Health
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ രോഗം ഭേദമായി; നാളെ ആശുപത്രി വിട്ടേക്കും
പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.
കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 14കാരന്റെ രോഗം ഭേദമായി. തിക്കോടി സ്വദേശിയായ കുട്ടി നാളെ ആശുപത്രി വിട്ടേക്കും.രാജ്യത്ത് ആദ്യമായാണ് മസ്തിഷ്‌കജ്വരം പൊസിറ്റീവ് ആയ രോഗി രക്ഷപെടുന്നത് എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. ഇതിനിടെ അമീബിക് മസ്തിഷ്‌കജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവായ സാഹചര്യത്തില്‍ സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഈ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാവുക. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.
മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വേനല്‍ കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നതും കൂടുതലായി കാണപ്പെടുന്നതും. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം. പിന്നീട് പിസിആര്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കും.
അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.
ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
Health
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.
പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.
Health
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു
ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.
ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.
2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india7 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
GULF7 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

