Connect with us

Video Stories

ഇവിടെ നാളെകള്‍ നമ്മുടേതല്ല

Published

on

 

എ.പി താജുദ്ദീന്‍

നാളെ നമ്മുടേതല്ലെന്നും ഇന്ന്, ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും കണ്ണൂരുകാര്‍ക്ക് തത്വചിന്തയല്ല; പരമാര്‍ത്ഥമാണ്. എന്നാല്‍ പ്രപഞ്ചശക്തി അല്ല ഇവിടെ ഈ തത്വചിന്ത യാഥാര്‍ത്ഥ്യമാക്കുന്നത്. സി.പി.എമ്മും സംഘ്പരിവാര്‍ സംഘടനകളുമാണ്. നാളെ പരീക്ഷ എഴുതണോ ജോലി ചെയ്യണോ യാത്ര ചെയ്യണോ ആരംഭിച്ച യാത്ര പൂര്‍ത്തിയാക്കണോ കല്യാണം കഴിക്കണോ തുടങ്ങിയ എല്ലാ കാര്യങ്ങളും അവര്‍ തീരുമാനിക്കും. ചിലപ്പോഴെങ്കിലും ഇവിടെ നാളെ മാത്രമല്ല; അടുത്ത മണിക്കൂര്‍ പോലും അവരുടേതാണ്. അതിന് രാത്രിയെന്നോ പകലോന്നോ വകഭേദമില്ലാതായിരിക്കുന്നു.
വേനലവധിയുടെ ശാന്തമായ ഒരു പകലായിരുന്നു തിങ്കളാഴ്ച കണ്ണൂരില്‍ അസ്തമിച്ചത്. ചുട്ടുപൊള്ളുന്ന രാത്രിയില്‍ വൈകുന്നേരം ആകാശച്ചെരിവില്‍ കണ്ട മേഘങ്ങള്‍ തിമിര്‍ത്തു പെയ്യണേ എന്ന പ്രാര്‍ത്ഥനയോടെ കിടന്നുറങ്ങിയവരെ ഇന്നലെ രാവിലെ വിളിച്ചുണര്‍ത്തിയത് ഇരട്ടക്കൊലപാതകങ്ങളും ഇരട്ട ഹര്‍ത്താലുമാണ്. എല്ലാ കണക്കുകൂട്ടലുകളും അവര്‍ തെറ്റിച്ചിരിക്കുന്നു. ഇന്നത്തെ പരീക്ഷക്ക് ഇന്നലെ വരെ പഠിച്ച പാഠങ്ങള്‍ കുട്ടികളുടെ തൊണ്ടയില്‍ ചത്തുമലച്ചിരിക്കുന്നു. അന്തരീക്ഷത്തില്‍ കൊലവെറിയുടെ ശബ്ദ തരംഗങ്ങള്‍ വര്‍ഷിച്ചുകൊണ്ട് വിജനമായ തെരുവിലൂടെ അവരുടെ ജാഥകള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുപോകുന്നു. കൊന്നവരും 45 മിനുട്ടിന്റെ മാത്രം ഇടവേളയില്‍ പകരം കൊന്നവരും ഒരു പോലെ ജനങ്ങളോട് ആവശ്യപ്പെടുന്നു: പ്രതികരിക്കൂ പ്രതികരിക്കൂ പ്രതികരിക്കൂ നാട്ടാരേ. നമ്മെ തടവിലാക്കുക മാത്രമല്ല; മണ്ടന്മാരാക്കുക കൂടിയാണവര്‍ ചെയ്യുന്നത്.
കണ്ണൂരില്‍ ഈ അനിശ്ചിതാവസ്ഥ ആരംഭിച്ചിട്ട് 38 വര്‍ഷങ്ങളാവുന്നു. എണ്‍പതുകള്‍ മുതലാണ് കണ്ണൂര്‍ അശാന്തമായിത്തുടങ്ങിയതെങ്കിലും കഴിഞ്ഞ 25 വര്‍ഷമാണ് അത് മരണ താണ്ഡവമാടിയത്. ഇക്കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 350 ഓളം പേരാണ്. അംഗഭംഗം സംഭവിച്ചത് രണ്ടായിരത്തോളം പേര്‍ക്ക്. അങ്ങനെ വിളക്കണഞ്ഞത് ആയിരക്കണക്കിന് കുടുംബങ്ങളുടെ. കൊല്ലപ്പെട്ടവരില്‍ പത്തോ പതിനഞ്ചോ പേരൊഴികെ മറ്റെല്ലാവരും സി.പി.എമ്മിലോ ആര്‍.എസ്.എസിലോ പെട്ടവര്‍. ഇവര്‍ തമ്മിലുള്ള കൊലക്കണക്ക് ഏതാണ്ട് സമാസമം. തിങ്കളാഴ്ച രാത്രി 9.15ന് പള്ളൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്ന് 15 മിനിട്ടിനകം സി.പി.എമ്മുകാര്‍ അതേ പ്രദേശത്തെ തന്നെ ആര്‍.എസ്.എസുകാരനായ ഷനോജിനെ വെട്ടുകയും 45 മിനുട്ടിനകം മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ തന്നെയുണ്ട് ഇവര്‍ തമ്മിലുള്ള ബലാബലത്തിന്റെ ചിത്രം.
അധികാരത്തിനും ഗ്രാമങ്ങളുടെ മേധാവിത്തത്തിനും വേണ്ടിയുള്ള സി.പി.എമ്മിന്റെ പ്രധാന ആയുധം കൊലപാതകങ്ങളായിട്ട് ഏറെക്കാലമായെങ്കിലും ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ സി.പി.എമ്മിനേക്കാള്‍ കിരാതമായത് അടുത്ത കാലത്താണ്. വ്യക്തമായി പറഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ 2016 മെയ് 19 ന് മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയിലാണ് പുതിയ കൊലപാതക പരമ്പരക്ക് തുടക്കമിട്ടത്. പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയും ബോംബെറിഞ്ഞും ചേരിക്കണ്ടത്ത് രവീന്ദ്രനെ വധിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് കൊലക്കളിയില്‍ സി.പി.എമ്മിനെ പിന്നിലാക്കിത്തുടങ്ങിയത്. സി.പി.എം പിറന്ന പാറപ്രത്ത് പോലും ശാഖ ഉണ്ടാക്കിയ ആര്‍.എസ്.എസ് പിണറായി എന്ന പാര്‍ട്ടി കോട്ടയില്‍ നടത്തിയ ഈ കൊല ശത്രുവിനെ അതിന്റെ മാളത്തില്‍ കയറി അക്രമിക്കുന്നതിന് തുല്യമായിരുന്നു. ഇതിനു പിന്നിലെ സംഘ്പരിവാറിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടോ അധികാരത്തിന്റെ മധുവിധുകാലമായതുകൊണ്ടോ രവീന്ദ്രന്‍ വധത്തിന് തിരിച്ചടി നല്‍കാന്‍ സി.പി.എം തയാറായിരുന്നില്ല. ഇതില്‍ നിരാശ പൂണ്ട ബി.ജെ.പി അതേ വര്‍ഷം ജൂലൈ 11ന് രാത്രി പയ്യന്നൂരിനടുത്ത കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വെട്ടിക്കൊന്നുകൊണ്ട് ഞങ്ങളെ തിരിച്ചുകൊല്ലൂ എന്നാവശ്യപ്പെട്ടു. ഇനിയും അടങ്ങിയിരുന്നാല്‍ അണികള്‍ അത് ഭീരുത്വമായി കണക്കാക്കുമെന്ന് കരുതിയ സി.പി.എം അതേ മണിക്കൂറില്‍ തന്നെ തിരിച്ചടിച്ചു. ബി.എം.എസ് പയ്യന്നൂര്‍ ഏരിയാ പ്രസിഡണ്ടായ രാമചന്ദ്രനെ വീട്ടില്‍ക്കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സി.പി.എം ഇരു കൊലകള്‍ക്കും പകരം വീട്ടിയത്. പ്രതികാരം ആരംഭിച്ച സി.പി.എം പയ്യന്നൂരിലെ രാമചന്ദ്രന്റെ ചോര കൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. മുഴക്കുന്നില്‍ ബ്രാഞ്ച് സെക്രട്ടറിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന്റെ മറപിടിച്ച് സെപ്തംബര്‍ നാലിന് തില്ലങ്കേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനീഷിനെ പൈശാചികമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനനെ വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നത്. മോഹനന്റെ കൊലക്ക് സി.പി.എം 48 മണിക്കൂറിനകം നല്‍കിയ മറുപടിയാണ് പിണറായി കൊല്ലനാണ്ടിയിലെ രമിത്ത്. അങ്ങനെ 3-3 സമനിലയില്‍ ആ പരമ്പര അവസാനിച്ചു എന്നായിരുന്നു കരുതിയത്. എന്നാല്‍ 2017 ജനുവരി 18ന് രാത്രി ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂരിലെ എഴുത്താന്റവിട സന്തോഷ്‌കുമാറിനെ, കണ്ണൂരില്‍ ആരംഭിച്ച സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം രാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നുകൊണ്ട് ആര്‍.എസ്.എസിനോട് ജയം നേടി.
കലോത്സവം നടന്നുകൊണ്ടിരിക്കെ നടത്തിയ കൊലപാതകത്തിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്തെ മസ്‌ക്കത്ത് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. മൂന്നു മാസം മാത്രമായിരുന്നു ഈ സമാധാന കാലത്തിന്റെ ആയുസ്സ്. പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ വധിച്ചു കൊണ്ട് സി.പി.എം വീണ്ടും തുടങ്ങിവെക്കുകയായിരുന്നു. ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയായ ബിജുവിന് പാര്‍ട്ടി കോടതി നല്‍കിയ വധശിക്ഷയായിരുന്നു ഇത്.
ഇതിന് ശേഷം സി.പി.എമ്മിന്റെ കഠാര നീണ്ടത് എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ നേര്‍ക്കായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 12ന് രാത്രി 10.45ന് നടന്ന ഷുഹൈബ് വധത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടി തല്‍ക്കാലം ചോരക്കളിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ നടത്തിയ ഈ കൊല സമ്മേളന പ്രതിനിധികള്‍ പോലും കണ്ണൂര്‍ നേതൃത്വത്തിനെതിരെ തിരിയാന്‍ ഇടയാക്കുകയും ഈ കണ്ണൂര്‍ ശൈലി ദേശീയ നേതാക്കളുടെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതോടെ ഇവിടെ ഒരു പുതുചരിത്രം പിറക്കുമെന്ന പ്രതീക്ഷ മുളച്ചിരുന്നു. അതാണ് മാഹി പള്ളൂരില്‍ പൊലിഞ്ഞത്. രവീന്ദ്രന്‍ പരമ്പരയില്‍ രണ്ടു കൊലക്കു പിന്നിലായ ആര്‍.എസ്.എസിന്റെ പ്രതികാരം മാത്രമല്ല ബാബു വധം. സി.പി.എമ്മിനെ കത്തി താഴെ വെക്കാന്‍ അനുവദിക്കില്ലെന്ന ശപഥവും അതിനു പിന്നിലുണ്ട്. ആര്‍.എസ്.എസ് ആശിച്ചതു തന്നെ സംഭവിച്ചു. അതും അതേ മണിക്കൂറില്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലുന്നവന്റെ പാര്‍ട്ടി ജയിക്കുകയോ കൊല്ലപ്പെടുന്നവന്റെ പാര്‍ട്ടി തോല്‍ക്കുകയോ അല്ല ചെയ്യുന്നത്. കൊല്ലുന്നതിനേക്കാള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ പക്ഷത്തുള്ളവര്‍ കൊല്ലപ്പെടാനാണ്. കൊല ആവേശമാണെങ്കില്‍ കൊല്ലപ്പെടുന്നത് ഇന്ധനമാണ്. അങ്ങനെ ഇരു വിഭാഗവും ജയിക്കുന്നു. തോല്‍ക്കുന്നത് നമ്മള്‍ മാത്രമാണ്, തടവിലാക്കപ്പെടുന്ന, നാളെകള്‍ നിഷേധിക്കപ്പെട്ട നമ്മള്‍.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending