Connect with us

Culture

ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി

Published

on

ബ്രസീല്‍ 1 – ബെല്‍ജിയം 2

#BELBRA

ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്‍പാണെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട് ബെല്‍ജിയം മറികടന്ന ഈ രാത്രി അത്രയെളുപ്പം മനസ്സില്‍നിന്നു പോവില്ല; ബ്രസീല്‍ ഫാന്‍സിനും എതിരാളികള്‍ക്കും. സമീപകാലത്ത് ബ്രസീല്‍ ലോകകപ്പില്‍ അവതരിപ്പിച്ച ഏറ്റവും പ്രതിഭാസമ്പന്നമായ സംഘം ക്വാര്‍ട്ടറില്‍ മുടന്തിവീണു എന്നത് ഫുട്‌ബോളിന്റെ സ്ഥായിയായ അനിശ്ചിതത്വഭാവത്തിന്റെ പുതിയ പുലര്‍ച്ചയാവാം. ആ തോല്‍വിക്ക്, കസാന്‍ അറീനയില്‍ വീണ മഞ്ഞനിറമുള്ള കണ്ണീരിന് പക്ഷേ, കൃത്യമായ കാരണങ്ങളുണ്ട്. ടിറ്റേ എന്ന തന്ത്രശാലിയുടെ അശ്രദ്ധയോ പിഴവോ എന്നതിനേക്കാള്‍ അനിവാര്യമായ വിധി എന്നേ അതേപ്പറ്റി എനിക്കു പറയാന്‍ കഴിയൂ.

മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ 59-ാം മിനുട്ടില്‍ ഇറ്റാലിയന്‍ റഫറി ഗ്യാന്‍ലുക്ക റോച്ചി ബ്രസീലിന്റെ അഞ്ചാം നമ്പര്‍ താരത്തിനു നേരെ മഞ്ഞക്കാര്‍ഡ് വീശിയത് ബ്രസീലിനെ ലോകകപ്പില്‍ നിന്നു പുറത്താക്കാനുള്ള അപശകുനമാണെന്ന് കളിയെ അല്‍പം കാര്യമായി വിലയിരുത്തുന്ന ചിലര്‍ക്കെങ്കിലും തോന്നിയിരിക്കണം. നാലു മത്സരങ്ങള്‍ക്കിടെ രണ്ടുതവണ കാര്‍ഡുകൊണ്ട് ശിക്ഷിക്കപ്പെട്ട കണ്ട കാസമിറോക്ക് നിര്‍ണായകമായ ബെല്‍ജിയം മാച്ചില്‍ കളിക്കാനാവില്ലെന്നായിരുന്നു റഫറി മഞ്ഞക്കടലാസില്‍ കുറിച്ചതിന്റെ അര്‍ത്ഥം. കേളീതന്ത്രങ്ങളുടെ മധ്യഭാഗത്ത് നിലകൊള്ളുകയും ബുദ്ധിയുള്ള യന്ത്രംകണക്കെ പ്രവര്‍ത്തിച്ച് കളിയുടെ ഗതിനിര്‍ണയിക്കുകയും ചെയ്യുന്ന കാസമിറോയെ പോലുള്ള കളിക്കാര്‍ ലോകഫുട്‌ബോലില്‍ അധികമില്ലെന്ന് റയല്‍ മാഡ്രിഡിന്റെ കളി കാണുന്ന ആര്‍ക്കും അറിയാവുന്നതാണല്ലോ. ടിറ്റേയുടെ കാര്യത്തില്‍ പിന്നീട് സംഭവിക്കേണ്ടത് രണ്ടാലൊരു കാര്യമായിരുന്നു: ഒന്ന്, ടീമിന്റെ നെടുന്തൂണായ കാസമിറോയുടെ സ്ഥാനത്ത് മറ്റൊരു കളിക്കാരനെ പ്രതിഷ്ഠിച്ച് കളിയുടെ വിധി കളിക്കാര്‍ക്ക് വിട്ടുനല്‍കുക. രണ്ട്, മറ്റുപല കോച്ചുമാരും ചെയ്യാറുള്ള പോലെ കാസമിറോയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ടീമിന്റെ ഫോര്‍മേഷന്‍ തന്നെ മാറ്റിപ്പണിയുക. ടിറ്റേ തെരഞ്ഞെടുത്തത് ആദ്യത്തേതായിരുന്നു. തന്റെ കളിക്കാരുടെ മികവില്‍ പൂര്‍ണവിശ്വാസമുള്ള അദ്ദേഹത്തില്‍നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ തെറ്റുമില്ലായിരുന്നു. പക്ഷേ, ഒറ്റത്തൂണിന്റെ വ്യത്യാസം ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി. മഞ്ഞപ്പടയെ റഷ്യയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു.

പതിവുപോലെ 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീല്‍ കളി തുടങ്ങിയത്. മൂന്നു ഫുള്‍ബാക്കുമാരെ ഡിഫന്‍സ് ചുമതലയേല്‍പ്പിച്ച് 3-2-2-3 ശൈലിയില്‍ ബെല്‍ജിയവും കളിച്ചു. മര്‍വാന്‍ ഫെല്ലയ്‌നിയെ ഡിഫന്‍സീവ് മിഡ്ഡില്‍ കളിപ്പിച്ച് കെവിന്‍ ഡിബ്രുയ്‌നെക്ക് അറ്റാക്കിങ് റോള്‍ നല്‍കിയതും കാറസ്‌കോക്കു പകരം വലതുമിഡ്ഡില്‍ നാസര്‍ ഷാദ്‌ലി ആദ്യ ഇലവനില്‍ വന്നതുമായിരുന്നു പ്രധാന മാറ്റം. ടാക്ടിക്കലായി മാത്രമല്ല ശാരീരികമായി കൂടി കളിച്ചാലേ രക്ഷയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ബ്രസീലുകാര്‍ക്ക് മാര്‍ട്ടിനസ് നല്‍കിയത്.

എന്നാല്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മാർട്ടിനസ് ടിറ്റേയെ കടന്നുചിന്തിച്ച മറ്റൊരു സുപ്രധാന മാറ്റംകൂടി മൈതാനത്തു കണ്ടു. ‘സെന്‍ട്രല്‍ സ്‌ട്രൈക്കറാ’യ റൊമേലു ലുകാകുവിന്റെ പൊസിഷന്‍. സാധാരണ ഗതിയില്‍ ബോക്‌സിനെ ചുറ്റിപ്പറ്റി നില്‍ക്കേണ്ട അയാള്‍ നിലയുറപ്പിച്ചത് വലതുവിങില്‍ ഒരു വിങ്ങറുടെ പൊസിഷനിലാണ്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു; ബ്രസീല്‍ ടീമിലേക്കുള്ള മാര്‍സലോയുടെ മടങ്ങിവരവ്. ഇടതു വിങ്ബാക്ക് ആണെങ്കിലും എപ്പോഴും കയറിക്കളിക്കാറുള്ള മാര്‍സലോ ഒരു വിടവ് ഒഴിച്ചിടുമെന്നു കണക്കുകൂട്ടി സെന്‍ട്രല്‍ ബാക്കുമാരെക്കൂടി അങ്ങോട്ട് ആകര്‍ഷിച്ച് മധ്യം തുറക്കാനുള്ള വഴിയായി ലുകാകുവിനെ ഉപയോഗിക്കുകയായിരുന്നു ബെല്‍ജിയം കോച്ച്. ലോകകപ്പില്‍ ഇതാദ്യമായല്ല ലുകാകു പന്തില്ലാത്ത തന്ത്രങ്ങളുടെ ഭാഗമാകുന്നത് എന്നോര്‍ക്കുക.

ബ്രസീലിനെ അപേക്ഷിച്ച് കളിയുടെ ഏതെങ്കിലും മേഖലയില്‍ ബെല്‍ജിയത്തിന് ആധിപത്യമുണ്ടെങ്കില്‍ അത് ബോക്‌സിലേക്കു വരുന്ന സെറ്റ്പീസുകളില്‍ മാത്രമായിരുന്നു. അതില്‍നിന്നു തന്നെ അവര്‍ ഗോള്‍ നേടുകയും ചെയ്തു. 13-ാം മിനുട്ടില്‍ പോസ്റ്റിന്റെ വലതുഭാഗത്തുനിന്നു വന്ന കോര്‍ണറില്‍ അഡ്വാന്‍സ് ചെയ്തുകൊണ്ടുള്ള കംപനിയുടെ ചാടിക്കയറ്റം ബ്രസീല്‍ ഡിഫന്‍സില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒരുനിമിഷം കാഴ്ചനഷ്ടപ്പെട്ട ഫെര്‍ണാണ്ടിഞ്ഞോക്ക് പന്ത് തന്റെ കൈയില്‍ തട്ടി വലകുലുക്കിയപ്പോഴേ എന്താണ് സംഭവിച്ചതെന്നു മനസ്സിലായുള്ളൂ. സെറ്റ്പീസുകളില്‍ അപകടകാരിയാകാറുള്ള കംപനിയെ മാര്‍ക്ക് ചെയ്യുന്നതിലും പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലും വന്ന പിഴവിന് ഒടുക്കേണ്ടിവന്ന വലിയ വില. കസമിറോയെ ബ്രസീല്‍ മിസ്സ് ചെയ്ത ആദ്യനിമിഷം.


മാര്‍സലോയും കുട്ടിന്യോയും നെയ്മറുമുള്ള ഇടതുവിങിലായിരുന്നു ബ്രസീലിന്റെ ആക്രമണങ്ങളില്‍ ഏറിയപങ്കും കേന്ദ്രീകരിച്ചത്. നെയ്മറിനെ മാര്‍ക്ക് ചെയ്തും മറ്റുള്ളവരുടെ പാസുകള്‍ മുറിച്ചും ഫെല്ലയ്‌നി അവിടെ നിറഞ്ഞുനിന്നതോടെ കളിക്കാമെന്നല്ലാതെ ഗോളിനടുത്തേക്ക് അടുക്കാന്‍ ബ്രസീല്‍ ബുദ്ധിമുട്ടി. അതിനിടയില്‍ പ്രതിരോധം കടന്നുചെന്ന ചില ഭാഗ്യപരീക്ഷണങ്ങള്‍ തിബോട്ട് കോര്‍ട്വയുടെ റിഫ്‌ളക്‌സിലും കൈകളിലും തട്ടിത്തെറിക്കുകയും ചെയ്തു. ലീഡ് സംരക്ഷിക്കാനായി ബോക്‌സില്‍ കോട്ടകെട്ടുന്നതിനു പകരം അതിവേഗ പ്രത്യാക്രമണം എന്ന തന്ത്രമായിരുന്നു ബെല്‍ജിയത്തിന്റേത്. അതിനായി ലുകാകുവും ഹസാര്‍ഡും മധ്യവരക്കടുത്ത് സദാ ജാഗ്രത്തായി ഉണ്ടായിരുന്നു. ആക്രമണത്തിനിടെ ഡിഫന്‍സിന്റെ ശ്രദ്ധതെറ്റിയ തക്കത്തിന് ലുകാകു വീണ്ടും പണിപറ്റിച്ചു. കാസമിറോയുടെ അഭാവം തുറന്നുകാട്ടി മൈതാനമധ്യത്തിലൂടെ അയാള്‍ പന്തുമായി ഓടിക്കയറി. ഈ ഓട്ടത്തില്‍ ഡിഫന്‍സീവ് മിഡ്ഡുമാരായ പൗളിഞ്ഞോയെയും ഫെര്‍ണാണ്ടിഞ്ഞോയെയും അയാള്‍ മറികടന്നു എന്നകാര്യം ശ്രദ്ധിക്കണം. ബോക്‌സിനു പുറത്ത് ഷോട്ടെടുക്കാന്‍ പാകത്തില്‍ പന്തുകിട്ടിയാല്‍ – അതും സിറ്റ്വേഷന്‍ വണ്‍ടുവണ്‍ ആണെങ്കില്‍ – കെവിന്‍ ഡിബ്രുയ്‌നെ അടങ്ങിയിരിക്കുമോ? പിശുക്കനായ കച്ചവടക്കാരന്റെ തൂക്കംപോലെ കണിശവും കൃത്യവുമായിരുന്നു അയാളുടെ ഷോട്ടിന്റെ കനവും വേഗതയും ഉയരവും. ഗോള്‍കീപ്പര്‍ ആലിസന് അതില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷം ഒരു തിരിച്ചുവരവ് ബ്രസീലിന് ഒരിക്കലും എളുപ്പമായിരുന്നില്ല; പ്രത്യേകിച്ചും അത്തരമൊരനുഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍. ബെല്‍ജിയമാകട്ടെ, രണ്ടാം ഗോളില്‍ കിട്ടിയ കുഷ്യന്‍ സ്വന്തം ഹാഫ് ഭദ്രമാക്കാന്‍ ഉപയോഗിച്ചു. ഡിഫന്റര്‍മാരും ഡിഫന്‍സീവ് മിഡ്ഡുമാരുമടക്കം അഞ്ചുപേര്‍ ബോക്‌സ് പ്രതിരോധിച്ചതോടെ ബ്രസീലിന് കാര്യങ്ങള്‍ ദുഷ്‌കരമായി.

രണ്ടാംപകുതിയില്‍ ഞാനാഗ്രഹിച്ചത് ഫെര്‍ണാണ്ടിഞ്ഞോക്കു പകരം ഫിലിപ് ലൂയിസ് വരണമെന്നും മാര്‍സലോ ഫ്രീറോളില്‍ മുന്നേറ്റത്തില്‍ കളിക്കണമെന്നുമായിരുന്നു. പതിവുപോലെ അയാള്‍ തന്റെ ഫുട്ട്‌വര്‍ക്ക് കൊണ്ടും ചടുലത കൊണ്ടും ഡിഫന്റര്‍മാരെ ബുദ്ധിമുട്ടിച്ചു. നെയ്മറിന്റെ നീക്കങ്ങള്‍ മിക്കവാറും പ്രവചനീയമായിരുന്നു. മിക്കപ്പോഴും അത് മുന്‍കൂട്ടിക്കണ്ട് അപകടമൊഴിവാക്കാന്‍ ബെല്‍ജിയത്തിനു കഴിഞ്ഞു. പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ക്കുമിടയില്‍ വിള്ളല്‍ സൃഷ്ടിച്ച് മാര്‍സലോ നല്‍കിയ ഒരു ലോ ക്രോസ് ഗോളായെന്നു കരുതി. പക്ഷേ, അവസാന ടച്ച് നല്‍കാന്‍ ആരുമുണ്ടായില്ല.

ടിറ്റേ നടത്തിയ മൂന്ന് സബ്സ്റ്റിറ്റിയൂഷനും നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ഡഗ്ലസ് കോസ്റ്റയുടെയും ഓഗസ്‌റ്റോയുടെയും വരവ്. ഫിര്‍മിനോ നെയ്മറുമായും കുട്ടിന്യോയുമായും ലിങ്ക് ചെയ്യാന്‍ വിഷമിക്കുന്നു എന്ന് തോന്നിച്ചപ്പോള്‍ ഡഗ്ലസ് കോസ്റ്റ വലതുവിങില്‍ ജീവന്‍കൊടുത്ത് കളിക്കുകയായിരുന്നു. വില്ല്യനു പകരം തുടക്കംമുതല്‍ക്കേ ഇയാള്‍ കളിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി അതുകണ്ടപ്പോള്‍.

കളി അവസാന കാല്‍മണിക്കൂറിലേക്കു കടന്നപ്പോള്‍ ബ്രസീല്‍ ആഗ്രഹിച്ച ഗോള്‍ വന്നു. അതിനുമുമ്പ് അവര്‍ക്ക് അര്‍ഹതപ്പെട്ട ഒരു പെനാല്‍ട്ടി നിഷേധിക്കപ്പെട്ടിരുന്നു. ബോക്‌സിനുള്ളില്‍ ബ്രസീല്‍ പ്ലെയര്‍ക്കു മേലുള്ള കംപനിയുടെ കോണ്‍ടാക്ട് റീപ്ലേകളില്‍ സുവ്യക്തമായിരുന്നെങ്കിലും പുനഃപരിശോധിക്കാനുള്ള വാര്‍ നിര്‍ദേശം റഫറി തള്ളിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഒരിക്കല്‍ക്കൂടി കുട്ടിന്യോയുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍പിറവി. റെനറ്റോ ആഗസ്‌റ്റോ ബോക്‌സില്‍ ഫ്രീയാണെന്നു കണ്ടെത്തിയ കുട്ടിന്യോ അളന്നുമുറിച്ചൊരു ഹൈബോളാണ് നല്‍കിയത്. ബെല്‍ജിയം ഡിഫന്‍സ് പുലര്‍ത്തിയ ആലസ്യത്തിനുള്ള ശിക്ഷയായി സമയമെടുത്ത് ഉയര്‍ന്നുചാടി ആഗസ്റ്റോ തലവെച്ചു. അതുവരെ അഭേദ്യനായി നിന്ന കോര്‍ട്വ മുഴുനീളന്‍ ഡൈവ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒരിക്കല്‍ പറ്റിയ പിഴവ് പിന്നീട് ബെല്‍ജിയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വേണമെങ്കില്‍ ഗോളടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ യൂറോപ്യന്‍ ബോക്‌സില്‍ തുറക്കപ്പെട്ടു. ഗോള്‍കീപ്പറെ നേരില്‍ക്കാണുന്ന സന്ദര്‍ഭമുണ്ടായിട്ടുപോലും ആഗസ്‌റ്റോ പുറത്തേക്കടിച്ച് നശിപ്പിച്ചതും നെയ്മറിന്റെ കട്ട്ബാക്ക് പാസില്‍ തുറന്ന ഇടനാഴി മുതലെടുക്കാന്‍ കുട്ടിന്യോക്ക് കഴിയാതിരുന്നതും ഞെട്ടിച്ചു. അതിനിടയില്‍ മറുവശത്ത് ഗോളടിക്കാനുള്ള അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും പന്തുമായി അലസഗമനം നടത്തി സമയം കൊല്ലുന്നതിലാണ് ലുകാകുവും ഹസാര്‍ഡും ഡിബ്രുയ്‌നെയും ശ്രദ്ധിച്ചത്. ഷാദ്‌ലിക്കു പകരം വെര്‍മാലിനും ലുകാകുവിനു പകരം തീലിമാന്‍സും വന്നതോടെ പ്രതിരോധത്തിന് ഒന്നുകൂടി കട്ടികൂടി. ബ്രസീല്‍ പല്ലുംനഖവുമുപയോഗിച്ച് കളിക്കുമ്പോഴും ഡിഫന്‍സീവ് ലൈന്‍ കൃത്യമായി പാലിച്ച്, പന്ത് കിട്ടുമ്പോള്‍ അത് സമയംകളയാനുള്ള ഉപാധിയായി ഉപയോഗിച്ച് ബെല്‍ജിയം സമയം കൊല്ലുകയും ചെയ്തു.

കാസമിറോയുടെ അഭാവത്തില്‍ ബ്രസീല്‍ മിഡ്ഫീല്‍ഡില്‍ ദൃശ്യമായ ഭീകരമായ വിടവ്, തിബോട്ട് കോര്‍ട്വയുടെ അസാമാന്യമായ സേവുകള്‍, ബ്രസീലിന്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നതിനായി മാര്‍ട്ടിനസ് കണ്ടെത്തിയ തന്ത്രം, ലുകാകുവിന്റെ അദൃശ്യസ്വാധീനം, ഹസാര്‍ഡിന്റെ നൂറ്റൊന്നു ശതമാനം സമര്‍പ്പിച്ചുള്ള കളി… ഇതൊക്കെയാണ് ഇന്നത്തെ മത്സരത്തില്‍ വ്യക്തമായി കാണാനായത്. റെനറ്റോ ആഗസ്‌റ്റോക്ക് തുറന്ന പോസ്റ്റ് കിട്ടിയപ്പോള്‍ അയാള്‍ വലകുലുക്കുമെന്നുറപ്പിച്ച് സീറ്റില്‍ നിന്ന് ടിറ്റേ ചാടിയെണീറ്റ കാഴ്ച അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. പ്രതിലോമ തന്ത്രങ്ങളില്ലാതെ മുന്നോട്ടുമാത്രം പന്തുകളിപ്പിക്കുന്ന ടിറ്റേ ഈ ഘട്ടത്തില്‍ പുറത്തായത് ലോകകപ്പിന്റെ നഷ്ടമാണെന്ന് ഞാന്‍ പറയും.

ബ്രസീല്‍ പുറത്തായതോടെ ലോകകപ്പിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം അവസാനിക്കുകയും ഫലത്തില്‍ ഇതൊരു യൂറോകപ്പായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന കരുത്തര്‍. ഇവരിലാരെങ്കിലും കപ്പടിക്കുമോ? അതോ, ഈ ടൂര്‍ണമെന്റിലെ പലപ്പോഴുമെന്ന പോലെ അത്ഭുതങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമോ?

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending