കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. മഹാരാജാസിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും അതിന് ശേഷവും മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം വനിതാ പ്രവര്‍ത്തകരിലേക്കും വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതിനിടെ കൊലയാളി സംഘത്തിലെ ഒരാളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി റിഫ കൃത്യത്തില്‍ പങ്കെടുത്തതായാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസിലെ ഒന്നാം പ്രതിയും ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡണ്ടുമായ മുഹമ്മദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.