ഷാര്‍ജ: ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ എ. അബ്ദുസ്സലാം സുല്ലമി (66) ഷാര്‍ജയില്‍ അന്തരിച്ചു. മക്കളെ സന്ദര്‍ശിക്കാന്‍ യു.എ.ഇയിലെത്തിയ അദ്ദേഹത്തെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഷാര്‍ജ അല്‍ഖാസിമി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ദുബൈ സോനാപൂരില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയ ജനാസ എടവണ്ണ ചെറിയപള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവും ആയിരക്കണക്കിന് പണ്ഡിതന്‍മാരുടെ ഗുരുനാഥനുമായ സുല്ലമിയെ 2016ല്‍ വക്കം മൗലവി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. മതപണ്ഡിതനും പരിഷ്‌കര്‍ത്താവുമായ എ. അലവി മൗലവിയുടെയും പി.സി പാത്തുമ്മക്കുട്ടിയുടെയും മകനായി മലപ്പുറം എടവണ്ണയില്‍ ജനിച്ച ഇദ്ദേഹം അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ അധ്യാപക ജോലി രാജി വെച്ച് എടവണ്ണ ജാമിഅ നദ്‌വിയയില്‍ അധ്യാപകനായി.

എടക്കര ഗൈഡന്‍സ്, എടത്തനാട്ടുകര അസ്ഹര്‍ കോളജുകളില്‍ അധ്യാപകനായും ഒലവക്കോട്, കോഴിക്കോട് കുണ്ടുങ്ങല്‍, കിഴക്കെ ചാത്തല്ലൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘ കാലം ഖത്തീബായും സേവനം ചെയ്തു. ‘സ്വഹീഹുല്‍ ബുഖാരി’ മലയാളത്തില്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് അബ്ദുസ്സലാം സുല്ലമിയാണ്.

ഭാര്യ: അസ്മാബി അന്‍വാരിയ്യ. മക്കള്‍: മുബീന്‍, മുനീബ, മുജീബ, മുഫീദ. മരുമക്കള്‍: റാനിയ, മുഹമ്മദ് നജീബ്, ജുനൈദ്, അനസ്. സി.ഐ.ആറിനു കീഴിലെ മുഴുവന്‍ മുജാഹിദ് മദ്രസകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.