കല്‍പകഞ്ചേരി: കാറും ജെ.സി. ബിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടു വയസ്സുകാരിയെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അനന്താവൂര്‍ ചേരുരാലിലെ ചെറിയാം പുറത്ത് ഹസന്‍ മൗലവി(60), ഭാര്യ ആയിശ(55), മരുമകള്‍ ഫാത്തിമ സുഹ്‌റ(24) എന്നിവരാണ് മരിച്ചത്. ഫാത്തിമ സുഹ്‌റയുടെ മകള്‍ റിസാ ഫാത്തിമ(രണ്ട്) ആണ് ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 8.20ന് പുത്തനത്താണി കുട്ടികളത്താണിയിലാണ് അപകടം.

ഹസന്‍ മൗലവിയും കുടുംബവും പുത്തനത്താണി ഭാഗത്തുനിന്നും വീട്ടിലേക്ക് വരുമ്പോള്‍ എതിരെ വന്ന ജെ.സി.ബിയുമായി കൂട്ടിയിടിച്ചാണ് അപകടം. ആയിശയും ഫാത്തിമ സുഹ്‌റയും സംഭവസ്ഥലത്തും ഹസന്‍ മൗലവി കോട്ടക്കലിലെ സ്വകാര്യ ആസ്പത്രിയിലുമാണ് മരിച്ചത്. പേരമകള്‍ റിസയെ ആസ്പത്രിയില്‍ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇവരെ കാറിനുള്ളില്‍ നിന്നും പുറത്തെടുത്തത്. ഒമാനിലുള്ള അബ്ദുല്‍റഷീദിന്റെ ഭാര്യയാണ് മരിച്ച സുഹ്‌റ. മറ്റു മക്കള്‍: ആരിഫ, ആബിദ.