തിരുവനന്തപുരം: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് അബി പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും താരം പറഞ്ഞു.
എന്നെ പൊലീസ് ചോദ്യംചെയ്തു എന്നു പറയുന്നത് കല്ലുവെച്ച നുണയാണ്. പൊലീസിന് ചോദ്യം ചെയ്യണമെങ്കില്‍ അത് എപ്പോഴേ ആകാമായിരുന്നു. എന്നെ ഫോണില്‍ പോലും ആരും വിളിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൂടുതല്‍ വിവരങ്ങള്‍ അറിവില്ല. സംഭവത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. നടി മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് തന്റെ അമ്മാവന്റെ മകളെ വിവാഹം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ആദ്യകാല സുഹൃത്തും സഹപ്രവര്‍ത്തകനുമെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അബി വ്യക്തമാക്കി. ഈ വിവാഹത്തില്‍ താന്‍ സാക്ഷിയായിട്ടില്ലെന്നും അബി വ്യക്തമാക്കി.
ആദ്യകാല മിമിക്രിവേദികളില്‍ ദിലീപിനും നാദിര്‍ഷാക്കുമൊപ്പം താന്‍ സജീവമായിരുന്നു എന്നതിനാലാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. അവര്‍ തന്റെ ട്രൂപ്പില്‍ കഴിച്ചിരുന്നപ്പോഴും പ്രൊഫഷണല്‍ ബന്ധം മാത്രമാണുണ്ടായിരുന്നത്. തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും അബി പറഞ്ഞു.