ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ മുഖത്തടി. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന്‍ ബേദിയാണ് എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ മുഖത്ത് അടിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചു നടന്ന റോഡ് ഷോയ്ക്കിടെയാണ് നേതാവ് യുവതിയുടെ അടി വാങ്ങിയത്. അഴിമതി സംബന്ധിച്ച തന്റെ പരാതി കേള്‍ക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സഞ്ജയ് സിങ്ങിന്റെ മുഖത്ത് അടിക്കേണ്ടി വന്നതെന്ന് സിമ്രാന്‍ പറഞ്ഞു.

അതേസമയം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ എഎപി നേതാക്കള്‍ പണം വാങ്ങിയതി സിമ്രാന്‍ ആരോപിച്ചു. ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, സഞ്ജയ് സിങ് എന്നിവരെ അറിയിച്ചതായും എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് യുവതിയുടെ ആരോപണം.

സംഭവത്തില്‍ പാര്‍ട്ടി ഡല്‍ഹി യൂണിറ്റ് ഗവര്‍ണര്‍ പ്രതികരിച്ചു. സംഭവം വളരെ മോശമായ ഒന്നായിപ്പോയി. വളരെ ഗൗരവത്തോടെയണ് വിഷയം ഞങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്കാലോ ബലം പ്രയോഗിച്ചോ പാര്‍ട്ടിയുടെ പ്രചരണം തടയാന്‍ കഴിയുമെന്ന് ആരും കരുതേണ്ടെന്നും പാണ്ഡെ വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ സഞ്ജയ് സിങില്‍ നിന്നും നേരിട്ട് പരാതിയൊന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.