Connect with us

More

കലൈഞ്ജര്‍ക്ക് വിട; കരുണാനിധി അന്തരിച്ചു

Published

on

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലെ കാവേരി ആസ്പത്രിയിലായിരുന്നു അന്ത്യം. മരണവേളയില്‍ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനും കുടുംബാംഗങ്ങളും ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. അഞ്ചു തവണ സംസ്ഥാന മുഖ്യമന്ത്രി പദം അലങ്കരിച്ച മുത്തുവേല്‍ കരുണാനിധി എന്ന എം കരുണാനിധി ഏഴു പതിറ്റാണ്ടോളം തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീന ശക്തിയായിരുന്നു.

പ്രിയ നേതാവിന്റെ ആയുരാരോഗ്യത്തിനു വേണ്ടി രാപകല്‍ വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനകളുമായി കാവേരി ആസ്പത്രി പരിസരത്തും ചെന്നൈയിലെ വസതിക്കു സമീപവും തടിച്ചുകൂടിയ നൂറു കണക്കിനു ഡി.എം.കെ പ്രവര്‍ത്തകരുടെ മനസ്സില്‍ തീ കോരിയിട്ടാണ് മരണവാര്‍ത്ത പുറത്തുവന്നത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

1924 ജൂണ്‍ മൂന്നിന് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിക്കു കീഴിലുള്ള നാഗപട്ടണം ജില്ലയിലെ തിരുക്കൂവളൈയിലായിരുന്നു കരുണാനിധിയുടെ ജനനം. ദക്ഷിണാമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. സ്‌കൂള്‍ പഠന കാലത്തു തന്നെ സാഹിത്യ തല്‍പരനായിരുന്ന കരുണാനിധി 14-ാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തു സജീവമായി. ആള്‍ സ്റ്റുഡന്‍സ് ക്ലബ്ബിലൂടെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു.

ഇവിടെനിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. തമിഴ് ജനതക്കിടയില്‍ നിലനിന്ന ബ്രാഹ്മണാധിപത്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ കരുണാനിധിയെ, 1950 കളില്‍ നടന്ന കല്ലുക്കൂടി സമരമാണ് ജനനായകനായി വളര്‍ത്തിയത്. ഡാല്‍മിയ സിമന്റ് പ്ലാന്റ് സ്ഥാപിച്ചതിനു പിന്നാലെ കല്ലൂക്കുടിയുടെ പേര് ഡാല്‍മിയപുരം എന്ന് മാറ്റിയതായിരുന്നു ജനകീയ പ്രതിഷേധത്തിന് വഴി തുറന്നത്. ദക്ഷിണേന്ത്യന്‍ ജനതക്കുമേലുള്ള ഉത്തരേന്ത്യന്‍ ആധിപത്യം സ്ഥാപിക്കലായി പേരുമാറ്റത്തെ ചിത്രീകരിച്ചു നടന്ന സമരത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കരുണാനിധി അറസ്റ്റിലുമായി.

തിരക്കഥാ രചനയിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും സാഹിത്യ മേഖലയിലും അനര്‍ഗമായ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം കരുണാനിധി എന്ന പേര് സ്വീകരിച്ചതും സിനിമാ മേഖലയില്‍നിന്നായിരുന്നു. സിനിമാ മേഖലയിലെ കരുണാനിധിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ശിവാജി ഗണേശുമായും എസ്.എസ് രാജേന്ദ്രനുമായുള്ള അടുപ്പം വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. പരാശക്തിയുടെ തിരക്കഥ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രചനകളില്‍ ഒന്നായി. ദ്രാവിഡ മുന്നേറ്റത്തില്‍ അടിസ്ഥാനമായ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തിരിക്കഥകളെ കരുണാനിധി പശ്ചാത്തലമാക്കി. 1952ല്‍ വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ റിലീസ് ചെയ്ത പരാശക്തി വരേണ്യ ഹിന്ദു വര്‍ഗത്തില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. പണം, തങ്കരത്നം എന്നീ സിനിമകളും ഇതേ ആശയങ്ങളുമായി കരുണാനിധിയുടെ തൂലികയില്‍ പിറന്നു. തൊട്ടുകൂടായ്മക്കെതിരെയും സമീന്ദാരി സംവിധാനത്തിനെതിരെയും പേനയുന്തിയ കരുണാനിധി വിധവാ പുനര്‍ വിവാഹം പോലുള്ളവ തന്റെ സിനിമകളിലൂടെ പ്രോത്സാഹിപ്പിച്ചതോടെ ബ്രാഹ്മണ്യ മേധാവിത്വത്തില്‍നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. കഥയും കവിതയും നോവലും ജീവചരിത്രവും ചരിത്ര നോവലുകളുമായി അനേക ശാഖകളായി പടര്‍ന്നു കിടക്കുന്നതാണ് കരുണാനിധിയുടെ സാഹിത്യ സംഭാവനകള്‍.

ജസ്റ്റിസ് പാര്‍ട്ടി നേതാവ് അളഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി 14ാം വയസ്സിലാണ് കരുണാനിധി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തമിഴ് മാനവര്‍ മന്ത്രം എന്ന പേരില്‍ സ്വന്തം നാട്ടില്‍ വിദ്യാര്‍ത്ഥി സംഘടനക്കു നേതൃത്വം നല്‍കി. ആദ്യ ദ്രവീഡിയന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ മുന്നേറ്റമായിരുന്നു ഇത്. വിദ്യാര്‍ത്ഥിയായിരിക്കെ കരുണാനിധി തുടക്കം കുറിച്ച മുരസൊളി ദിനപത്രമാണ് പില്‍ക്കാലത്ത് ഡി.എം. കെയുടെ മുഖപത്രമായി വളര്‍ന്നത്.
1957ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂലിത്തലൈയില്‍നിന്ന് ജയിച്ചായിരുന്നു കരുണാനിധിയുടെ ആദ്യ നിയമസഭാ പ്രവേശം. 33ാം വയസ്സില്‍. 1961ല്‍ ഡി.എം.കെ ട്രഷററായി നിയമിതനായി. 1962ല്‍ പ്രതിപക്ഷ നേതാവും 1967ല്‍ ഡി.എം.കെ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി. ഡി.എം.കെ സ്ഥാപക നേതാവായ അണ്ണാ ദുരൈയുടെ വിയോഗത്തെതുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കരുണാനിധി വൈകാതെ ഡി.എം. കെ അധ്യക്ഷപദവിയിലേക്കും നിയമിതനായി. പെരിയോരുടെ വിയോഗത്തെതുടര്‍ന്ന് ഒഴിച്ചിട്ട ഡി.എം.കെ അധ്യക്ഷ പദവിയില്‍ എത്തിയതോടെ തമിഴ് രാഷ്ട്രീയത്തിലെ മുടിചുടാ മന്നനായി കരുണാനിധി വളര്‍ന്നു. നേട്ടങ്ങള്‍ക്കിടയിലും തമിഴ് രാഷ്ട്രീയത്തിലെ അതികായനായ എം.ജി.ആറിനു മുന്നില്‍ കരുണാനിധി പലതവണ തോല്‍വിയറിഞ്ഞു.

1969 ഫെബ്രുവരി 10നാണ് ആദ്യ തവണ മുഖ്യമന്ത്രി പദത്തിലെത്തിയത്. നാലാം നിയമസഭയുടെ കാലത്ത്. 1971ലും 1989ലും 1996ലും 2006ലും മുഖ്യമന്ത്രി പദത്തിലെത്തി. രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. നിലവില്‍ തമിഴ്നാട് സിറ്റിങ് എം.എല്‍.എ കൂടിയാണ് കരുണാനിധി. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുണാനിധി സര്‍ക്കാറിനെ ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് പിരിച്ചുവിട്ടതും രാമസേതു വിവാദത്തിലെ പരാമര്‍ശങ്ങളും എല്‍.ടി.ടി.ഇ ബന്ധം സംബന്ധിച്ച വിമര്‍ശനങ്ങളും അദ്ദേഹത്തെ ഇടക്കാലത്ത് വിവാദ നായകനുമാക്കി.

തമിഴ് മുസ്ലിം ജനതയുമായി ഏറ്റവും മികച്ച സൗഹൃദം സൂക്ഷിച്ച നേതാവായിരുന്നു കരുണാനിധി. മുസ്ലിംലീഗ് നേതൃത്വവുമായും ഈ ഇഴയടുപ്പം ജീവിതാന്ത്യം വരെ അദ്ദേഹം പിന്തുടര്‍ന്നു. ഖാഇദെ മില്ലത്തിനെ ഗുരുവര്യനായി കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉപദേശ നിര്‍ദേശങ്ങള്‍ തേടിയിരുന്ന കരുണാനിധി അന്തരിച്ച മുസ്ലിംലീഗ് പ്രസിഡണ്ട് ഇ അഹമ്മദുമായും നിലവിലെ മുസ്ലിംലീഗ് പ്രസിഡണ്ട് പ്രഫ. ഖാദര്‍ മൊയ്തീനുമായും ഊഷ്മളമായ ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ ഡി.എം.കെയുടെ സഖ്യകക്ഷി കൂടിയാണ് മുസ്ലിംലീഗ്.

അണ്ണാമലൈ സര്‍വകലാശാല അദ്ദേഹത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്സിറ്റിയുടെ രാജ രാജന്‍ അവാര്‍ഡും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും തമിഴ്നാട് മുസ്ലിം മക്കള്‍ കക്ഷിയുടെ യാരന്‍ ഇ മില്ലത്ത് (മുസ്ലിം സുഹൃത്ത്) പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങളും കരുണാനിധിയെ തേടിയെത്തിയിരുന്നു. മൂന്നു ഭാര്യമാരിലായി ആറു മക്കളും അഞ്ച് പേരമക്കളുമുണ്ട്. പത്മാവതിയാണ് ആദ്യ ഭാര്യ. ഇതില്‍ മുത്തു എന്ന മകനുണ്ട്. രണ്ടാം ഭാര്യയായ ദയാലു അമ്മാളില്‍ എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, തമിഴരശു എന്നീ ആണ്‍മക്കളും സെല്‍വി എന്ന മകളുമുണ്ട്. മൂന്നാം ഭാര്യ രാജാത്തി അമ്മാളിലുള്ള മകളാണ് നിലവില്‍ പാര്‍ലമെന്റംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കനിമൊഴി.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending