Connect with us

Video Stories

കീഴാറ്റൂര്‍ കേരളത്തോട് പറയുന്നത്

Published

on

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒരുമിച്ചുകൂടിയതോടെ വയല്‍ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്‍ തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരുമെല്ലാം കീഴാറ്റൂരില്‍ ഒരുമിച്ച് കൂടുന്നതിനെ പ്രതിരോധിക്കാന്‍ സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തന്നെ നേതൃത്വത്തില്‍ വയല്‍ കാവല്‍ എന്നപേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തിയതോടെയാണ് സമര സമിതിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചതും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വന്‍ജനാവലി പ്രദേശത്തേക്കൊഴുകിയതും.
കീഴാറ്റൂര്‍ സമരം വികസനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യശരങ്ങളാണ് സി.പി.എമ്മിന് നേരെ എയ്തു വിടുന്നത്. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ മാത്രം മതിയോ എന്ന ചോദ്യമാണ് അതില്‍ പ്രധാനം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലമേറ്റെടുക്കലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ പുറം നാടുകളില്‍ നിന്നുപോലും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്ത് അവയെല്ലാം തടസപ്പെടുത്തിയ സംഭവങ്ങള്‍ കേരളത്തിന് മറക്കാന്‍ സമയമായിട്ടില്ല.
കീഴാറ്റൂരില്‍ തന്നെ ബൈപ്പാസ് വിരുദ്ധ സമരത്തിന് തുടക്കമിട്ടത് സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു. നെല്‍കൃഷിയും തണ്ണീര്‍ തടങ്ങളും അടങ്ങുന്ന പ്രകൃതി സമ്പത്തിനെ നശിപ്പിച്ചുള്ള ഒരു ദേശീയ പാതാ വികസനം ഞങ്ങളനുവദിക്കില്ലെന്ന് അന്ന് പാര്‍ട്ടി ഗ്രാമം ഒറ്റക്കെട്ടായായിരുന്നു പ്രതിജ്ഞയെടുത്തിരുന്നത്. എന്നാല്‍ ഭരണം മാറിയപ്പോള്‍ നഷ്ടപരിഹാരത്തുകയുടെ വലിപ്പം കാണിച്ച് ഭൂരിപക്ഷം പേരെയും പാര്‍ട്ടി തന്നെ സമരത്തില്‍ നിന്ന് പിന്തിരിയിപ്പിക്കുകയായിരുന്നു. ഇതിന്റെ മറവിലാണ് സ്ഥലം നഷ്ടപ്പെട്ട അറുപത് പേരില്‍ അന്‍പത്തിനാലു പേരും സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെന്നും ആറുപേര്‍ മാത്രമാണ് വിസമ്മതിക്കുന്നതെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവുമെല്ലാം വീമ്പു പറയുന്നത്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയുമായി നടന്ന സമരങ്ങളും സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുന്നു. യു.ഡി.എഫ് ഭരണ കാലത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടന്നപ്പോള്‍ അത് തടസപ്പെടുത്താന്‍ മുന്‍ നിരയിലുണ്ടായിരുന്നു അന്ന് എം.എല്‍.എ ആയിരുന്ന മന്ത്രി കെ.ടി ജലീല്‍. സമര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഒരു ജനപ്രതിനിധി എന്ന ഉത്തരവാദിത്തം പോലും വിസ്മരിച്ച് എരിതീയില്‍ എണ്ണ ഒഴിക്കുന്ന കണക്കെ ഭരണകൂടത്തിനെതിരെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നിരന്തരം നടത്തിയിരുന്നു അദ്ദേഹം. ഇന്ന് ആ പ്രദേശങ്ങളില്‍ സര്‍വേയുടെ പേരില്‍ സമരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ തന്റെ മുന്‍ നിലപാടിന് തീര്‍ത്തും വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിഷേധവുമായി ജനങ്ങള്‍ തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ സ്ഥലം നഷടപ്പെടാത്ത പുറമെ നിന്നുള്ളവരാണ് സമരം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓന്തിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ഈ നിറം മാറ്റം അധികാരപ്രമത്തതയുടെ ദന്തഗോപുരവാസത്താലുള്ള അന്ധത കൊണ്ട് മാത്രമല്ല, സി.പി.എമ്മുമായുള്ള സന്തത സഹവാസത്താല്‍ ലഭിച്ച ഇരട്ടത്താപ്പ് നയം കൂടിയാണ്.
ഭരണകൂടത്തിന്റെ അനീതിക്കെതിരെ സമരം ചെയ്യുന്നവരെ ഭരിക്കുന്ന പാര്‍ട്ടി പ്രതിരോധിക്കുകയെന്ന അപകടകരവും ജനാധിപത്യ വിരുദ്ധവുമായ പ്രവണത കൂടി കീഴാറ്റൂര്‍ തുറന്നു കാട്ടുന്നുണ്ട്. കീഴാറ്റൂരില്‍ ദാശീയ പാത ബൈപ്പാസ് നിര്‍മിക്കുകയെന്നത് ഇടതു സര്‍ക്കാറിന്റെ തീരുമാനമാണ്. ആ തീരുമാനത്തിന് ഇരയാക്കപ്പെടുന്ന ഒരു വിഭാഗം ചെറുത്തു നില്‍പ്പുമായി രംഗത്തു വരുമ്പോള്‍ സി.പി.എം പാര്‍ട്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. വയല്‍ക്കിളികള്‍ക്കെതിരെ വയല്‍ കാവല്‍ എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ മാര്‍ച്ചിന് ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു. ശേഷം നടന്ന പൊതു യോഗത്തില്‍ സമരക്കാര്‍ക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു നേതാക്കള്‍. ജനാധിപത്യ ബോധത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റാരേക്കാളും വാചാലരാകുന്ന സി.പി.എമ്മിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായ ഇത്തരം രീതികള്‍ ചില തെറ്റായ സന്ദേശങ്ങളാണ് ഈനാടിന് നല്‍കുന്നത്.
സംസ്ഥാനത്ത് റോഡ് വികസനം അനിവാര്യമാണെന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. വികസനം വരുമ്പോള്‍ നിരവധിയാളുകള്‍ അതിന് ഇരകളാക്കപ്പെടും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന ആഘാതം പരമാവധി ലഘൂകരിച്ച് വികസന പ്രവൃത്തികള്‍ നടപ്പില്‍ വരുത്തുകയെന്നതാണ് ഒരു ജനപക്ഷ ഭരണകൂടത്തിന് കരണീയമായിട്ടുള്ളത്. ഇവിടെയാണ് കീഴാറ്റൂര്‍ ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നത്. സമരസമിതിയുടെ ഭാഗം കേള്‍ക്കാനോ ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാനോ തയ്യാറാകാതെ ഏകപക്ഷീയവും ധിക്കാരപരവുമായ സമീപനമാണ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്. അത്‌കൊണ്ടാണ് ഇന്നലെ കേരളം ഒരു പരിഛേദമായി കീഴാറ്റൂരിേലക്കൊഴുകിയത്.
അധികാരത്തിലായാലും പുറത്തായാലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് സംവദിക്കുന്നതില്‍ സി.പി.എം തികഞ്ഞ പരാജയമാണെന്നാണ് ഇത്തരം വികസന പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിത്തരുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ച് നടത്തിയ അതേ പ്രസ്ഥാനത്തിന് തന്നെയാണ് കേരളത്തില്‍ കര്‍ഷകരുടെ വിഷയത്തില്‍ പഴികേള്‍ക്കേണ്ടി വരുന്നുത്. ഇരകളാക്കപ്പെട്ടവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് സിംഗൂരും നന്ദിഗ്രാമും സി.പി.എമ്മിന് സമ്മാനിച്ചത്. തങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത് മാത്രം വികസനവും അല്ലാത്തവയെല്ലാം സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റവുമായി കാണുന്നതിന് പകരം വികസന കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുവോളും ഇനിയും കീഴാറ്റൂരുകള്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending