ചരിത്രത്തിലെ അപമാന അധ്യായമാണ്. ഇ.എം.എസിന്റെ ‘യഥാര്‍ത്ഥ’ അനുയായി ആകാനുള്ള കോടിയേരിയുടെ നീക്കം അപഹാസ്യമാണ്.

ചൈനക്ക് വേണ്ടി എക്കാലത്തും തന്ത്രങ്ങള്‍ നീക്കിയ ചരിത്രം സി.പി.എമ്മിനുണ്ട്. ഏറ്റവും അവസാനം യു.പി.എ സര്‍ക്കാറിനെ 123 ആണവ കരാറി’ന്റെ പേരില്‍ താഴെ ഇറക്കാന്‍ ശ്രമിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധതയല്ല, മറിച്ച് കരാര്‍ വഴി ഇന്ത്യക്കുണ്ടായേക്കാവുന്ന പുരോഗതി തടയുക എന്ന ചൈനീസ് തന്ത്രമായിരുന്നു ലോക സാമ്പത്തികരംഗം കയ്യടക്കാനുള്ള ഓട്ടത്തില്‍ ചൈനക്ക് തൊട്ടടുത്ത് ഇന്ത്യയുണ്ട്. ഇന്ത്യയില്‍ അഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ച് വഴി മുടക്കാനാണ് പാക് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കങ്ങളും. അവയൊന്നും വിലപ്പോകില്ല. 1962ല്‍ ഏകപക്ഷീയമായ യുദ്ധം ആവര്‍ത്തിക്കാമെന്നത് ചൈനീസ് വ്യാമോഹം മാത്രം! സൈനികരംഗത്ത് ഇന്ത്യ വന്‍ശക്തി. ആണവ കാര്യത്തിലും ചൈനക്ക് പിറകിലുമല്ല. രാജ്യപുരോഗതിയില്‍ ഭാഗമാകാതെ, കമ്മ്യൂണിസ്റ്റ് ഭരണമായി പോയെന്നതിനാല്‍ ചൈനയെ പിന്തുണക്കുന്ന സി.പി.എം സമീപനം അപകടകരം. ‘സാര്‍വദേശീയ സോഷ്യലിസ്റ്റ് സമൂഹം’ എന്ന സങ്കല്‍പം തകര്‍ന്നടിഞ്ഞു. അവശേഷിക്കുന്നത് ചൈന, വിയറ്റ്‌നാം, ക്യൂബ, ഉത്തരകൊറിയ എന്നിവ മാത്രം. ഇവിടങ്ങളിലാകട്ടെ ഏകാധിപത്യ വാഴ്ച! ജനാധിപത്യാഭിപ്രായം ടിയാെനന്‍മെന്റ് സ്‌ക്വയറിലെ പോലെ അടിച്ചമര്‍ത്തും. മാവോയിസത്തിനും സ്റ്റാലിനിസത്തിനും സ്ഥാനമില്ല. ജനങ്ങളെ കൊന്നൊടുക്കിയ വാഴ്ചയെക്കുറിച്ച് സ്മരിക്കാന്‍ പോലും ലോക സമൂഹം തയാറില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending