kerala
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് (90) അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം. മുടവൻമുകളിലെ ‘ഹിൽവ്യൂ’ വീട്ടിൽ ബുധനാഴ്ച രാവിലെ എത്തിച്ച മൃതദേഹം കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി രാവിലെ മുതൽ തന്നെ വൻ തിരക്കായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.
കല, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ദുഃഖം ഉള്ളിലൊതുക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നിൽക്കുന്ന ദൃശ്യങ്ങൾ ഏവരെയും വേദനിപ്പിച്ചു. അന്ത്യകർമങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മൃതദേഹം എത്തിച്ചതിന് പിന്നാലെ ഭാര്യ സുചിത്രയും മകൾ വിസ്മയയും എത്തി. രാവിലെ 11 മണിയോടെയാണ് മകനും നടനുമായ പ്രണവ് മോഹൻലാൽ എത്തിയത്.
രാവിലെ മുതൽ പൂജപ്പുര–മുടവൻമുകൾ റോഡിലും പരിസരങ്ങളിലും ഗതാഗതത്തിരക്കുണ്ടായി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി (ഭാര്യ രാധികയോടൊപ്പം), മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ്, വി. അബ്ദുറഹ്മാൻ, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, ഡി.ജി.പി റവഡ ചന്ദ്രശേഖർ, നടൻ ജയറാം (മക്കളായ കാളിദാസ്, മാളവികയോടൊപ്പം), എം.പിമാരായ എ.എ. റഹീം, കെ. സുധാകരൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ഗോകുലം ഗോപാലൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
സംവിധായകരായ പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണൻ, രഞ്ജിത്, രാജസേനൻ, സുരേഷ് ബാബു, ഗായകൻ എം.ജി. ശ്രീകുമാർ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.എൽ.എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, അഭിനേതാക്കളായ ജഗദീഷ്, മേജർ രവി, കാർത്തിക, ഗോകുൽ സുരേഷ്, മേനക സുരേഷ്, മല്ലിക സുകുമാരൻ, നഗരസഭാംഗങ്ങളായ ആർ. ശ്രീലേഖ, കെ.എസ്. ശബരീനാഥൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ മോഹൻലാലും ബന്ധുക്കളും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു. നാല് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ശവമഞ്ചത്തിന്റെ വലത് വശത്ത് മോഹൻലാലും ഇടത് വശത്ത് പ്രണവും ചുമന്നു. വീടിന് പിന്നിൽ ഒരുക്കിയ ചിതയ്ക്ക് മോഹൻലാൽ തീ കൊളുത്തി.
kerala
പക്ഷിപ്പനി; ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ നീക്കി; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാം
ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.
ആലപ്പുഴ: പക്ഷിപ്പനി പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇതോടെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാനും കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാനും അനുമതി നല്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.
കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണുനശീകരണം പൂര്‍ത്തിയായതായും പുതുതായി പക്ഷിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ട സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എഫ്എസ്എസ്എഐയുടെ നടപടി മുന്‍കൂര്‍ മുന്നറിയിപ്പ് ഇല്ലാതെയായിരുന്നുവെന്നാണ് ഹോട്ടലുടമകളുടെ ആരോപണം. നിലവില്‍ ജില്ലയില്‍ താറാവുകളില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ആലപ്പുഴയില്‍ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കിയതായും കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ജില്ലാഭരണകൂടം വ്യക്തമാക്കി.
kerala
കോഴിക്കോട് ബൈപാസ് ടോൾ പിരിവ് വൈകും
2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ടോൾ പിരിവ് ആരംഭിക്കുന്നത് വൈകും. 2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടൊപ്പം ടോൾ പിരിക്കാനുള്ള ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ട്രയൽ റൺ പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കുകയുള്ളുവെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു.
kerala
കാസര്‍ഗോഡ് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റില്‍
ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മദ്യലഹരിയിലായിരുന്ന രവീന്ദ്രന് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണം തടയാന്‍ എത്തിയ ഒരു ബന്ധുവിനെയും ഇയാള്‍ ആക്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala23 hours agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
india2 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
