ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷം നേടുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ. 272 സീറ്റുള്ള മുനിസിപ്പല്‍ കോര്‍പറേഷനില്‍ 218 സീറ്റ് നേടി ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ സര്‍വേ അവകാശപ്പെടുന്നത്. ബി.ജെ.പി 39-ഉം കോണ്‍ഗ്രസ് എട്ടും സീറ്റുകള്‍ നേടും.
പത്രസമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഖ് ഖേതനാണ് സര്‍വേ ഫലം അവതരിപ്പിച്ചത്. 31000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്നും എം.സി.ഡിയിലെ അഴിമതിയും മാലിന്യ പ്രശ്‌നവുമാണ് ഇത്തവണ വോട്ടെടുപ്പില്‍ നിര്‍ണായകമാവുക എന്നും ഖേതന്‍ പറഞ്ഞു. വികസനത്തിനുള്ള പണം അധികൃതര്‍ ചെലവഴിക്കാത്തതു കാരണമാണ് ഡല്‍ഹി നഗരം മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നത്. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാറിന്റെ വൈദ്യുതി, ജല പദ്ധതികള്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഡല്‍ഹി സര്‍ക്കാറിന്റെ ഈ പദ്ധതി പ്രകാരം 3000 മുതല്‍ 10000 രൂപ വരെ ലാഭം ഓരോ മാസവും ജനങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ട്. – ഖേതന്‍ പറഞ്ഞു.
2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ പ്രവചിച്ച ഫലമാണ് ഡല്‍ഹിയിലുണ്ടായത്. എന്നാല്‍, ഇത്തവണ ബി.ജെ.പി ശക്തമായ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രതിരോധത്തിലാണെന്നാണ് സൂചന. ഈയിടെ റജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുകയും ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമാവുകയും ചെയ്തു.
Be the first to write a comment.