കൂത്താട്ടുകുളം: കൂത്താട്ടുകുളം പുതുവേലിയില്‍ സ്‌കൂള്‍ വാഹനം മതിലില്‍ ഇടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് മരണം. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നയന ദിലീപ്(7), ആന്‍മരിയ ഷിജി(7) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ജോസ് ജേക്കബ്ബും അപകടത്തില്‍ മരണപ്പെട്ടു.

രാവിലെ എട്ടേകാലോടെയാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനിടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. കുട്ടികളെ കൊണ്ടുപോയിരുന്ന ജീപ്പില്‍ 15കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുകുട്ടികളും ഡ്രൈവറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെ കൂത്താട്ടുകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. പരിശോധനകള്‍ നടത്തിവരികയാണ്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സ്‌കൂളിലേക്ക് എത്തിച്ചേരുന്നത് വൈകിയതിനെതുടര്‍ന്ന് അമിതേവഗതയില്‍ വണ്ടിയോടിച്ചതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.